' വാരിക്കുഴിയിലെ വിന്‍സെന്റ് കൊമ്പനയില്‍ നിന്ന് യുവത്തിലെ അഭിഭാഷകനാവുമ്പോള്‍'; അമിത് ചക്കാലക്കല്‍ സംസാരിക്കുന്നു
Entertainment
' വാരിക്കുഴിയിലെ വിന്‍സെന്റ് കൊമ്പനയില്‍ നിന്ന് യുവത്തിലെ അഭിഭാഷകനാവുമ്പോള്‍'; അമിത് ചക്കാലക്കല്‍ സംസാരിക്കുന്നു
കവിത രേണുക
Saturday, 13th February 2021, 9:33 am

യുവതാരം അമിത് ചക്കാലക്കല്‍ നായകനായ പുതിയ ചിത്രമാണ് യുവം . വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച് ചിത്രത്തിന്റെ സംവിധാനം നവാഗതനായ പിങ്കു പീറ്ററാണ്. വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലെ ഫാദര്‍ വിന്‍സെന്റ് കൊമ്പന എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തിന് ശേഷം അഭിഭാഷകനായെത്തുകയാണ് യുവത്തില്‍ അമിത്ത് ചക്കാലക്കല്‍.

യുവത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളും ആഫ്രിക്കയില്‍ ജിബൂട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കൊറോണമൂലം ലോക്ക്ഡൗണില്‍ പെട്ടുപോയ അനുഭവങ്ങളും ഡൂള്‍ന്യൂസിനോട് പങ്കുവെക്കുകയാണ് അമിത്…

*എന്താണ് യുവം….

പൂര്‍ണമായും എന്റര്‍ടൈനിംഗ് ആയിട്ടുള്ള ഒരു ചിത്രമാണ് യുവം.  പടം കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ അതില്‍ കോമഡി വേണം എന്ന് ആഗ്രഹിക്കും, അതില്‍ ആക്ഷന്‍ വേണം എന്ന് ആഗ്രഹിക്കും അതിന്റെയുള്ളില്‍ സാമൂഹ്യ പ്രതിബദ്ധത വേണം എന്നാഗ്രഹിക്കും. ഫാമിലി സബ്ജക്ട് ആണ്. അങ്ങനെ എല്ലാം ചേര്‍ന്ന് നിങ്ങളെ പരിപൂര്‍ണമായും എന്റര്‍ടൈന്‍ ചെയ്യിക്കുന്ന സിനിമയാണ് യുവം.

*സിനിമയിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി

എല്ലാവരെയും ഒരുപോലെ എഫക്ട് ചെയ്യുന്ന ഒരു സാമൂഹ്യ പ്രശ്‌നത്തെക്കുറിച്ചാണ് പ്രധാനമായും സിനിമ സംസാരിക്കുന്നത്. കേരളത്തില്‍ ഈ കാരണം കൊണ്ട് മാത്രം നിരവധി പേര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്നും കേരളത്തില്‍ അതൊരു ഹോട്ട് ന്യൂസ് ആണ് കേരളത്തില്‍. സ്‌പോയിലര്‍ ആയി പോകരുത് എന്നുള്ളതുകൊണ്ട് തത്കാലം ഇത്രയും പറയാം.

*യുവത്തിലെ കഥാപാത്രം

സിനിമയില്‍ അഭിഭാഷകനായാണ് ഞാന്‍ എത്തുന്നത്. നമ്മുടെ നാട്ടില്‍ സമൂഹത്തിന് വേണ്ടി പോരാടുന്ന ഒരു ലീഡിംഗ് അഭിഭാഷകന്റെ ജൂനിയറായാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. ഈ ഒരു കേസ് വരുമ്പോള്‍, അത് ഏറ്റെടുക്കുന്ന ഒരാളായാണ് സിനിമയിലെത്തുന്നത്. അതായത് നാടിന്റെ ഒരു പ്രശ്‌നം ഏറ്റെടുക്കുന്ന അഭിഭാഷകന്‍.

