ചെറിയ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനരംഗത്തേക്ക് കടന്നുവരുന്ന ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
ഇപ്പോള്‍ കല്യാണി പ്രിയദര്‍ശന്‍ ഹൃദയത്തിലെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഫ്‌ളാഷ് മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് കല്യാണിയെ കുറിച്ചും ഹൃദയത്തെ കുറിച്ചും മനസ് തുറന്നത്.
കല്യാണിയെ കുട്ടിക്കാലം തൊട്ടേ അറിയാമെന്നാണ് വിനീത് പറയുന്നത്. ഹൃദയത്തിലെ കഥാപാത്രത്തിന് ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന മുഖം വേണമെന്നുണ്ടായിരുന്നെന്നും അങ്ങനെയാണ് കല്യാണിയിലേക്കെത്തിയതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘കല്യാണിയെ കുട്ടിക്കാലം തൊട്ടേ അറിയാം. പ്രിയനങ്കിള്‍ പണ്ട് ചെന്നൈയിലെ ഹഡോസ് റോഡിലുള്ള വന്ദനാ ടവേഴ്‌സ് എന്ന ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സമയത്ത് അച്ഛനും അതേ ബില്‍ഡിങ്ങില്‍ ഒരു ഫ്‌ളാറ്റ് ഉണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാന്‍ കല്യാണിയെ കുറെ പ്രാവശ്യം കണ്ടിട്ടുണ്ട്. അവള്‍ കുട്ടിയായിരുന്നപ്പോള്‍ എടുത്ത് നടന്നിട്ടുണ്ട്.
ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന മുഖമുള്ള ഒരാളാകണം സിനിമയില്‍ വേണ്ടതെന്ന നിര്‍ബന്ധമാണ് കല്യാണിയിലെത്തിച്ചത്. വേറെ ഒരു ഓപ്ഷനും ഞാന്‍ ആലോചിച്ചിട്ടില്ല.
2019ല്‍ ഞാന്‍ കാണുന്ന സമയത്ത് കല്യാണി മലയാള സിനിമകളൊന്നും ചെയ്തിട്ടില്ല. കല്യാണിയുടെ ഒരു തെലുങ്ക് സിനിമയും മറ്റൊരു സിനിമയിലെ പാട്ടുകളുമേ ഞാന്‍ കണ്ടിട്ടുള്ളു. മലയാളികള്‍ക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന ഒരു മുഖമുണ്ട് കല്യാണിക്ക്,’ വിനിത് ശ്രീനിവാസന്‍ പറഞ്ഞു.
ഹൃദയം സിനിമയുടെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വലിയ ശ്രദ്ധ നേടിയിരുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഹൃദയമെന്നും ചിത്രത്തില്‍ പതിനഞ്ച് പാട്ടുകളുണ്ടെന്നും വിനീത് നേരത്തെ പറഞ്ഞിരുന്നു. ഹേഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor and director Vineeth Sreenivasan about Kalyani Priyadarshan and Hrdayam movie