| Wednesday, 1st September 2021, 1:01 pm

നിവിന്‍ പോളിയോട് ഒരു കഥ പറയാന്‍ പോയപ്പോള്‍ പിടിച്ച് അഭിനയിപ്പിച്ചതാണ്; കേട്ട കഥകളെല്ലാം സത്യമാണെന്നും ശ്രീകാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ അഭിനയരംഗത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന വ്യക്തിയാണ് സംവിധായകന്‍ ശ്രീകാന്ത് മുരളി. 2016ലിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവില്‍ അഡ്വ. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകാന്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം.

നിവിന്‍ പോളിയോട് ഒരു സിനിമയുടെ കഥ പറയാന്‍ പോയപ്പോള്‍ തന്നെ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നുവെന്നാണ് ശ്രീകാന്ത് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘വിനീത് ശ്രീനിവാസനോട് പല കഥകള്‍ പറയാറുണ്ടായിരുന്നു. ഒരു കഥ വിനീതിന് വളരെ ഇഷ്ടമായി. ഒരു ദിവസം എന്നെ വിളിച്ച് ആ കഥയെ കുറിച്ച് നിവിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കാനും പറഞ്ഞു.

അങ്ങനെ സിനിമാസെറ്റിലേക്ക് ചെന്നു. സന്ധ്യസമയമായിട്ടുണ്ടായിരുന്നു. എങ്കിലും ലൈറ്റിങ്ങൊക്കെ നടത്തി പകല്‍വെളിച്ചത്തില്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു. അവിടെ വെച്ച് എന്നെ അഡ്വക്കറ്റിന്റെ വേഷത്തില്‍ അഭിനയിപ്പിച്ചു,’ ശ്രീകാന്ത് പറയുന്നു.

ഒരു ദിവസം പെട്ടെന്ന് സിനിമയില്‍ അഭിനയിക്കാന്‍ പറയുമ്പോള്‍ അതങ്ങനെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുമോയെന്ന ചോദ്യത്തിനും ശ്രീകാന്ത് മറുപടി നല്‍കുന്നുണ്ട്. സിനിമയില്‍ എന്തെങ്കിലുമാകണമെന്നും ആ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിച്ച് വര്‍ഷങ്ങളോളം അവിടെ ജോലി ചെയ്തുവരുന്ന തന്നെ പോലുള്ളവര്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരിക്കുമെന്നും ശ്രീകാന്ത് പറയുന്നത്.

പതിനാറാം വയസില്‍ സംവിധാകന്‍ കെ.ജി ജോര്‍ജിനൊപ്പം ജോലി ചെയ്യാന്‍ തുടങ്ങിയ കാലം മുതലുള്ള അനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

‘ജോര്‍ജ് സാറിനോട് വര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞു, അദ്ദേഹം സമ്മതിച്ചു. ആ സിനിമയില്‍ ബസിലിരുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ബാക്കി സമയം ജോര്‍ജ് സാറിന്റെയും ക്യാമറമാന്‍ വേണുവിന്റെയും പിന്നില്‍ ഞാനുണ്ടായിരുന്നു. ഞാനിപ്പോള്‍ ഇത് പറയുമ്പോഴായിരിക്കും അവര്‍ ഇതെല്ലാം ഓര്‍ക്കുന്നത്. ആ ഒരു അവസരം വെച്ച് അറിയാന്‍ സാധിക്കുന്ന കാര്യങ്ങളെല്ലാം അന്ന് പഠിച്ചു.

പിന്നീട് കവിയൂര്‍ ശിവപ്രസാദ് ചെയ്തിരുന്ന സീരിയലുകളിലും ഡോക്യുമെന്ററികളിലും അസിസ്റ്റ് ചെയ്തു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷിച്ചു. പക്ഷെ സെലക്ഷന്‍ കിട്ടിയില്ല.

ഷോര്‍ട് ഫിലിംസും ഡോക്യുമെന്ററികളുമെല്ലാം ചെയ്ത ശേഷം മദ്രാസില്‍ പോയി. അവിടെ എം.ജി ശ്രീകുമാര്‍ വഴി പ്രിയദര്‍ശന്റെ അടുത്തെത്തി. അങ്ങനെ വലിയൊരു യാത്ര നടന്നിട്ടുണ്ട്. അതിന്റെ അവസാന റിസല്‍ട്ടാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന് എതിരായി ഇരുന്ന് ഞാന്‍ അഭിനയിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്,’ ശ്രീകാന്ത് പറഞ്ഞു.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍, കല്‍ക്കി, ലൂക്ക, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രീകാന്ത് അഭിനയിച്ചു. ചതുര്‍മുഖം, ഹോം എന്നിവയാണ് അവസാനമിറങ്ങിയ ചിത്രങ്ങള്‍.

ആര്‍ട്ടിക്കിള്‍ 19(1)(A), ഒറ്റക്കൊമ്പന്‍, മൂണ്‍ വോക്ക്, ബെര്‍മുഡ എന്നീ ചിത്രങ്ങളാണ് റിലീസിനുള്ളത്. 2017ല്‍ വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എബി എന്ന ചിത്രവും ശ്രീകാന്ത് സംവിധാനം ചെയ്തിരുന്നു. ഇന്ദ്രജിത്ത് നായകനായെത്തുന്ന പുതിയ ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor and director Sriknath Murali about Nivin Pauly

We use cookies to give you the best possible experience. Learn more