*ഫാദര്‍ വിന്‍സന്റ് കൊമ്പനയില്‍ നിന്ന് അഭിഭാഷകനായ എബിയിലേക്കെത്തുമ്പോള്‍

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയില്‍ ഒരു പ്രദേശത്ത് നടക്കുന്ന സംഭവത്തെയാണ് അച്ചന് അഭിമുഖീകരിക്കേണ്ടി വരുന്നതെങ്കില്‍ യുവത്തിലേക്കെത്തുമ്പോള്‍ കേരളത്തെ മൊത്തം ബാധിക്കുന്ന ഒരുവലിയ വിഷയത്തെ ഏറ്റെടുക്കേണ്ട വലിയൊരു റെസ്‌പോണ്‍സിബിലിറ്റിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.

ഫാദര്‍ വിന്‍സെന്റ് കൊമ്പനയ്ക്ക് എതിരിടേണ്ടി വരുന്നത് ഒരു വ്യക്തിയെ ആണെങ്കില്‍ ഇത് വലിയൊരു വ്യവസ്ഥിതിയെയും സര്‍ക്കാരിനെയുമൊക്കെയാണ്.

അച്ചന് റൊമാന്‍സോ അച്ചന്റെതായ കുടുംബമോ അയാളുടേതായ ചുറ്റുപാടുകളോ കാണിക്കാനില്ല, അതേസമയം യുവത്തിലേക്കെത്തുമ്പോള്‍ ഏതൊരാളെയും പോലെ, അല്ലെങ്കില്‍ ഒരു യുവാവ് ഫേസ് ചെയ്യേണ്ടി വരുന്ന കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
ഇതുപോലെ സാധാരണക്കാരായ വ്യക്തികള്‍ ഇത്തരം റെസ്‌പോണ്‍സിബിലിറ്റികള്‍  ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഒപ്പം ത്യജിക്കേണ്ടതായി വരുന്ന കാര്യങ്ങള്‍ കൂടി യുവം പറഞ്ഞ് വെക്കുന്നു.

*ഫാദര്‍ വിന്‍സന്റ് കൊമ്പന/ അഭിഭാഷകന്‍; കൂടുതല്‍ ഇഷ്ടം ഏത് കഥാപത്രത്തോടാണ് തോന്നിയിട്ടുള്ളത്

വാരിക്കുഴിയിലെ കൊലപാതകത്തിലെ ഫാദര്‍ വിന്‍സന്റ് കൊമ്പനയെന്ന കഥാപാത്രം ഞാന്‍ വളരെ ഇഷ്ടത്തോടെ ചെയ്ത കഥാപാത്രമാണ്. പക്ഷെ ഒരു ഫാദറിന് ഉണ്ടായിരുന്ന കുറെ പരിമിതകള്‍ ഉണ്ട്. പക്ഷെ ഈ കഥാപാത്രത്തിലേക്ക് വരുമ്പോള്‍ ആ പരിമിതകള്‍ ഇല്ല.

ഫാദറിന്റെ ജീവിതത്തില്‍ വരാത്ത ഒരുപാട് വിഷയങ്ങള്‍ ഈ സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ചെയ്യാനുണ്ട്. അപ്പോള്‍ യുവത്തിലെ കഥാപാത്രം ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടുകൊണ്ട് ചെയ്ത കഥാപാത്രമായിരുന്നു.

*ഷൂട്ടിംഗ് എക്‌സ്പീരിയന്‍സ്

ചിത്രത്തിന്റെ സംവിധായകന്‍ പിങ്കു പീറ്റര്‍ എല്ലാം കൃത്യമായി ആസൂത്രണം ചെയ്താണ് നടപ്പിലാക്കിയത്. പരിചയ സമ്പന്നരായ അണിയറ പ്രവര്‍ത്തകരായിരുന്നു ടീമിനൊപ്പം ഉണ്ടായിരുന്നത്. അത് എഡിറ്ററായാലും, സംഗീത സംവിധായകനായാലും ക്യാമറാമാന്‍ ആയാലും ഒക്കെ അങ്ങനെ ആയിരുന്നു. അതുകൊണ്ട് എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ തന്നെ നടന്നു എന്നതാണ്.സംവിധായകന്‍ പുതിയ ഒരാളാണെങ്കിലും എല്ലാം കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആളാണ്.

