ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആഹാ. വടംവലി പ്രധാന പ്രമേയമാകുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകളായിരുന്നു നടത്തിയത്.
ഷൂട്ടിങ് സമയത്തെ വടംവലിച്ചതിന്റേയും പരിശീലനത്തിന്റേയും അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് അമിത് ചക്കാലക്കല്‍. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് ആഹാ ടീം നല്‍കിയ അഭിമുഖത്തിനിടയിലാണ് അമിത് ചക്കാലക്കല്‍ വടംവലി പഠിച്ചതിന് പിന്നിലെ കാഠിന്യങ്ങള്‍ പങ്കുവെച്ചത്.
‘ഇതിന് മുന്‍പ് സ്‌കൂളില്‍ വടം വലിച്ചിട്ടുണ്ട്. ബിബിന്‍ ചേട്ടന്‍ കഥ പറഞ്ഞപ്പോള്‍ നേരെ നിന്ന് വലിക്കാമെന്ന ചിന്തയായിരുന്നു മനസില്‍. നമ്മള്‍ പൊസിഷനില്‍ നില്‍ക്കുന്നു എടുക്കുന്നു കട്ട്. അങ്ങനെയൊക്കെ വിചാരിച്ച് ഷൂട്ടിന് ചെന്നപ്പോള്‍ ഓപ്പോസിറ്റ് ഒറിജിനല്‍ വടംവലി ടീമാണ്.
അവര്‍ ഗെയിമിന്റെ പാഷനുമായിട്ടാണ് നില്‍ക്കുന്നത്. സിനിമയില്‍ തമാശകളിയായി അവര്‍ക്ക് തോന്നരുത്. അതുകൊണ്ട് വലിയൊക്കെ കറക്ടായിട്ട് വലിപ്പിച്ചാണ് എടുത്തത്. പരിപ്പും പയറുമൊക്കെ തുപ്പി. ക്യാമറ അടുത്ത് വരുമ്പോള്‍ ഞങ്ങള്‍ സീരിയസാവും. ഡയറക്ടര്‍ അങ്ങ് മാറി കഴിയുമ്പോള്‍ എന്തുവാടാ ഇതെന്ന് ഞങ്ങള്‍ പരസ്പരം പറയും.
ചിലര്‍ കള്ളവലി വലിക്കും. പക്ഷേ അതൊക്കെ വടത്തിലറിയാം. എല്ലാവരേയും പിഴിഞ്ഞങ്ങ് അഭിനയിപ്പിക്കുവായിരുന്നു. ഓരോ വലിയുടെയും വേദനയും ചങ്കിടിപ്പും ചോരയും നീരുമെടുത്താണ് ഓരോരുത്തരും ഈ പടം ചെയ്തത്’ അമിത് പറഞ്ഞു.
സിനിമയില്‍ ഇന്ദ്രജിത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാന്തി ബാലകൃഷ്ണനാണ് ചിത്രത്തിലെ നായിക. സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്. മനോജ് കെ ജയന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരാണ് മറ്റ് കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോബിത് ചിറയത് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ സയനോര ഫിലിപ്പാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: actor Amith Chakalakkal talks about Aaha movie experience