| Monday, 21st November 2022, 6:47 pm

എനിക്കും മമ്മൂക്കക്കുമൊക്കെ സിനിമയോട് ആക്രാന്തമാണ്; പക്ഷെ ഞാനിപ്പോഴും സ്ട്രഗ്‌ളിങ് സ്‌റ്റേജിലാണ്: ആനന്ദ് മന്മദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷോര്‍ട് ഫിലിമുകളിലൂടെയും സീരിസുകളിലൂടെയും ശ്രദ്ധ നേടി ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങിവരുന്ന നടനാണ് ആനന്ദ് മന്മദന്‍. ജയ ജയ ജയ ജയ ഹേ എന്ന സിനിമയില്‍ ദര്‍ശന അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്റെ സഹോദരന്‍ സന്തോഷായി മികച്ച പ്രകടനമാണ് ആനന്ദ് നടത്തിയത്.

‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ ‘1744 വൈറ്റ് ആള്‍ട്ടോ’ എന്ന സിനിമയിലും ആനന്ദ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ കീടം എന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലും താരം എത്തിയിരുന്നു.

സിനിമയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആനന്ദ്. മമ്മൂട്ടിക്കും തനിക്കും സിനിമയോട് ഒരുപോലെ ആക്രാന്തമാണെന്നാണ് തമാശരൂപേണ ആനന്ദ് പറയുന്നത്. തന്റെ കരിയറിലെ ആദ്യത്തെ ഹിറ്റാണ് ജയഹേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സിനിമയോടുള്ള സ്‌നേഹം ഇപ്പോഴും എപ്പോഴുമുണ്ട്. എനിക്കും മമ്മൂക്കക്കുമൊക്കെ സിനിമയോട് ആക്രാന്തമാണ്. (ചിരി)

സിനിമ എന്ന് പറയുന്നത് അത്രയും ആഗ്രഹിച്ച ഒരു കാര്യമാണ്. എപ്പോഴും അതിന്റെ പിറകെ തന്നെയായിരുന്നു. എത്ര കിട്ടിയാലും അടുത്തത് എന്ത് എന്ന് നോക്കിക്കൊണ്ടിരിക്കുകയേ ഉള്ളൂ.

ഇപ്പോഴും ഞാന്‍ ഒരു നിലയില്‍ എത്തിയിട്ടില്ല. സ്ട്രഗ്‌ളിങ് പിരീഡില്‍ തന്നെയാണ് ഞാനുള്ളത്. നല്ല കുറച്ച് കഥാപാത്രങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി വന്നിട്ടുണ്ട്. ജയ ഹേ നന്നായി പോകുന്നുണ്ട്.

ഞാന്‍ സിനിമയിലെത്തിയിട്ട് ആറേഴ് വര്‍ഷമായി, എന്റെ ആദ്യത്തെ ഹിറ്റാണ് ജയ ഹേ, ഞാന്‍ അഭിനയിച്ചതില്‍ ആദ്യത്തെ ഹിറ്റ് സിനിമ. അതില്‍ വലിയ സന്തോഷമുണ്ട്.

പിന്നെ ഇപ്പോള്‍ വൈറ്റ് ആള്‍ട്ടോയും. ഇതും അടുത്ത ഹിറ്റാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു,” ആനന്ദ് മന്മദന്‍ പറഞ്ഞു.

അതേസമയം 1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18നായിരുന്നു തിയേറ്ററുകളിലെത്തിയത്. ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ്, ആര്‍.ജെ. നില്‍ജ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Actor Anand Manmadhan talks about his love for Cinema, comparing with Mammootty

We use cookies to give you the best possible experience. Learn more