യുവം കഴിഞ്ഞ് പിന്നീട് ചെയ്യുന്നത് ജിബൂട്ടി എന്ന ചിത്രമാണ് കേരളത്തിലെ ജിബൂട്ടിയുടെ ഷൂട്ടിന്റെ ഷെഡ്യൂള്‍ തീര്‍ത്ത് നമ്മള്‍ ആഫ്രിക്കയിലെത്തി. അവിടെ  ജിബൂട്ടിയെന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്.  മാര്‍ച്ച് അഞ്ചിനാണ് അവിടെ എത്തുന്നത്.

ഷൂട്ടിംഗ് തുടങ്ങി ദിവസങ്ങള്‍ക്കകമാണ് കൊവിഡ് കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യയിലടക്കം ലോകത്തെ ഒട്ടുമുക്കാല്‍ സ്ഥലങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി.

ഇതിനെ തുടര്‍ന്ന് നമുക്ക് ഷൂട്ട് ചെയ്യേണ്ട  പ്രദേശത്തേക്ക് അവിടുത്തെ സര്‍ക്കാരിന്റെ സഹായത്തോടു കൂടി മാറുകയായിരുന്നു. അവിടെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ട പ്രദേശം മാത്രം ലോക്ക് ഡൗണില്‍ നിന്ന് മാറ്റിത്തന്ന്, ഏപ്രില്‍ 29 ന് വരെ പടം മൊത്തം ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ സാധിച്ചു. അതിനിടക്ക് ഞങ്ങളില്‍ പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

അതിനിടയ്ക്ക് കൊറോണയ്ക്ക് സമാനമായ പനിയടക്കമുള്ള പല ലക്ഷണങ്ങളുമുണ്ടായിരുന്നു. അവിടുന്ന് ഒരു ആശുപത്രിയില്‍ പോയി ഇത് പരിശോധിക്കുക എന്ന് പറയുന്നത് ആ സാഹചര്യത്തില്‍ പറ്റുന് നകാര്യമായിരുന്നില്ല. കാരണം കൊറോണ ആണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ ചികിത്സയൊന്നും നമ്മുടെ ഇവിടുത്തെ പോലെയല്ല. ഒന്നാമത് ഭാഷ പോലും അറിയില്ല. രണ്ട് അവിടുത്തെ ചികിത്സയും മറ്റു കാര്യങ്ങളും വളരെ പരിമിതമായിരുന്നു. എനിക്ക് അവിടുന്ന ഒരു ആക്ഷന്‍ സ്വീക്വന്‍സ് ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ആ സമയത്തൊക്കെ നാല്‌പേര് പിടിച്ചിട്ടൊക്കെ ആണ് ആ രംഗങ്ങളൊക്കെ പൂര്‍ത്തീകരിച്ചത്. എന്തൊക്കെ പറഞ്ഞാലും ആ സമയത്തെ അതിജീവിച്ചു എന്നതാണ് വലിയകാര്യം.

ഏപ്രില്‍ 29ന് ഷൂട്ട് പൂര്‍ത്തീകരിച്ച് ജൂണ്‍ അഞ്ചാം തിയ്യതി വരെ ഞങ്ങളെ സുരക്ഷിതരായി ഇരുത്തി അവിടുത്തെ പ്രൊഡ്യൂസര്‍ സ്വന്തം കയ്യില്‍ നിന്ന് കാശ് മുടക്കിയാണ് ഞങ്ങളെ തിരിച്ച് പ്ലെയ്ന്‍ കയറ്റി വിടുന്നത്. അതൊരു വേറെ എക്‌സ്പീരിയന്‍സ് തന്നെ ആയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Amit Chakkalackal talks about the new movie yuvam and the shooting experience

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