| Wednesday, 31st August 2022, 3:56 pm

ഞാനതൊരു തമാശക്ക് ചെയ്തതാണ്, ആളുകള്‍ ശ്രദ്ധിച്ചപ്പോള്‍ സന്തോഷം തോന്നി: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധാനത്തിലും അഭിനയത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്ന് തുടങ്ങി സംവിധാനം ചെയ്ത ബേസില്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ തന്റേതായ ഒരു യൂണിവേഴ്‌സ് ബേസില്‍ കെട്ടിപ്പടുത്തിട്ടുണ്ട്. അതൊക്കെ ആദ്യം തമാശക്ക് ചെയ്തതാണെന്നും ആളുകള്‍ ശ്രദ്ധിക്കുമെന്ന് കരുതിയില്ലെന്നും പറയുകയാണ് ബേസില്‍ ജോസഫ്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിനെ കുറിച്ച് ബേസില്‍ മനസ്സു തുറക്കുന്നത്.

യൂണിവേഴ്‌സ് വച്ച് മാത്രമേ സിനിമ ചെയ്യൂവെന്നൊന്ന് ഇല്ലെന്നും ബേസില്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ഞാനൊരു തമാശക്ക് ചെയ്തതാണ് അതൊക്കെ. ആളുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഒന്നുകൂടി സന്തോഷമായി. ശ്രദ്ധിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല.

ഒരു റുട്ടീന്‍ പ്രോസസിനപ്പുറത്തേക്ക് സിനിമയെടുക്കുക എന്ന് പറയുന്നതില്‍ ഒരു സുഖമുണ്ട്. ഇങ്ങനെ ചില കൃസൃതികളൊക്കെ ചെയ്യുമ്പോഴാണ് പരിപാടി കുറച്ചുകൂടി ലൈവ് ആകുന്നത്.

അങ്ങനെയൊരു യൂണിവേഴ്‌സ് ഉണ്ടെങ്കില്‍ മാത്രമേ സിനിമ ചെയ്യൂ എന്നൊന്നും ഇല്ല. അങ്ങനെയല്ലാത്ത സിനിമകള്‍ വന്നാല്‍ അതും ചെയ്യും.

ഇപ്പോള്‍ ചെയ്ത മൂന്ന് സിനിമക്കും ഒരു ഇമാജിനറി ഗ്രാമവും കുറച്ച് ഫാന്റസിയും ഒക്കെ ഉള്ളതുകൊണ്ട് ഇതെല്ലാം കൃത്യമായി കോര്‍ത്തിണക്കാനുള്ള ഒരു അവസരമുണ്ടായിരുന്നു. എന്ന് വച്ച് അത് പറ്റിയില്ലെന്ന് വച്ച് സിനിമ ചെയ്യാതിരിക്കില്ല,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.

നവാഗതനായ സംഗീത് പി. രാജനാണ് പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ നായകനായെത്തുന്ന ചിത്രം കൂടിയാണ് പാല്‍തു ജാന്‍വര്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഓണത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം മഷര്‍ ഹംസ, മെയ്ക്ക് അപ്പ് റോണക്സ് സേവ്യര്‍, എഡിറ്റര്‍ ചമന്‍ ചാക്കോ, സൗണ്ട് നിതിന്‍ ലൂക്കോസ്

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ സംഗീത് പി. രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: actor and director Basil joseph opens up about  basil joseph universe

We use cookies to give you the best possible experience. Learn more