| Sunday, 7th March 2021, 5:58 pm

മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്, അയാളെ മാറ്റി രക്ഷപ്പെടാന്‍ നോക്കെന്ന് എല്ലാ സുഹൃത്തുക്കളും പറഞ്ഞു, പക്ഷെ പടം വന്നപ്പോള്‍ അവര്‍ ഞെട്ടി: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായ റാംജിറാവു സ്പീക്കിംഗിലേക്ക് അഭിനേതാക്കളെ തീരുമാനിച്ച അനുഭവങ്ങള്‍ തുറന്നുപറയുകാണ് സംവിധായകനും നടനുമായി ലാല്‍. ചിത്രത്തിലേക്ക് മുകേഷിനെ കാസ്റ്റ് ചെയ്തപ്പോള്‍ എല്ലാവരും എതിര്‍ത്തുവെന്നും മുകേഷിന് പകരം മറ്റാരെയെങ്കിലും വെച്ച് രക്ഷപ്പെടാന്‍ നോക്കെന്നാണ് പറഞ്ഞതെന്നും ലാല്‍ പറയുന്നു.

‘ മുകേഷിന്റെ കാര്യത്തില്‍ ഫാസില്‍ സാര്‍ എതിരൊന്നും പറഞ്ഞില്ല. പക്ഷേ എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വച്ച് സിനിമ ചെയ്യുന്നതിനോടു യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്, മുകേഷിനൊക്കെ എന്തു മാര്‍ക്കറ്റ്, അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപെടാന്‍ നോക്ക്.

ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷെ ഞങ്ങളുടെ മനസ്സില്‍ മുകേഷായിരുന്നു എന്നും. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്നു വേണ്ടെന്നു പറഞ്ഞവരോക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷ്,’ ലാല്‍ പറയുന്നു.

പുതിയ ചിത്രമായ സുനാമിയുടെ ഭാഗമായി മനോരമക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ റാംജിറാവുവിനെ കുറിച്ച് സംസാരിച്ചത്. മുകേഷും അഭിമുഖത്തിലുണ്ടായിരുന്നു.

റാംജിറാവുവിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നുവെന്നും പക്ഷെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ സംവിധായകന്‍ ഫാസിലാണ് പുതിയ ആളുകളെ കൊണ്ടുവരാന്‍ പറഞ്ഞതെന്നും ലാല്‍ പറഞ്ഞു. റിസ്‌കിനെ കുറിച്ചോര്‍ത്ത് പേടിക്കേണ്ടെന്ന് പറഞ്ഞ് ധൈര്യം നല്‍കിയത് അദ്ദേഹമായിരുന്നെന്നും ലാല്‍ പറയുന്നു.

‘റാംജിറാവു സിനിമയില്‍ ആദ്യം മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ പോകാം എന്നാണ് ഞങ്ങള്‍ ആദ്യം തീരുമാനിച്ചത്. മോഹന്‍ലാല്‍ നല്ല നടനാണ്, സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോടു പുതിയ ആളെ കൊണ്ടുവരാനാണ് പറഞ്ഞത്. റിസ്‌ക് ഞങ്ങളുടേതല്ല നിങ്ങള്‍ പുതിയ ആളുകളെ കൊണ്ടുവാ എന്നദ്ദേഹം പറഞ്ഞു,’ ലാല്‍ പറഞ്ഞു.

1989ലാണ് റാംജിറാവു സ്പീക്കിംഗ് തിയേറ്ററുകളിലെത്തുന്നത്. മുകേഷ്, സായ്കുമാര്‍, ഇന്നസെന്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രേഖയായിരുന്നു നായിക. ചിത്രം തമിഴിലും ഹിന്ദിയിലും കന്നടയിലും തെലുങ്കിലും ഒഡിയയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Actor and Director Lal about casting Mukesh in his films

We use cookies to give you the best possible experience. Learn more