ചെന്നൈ: നടന്‍ അജിത്തിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1999 ല്‍ റിലീസ് ചെയ്ത വാലി. എസ്.ജെ സൂര്യ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു വാലി.
ഇതിനിടെ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റൈറ്റ് സ്വന്തമാക്കിയത്.
എന്നാല്‍ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകനും നടനുമായ എസ്.ജെ. സൂര്യ. നേരത്തെ ബോണികപൂറിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നിരുന്നു.
ഇതിനെതിരെയാണ് എസ്.ജെ. സൂര്യ അപ്പീലുമായി കോടതിയെ സമീപിക്കുന്നത്. എസ്.ജെ. സൂര്യയ്ക്ക് അജിത്തിനെ തന്നെ നായകനാക്കി ഹിന്ദിയിലേക്ക് ചിത്രം സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇനി അജിത്തിന് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം നായകനാവാനും താല്‍പ്പര്യമുണ്ടെന്നും സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതുകൊണ്ടാണ് ചിത്രം റീമേക്ക് ചെയ്യുന്നതില്‍ നിന്ന് ബോണി കപൂറിനെ തടയാന്‍ അദ്ദേഹം കേസ് ഫയല്‍ ചെയ്തത്. കേസ് തുടരുമ്പോള്‍ തന്നെ, നിര്‍മ്മാതാവിന് തന്റെ ഹിന്ദി റീമേക്കിന്റെ ജോലികള്‍ ആരംഭിക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി അടുത്തിടെ പ്രത്യേക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെയാണ് എസ്.ജെ. സൂര്യ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
ആരണ്യകാണ്ഡത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ ഫയല്‍ ചെയ്ത കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ പോകുന്നത്.
നിര്‍മ്മാതാവിന് സിനിമയുടെ ഡബ്ബ് ചെയ്യാനുള്ള അവകാശം ഉണ്ടെന്നും, റീമേക്ക് അവകാശം തിരക്കഥാകൃത്തിനാണെന്നും, നിര്‍മ്മാതാവിന് അവകാശം നല്‍കിക്കൊണ്ട് എഴുത്തുകാരന്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍, തിരക്കഥാകൃത്തിന്റെ അനുവാദം റീമേക്കിന് വാങ്ങണമെന്നുമായിരുന്നു കോടതി വിധി.