| Wednesday, 29th March 2023, 6:47 pm

രഞ്ജി പണിക്കര്‍ക്ക് ഫിയോക്കിന്റെ വിലക്ക്; ഒരു സിനിമയും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ സംഘടന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കര്‍ പങ്കാളി ആയിട്ടുളള വിതരണ കമ്പനി പല പ്രൊജക്ടുകളിലും കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.

കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി തിയേറ്റര്‍ ഉടമകള്‍ സഹകരിക്കില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചിരിക്കുന്നത്. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ല. സംഭവത്തില്‍ രഞ്ജി പണിക്കര്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം നടന്‍ ദുല്‍ഖര്‍ സല്‍മാനെയും ഫിയോക് വിലക്കിയിരുന്നു. ദുല്‍ഖറിന്റെ സല്യൂട്ട് എന്ന ചിത്രം ഒടിടി റിലീസ് ചെയ്യാനുളള തീരുമാനത്തെ തുടര്‍ന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ വിലക്ക്.

ദുല്‍ഖറുമായും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുമായും സഹകരിക്കില്ലെന്ന് ഫിയോക് തീരുമാനമെടുത്തു. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേ ഫെയറര്‍ ഫിലിംസ് ആണ് സല്യൂട്ട് എന്ന ചിത്രം നിര്‍മിച്ചത്.

തിയേറ്റര്‍ റിലീസ് ചെയ്യുമെന്ന കരാര്‍ ലംഘിച്ച് ഒ.ടി.ടിക്ക് നല്‍കുന്നു എന്ന് ആരോപിച്ചായിരുന്നു ഫിയോക്കിന്റെ വിലക്ക്. എന്നാല്‍ ദുല്‍ഖറിന്റെ ഓഫീസ് നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് ഫിയോക് വിലക്ക് പിന്‍വലിച്ചു. 2017ല്‍ ദിലീപിന്റെ നേതൃത്വത്തിലാണ് തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന ആരംഭിച്ചത്.

content highlight: Actor and director Ranji Panickare has been banned by the theater owners’ association Feouk

Latest Stories

We use cookies to give you the best possible experience. Learn more