| Monday, 5th June 2023, 9:13 pm

ചെണ്ടമേളം കാണാന്‍ വന്ന അറബിയെക്കൊണ്ട് ഞാനൊരു പരിപാടി ഉദ്ഘാടനം ചെയ്യിപ്പിച്ചു: മിഥുന്‍ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗസ്റ്റായിട്ട് പോയ പരിപാടികളില്‍ തനിക്ക് പറ്റിയ അമളികള്‍ പങ്കുവെക്കുകയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ്. ദുബായില്‍ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് പോയപ്പോള്‍ ചെണ്ടമേളം കാണാന്‍ വന്ന അറബിയെക്കൊണ്ട് താനൊരു പരിപാടി ഉദ്ഘാടനം ചെയ്യിപ്പിച്ചുവെന്ന് മിഥുന്‍ പറഞ്ഞു. മറ്റൊരു രസകരമായ അനുഭവം കൂടി മിഥുന്‍ പങ്കുവെച്ചു.

ഒരു സമ്മാനദാന പരിപാടിക്ക് ഗസ്റ്റായിട്ട് പോയപ്പോള്‍ സമ്മാനം നല്‍കാന്‍ മറന്നുപോയെന്നും ആശംസപ്രസംഗം കഴിഞ്ഞ് താനിറങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദുബായിലൊക്കെ ഉദ്ഘാടന പരിപാടിയില്‍ ഏതെങ്കിലും അറബിയെക്കണ്ടാല്‍ സാധാരണഗതിയില്‍ നമ്മളൊക്കെ വിചാരിച്ച് പോകും സ്‌പോണ്‍സറോ അങ്ങനെയാരെങ്കിലുമൊക്കെ ആയിരിക്കുമെന്ന്. അവിടെയൊക്കെ മിക്ക ഉദ്ഘാടന പരിപാടിയിലും ഒരു അറബിയെ കാണാവുന്നതാണ്.

ഞാനൊരിക്കലൊരു റസ്റ്റോറന്റ് ഉദ്ഘാടനത്തിന് പോയപ്പോള്‍ അവിടെയൊരു അറബിയെ കണ്ടു. ഞാനദ്ദേഹത്തെ ഉദ്ഘാടനത്തിനായി നാട മുറിക്കാന്‍ ക്ഷണിച്ചു.

ഉദ്ഘാടന പരിപാടിയൊക്കെ കഴിഞ്ഞ് പരിപാടിയുടെ കോഡിനേറ്റേര്‍സ് എന്നോട് ചോദിച്ചു, അതേതാണ് അറബി? ചേട്ടന്‍ കൊണ്ടുവന്നതാണോയെന്ന്. ഞാന്‍ പറഞ്ഞു അല്ലെന്ന്. അപ്പോളവര്‍ പറഞ്ഞു, ഞാന്‍ നാട മുറിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഏതോ പ്രധാനപ്പെട്ട ആളാണെന്ന്. പിന്നെയാണറിഞ്ഞത് അവിടെയുള്ള ചെണ്ടമേളം കണ്ട് വീഡിയോ എടുക്കാന്‍ വന്ന അറബിയാണതെന്ന്.

ഞാന്‍ ഗസ്റ്റായിട്ട് പോയി കുറേ പരിപാടിയില്‍ ചമ്മിപ്പോയിട്ടുണ്ട്. ഒരിക്കല്‍ ഒരു സമ്മാനദാന പരിപാടിക്ക് ഞാന്‍ ഗസ്റ്റായിട്ട് പോയിരുന്നു. ഒരുപാട് പ്രമുഖരായിട്ടുള്ളയാളുകള്‍ പങ്കെടുക്കുന്ന പരിപാടിയായിരുന്നു അത്.

എല്ലാവരും സമ്മാനദാനം ചെയ്തു. പക്ഷേ എന്നോട് സമ്മാനദാനം ചെയ്യാന്‍ മറന്നുപോയി. ആശംസപ്രസംഗം കഴിഞ്ഞ് ഞാനിറങ്ങിപ്പോയി. ഞാനാകെ ചമ്മിപ്പോയിരുന്നു. മലയാളികള്‍ കുറവായിരുന്നു ആ പരിപാടിയില്‍. കൂടുതലും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളയാളുകളായിരുന്നു പങ്കെടുത്തത്, ‘ മിഥുന്‍ പറഞ്ഞു.

നടനായി വര്‍ഷങ്ങളോളം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചയാളാണ് മിഥുന്‍ രമേശ്. എന്നാല്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ കോമഡി ഉത്സവമെന്ന പ്രോഗ്രാം അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം കൂടുതല്‍ ജനപ്രീതി നേടിയെടുത്തത്. മെയ്ഡ് ഇന്‍ കാരവാന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ സിനിമകളിലാണ് മിഥുന്‍ അവസാനമായ് അഭിനയിച്ചത്.


Content Highlights: Actor and Anchor Mithun Ramesh about his inauguration experiences

We use cookies to give you the best possible experience. Learn more