സിനിമയില്‍ ഭാഗ്യമെന്ന ഒന്നില്ലെന്നും സിനിമ വളരെ കളക്റ്റീവായ ഒരു ടീം വര്‍ക്കാണെന്നും നടന്‍ അമിത്
ചക്കാലക്കല്‍. അതില്‍ ലാഭമാണെങ്കിലും വിജയമാണെങ്കിലും ടീം വര്‍ക്കാണെന്നും അമിത് പറഞ്ഞു.
തന്റെ അഭിനയം ശരിയായില്ലെങ്കില്‍ ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ താന്‍ വീട്ടില്‍ പോയി ഇരുന്നേനെയെന്നും അദ്ദേഹം പറയുന്നു. തന്റെ അസ്ത്ര സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത്.
സിനിമകളില്‍ നമ്മളുടെ ഭാഗ്യം എത്തുന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്.
‘എനിക്ക് ഒട്ടും മനസിലാക്കാന്‍ പറ്റാത്തക്കാര്യമാണ് ഈ സിനിമയിലെ ‘ഭാഗ്യം’. ഒരു സിനിമ വിജയിക്കണമെങ്കില്‍ അതില്‍ അഭിനേതാക്കളും ഡയറക്ടറും പ്രൊഡ്യൂസര്‍മാരും ഡിസ്റ്റ്ട്രിബ്യൂട്ടേസും വേണം.
ഇതില്‍ ആരുടെ ഭാഗ്യമാണ് ശരിക്കും വര്‍ക്കൗട്ടാവേണ്ടത്. ഒരു സിനിമ വിജയിക്കാന്‍ ഇത്രയും പേരില്‍ ആരുടെ ഭാഗ്യം വര്‍ക്കൗട്ടാവണമെന്നത് വലിയ ചോദ്യമാണ്.
ഒരു ആക്ടറിന്റെ മാത്രം ഭാഗ്യം കൊണ്ടാകുമോ സിനിമ വിജയിക്കുന്നത്. ഇനി ഡയറക്ടറിന്റെ മാത്രം ഭാഗ്യം കൊണ്ടാകുമോ, അതോ ഒരു പ്രൊഡ്യൂസറിന്റെ ഭാഗ്യം കൊണ്ടാകുമോ. ഒരിക്കലും അല്ലെന്നാണ് മറുപടി.
സിനിമ വളരെ കളക്റ്റീവായ ഒരു ടീം വര്‍ക്കാണ്. അതില്‍ ലാഭമാണെങ്കിലും വിജയമാണെങ്കിലും എന്തുതന്നെയാണെങ്കിലും അതൊരു ടീം വര്‍ക്കാണ്.
ഇതില്‍ ഉള്ള കാര്യം, ഇപ്പോള്‍ നമ്മള്‍ വിജയിച്ച ടീമില്‍ നിന്നില്ല, അല്ലെങ്കില്‍ ഇപ്പോള്‍ നമ്മള്‍ ചെയ്ത സിനിമ വിജയിച്ചില്ല എന്നതാണ്.
അതിന്റെ അകത്ത് നിങ്ങളത് ചെയ്‌തോ എന്നുള്ള ഒരു കാര്യം മാത്രമേയുള്ളൂ. നിങ്ങള്‍ക്ക് അതു ചെയ്യാന്‍ പറ്റിയോ എന്നുള്ളത് മാത്രമാണ്. ചെയ്യാന്‍ പറ്റുന്നതിന്റെ അത്രയും വലിയ ഭാഗ്യമില്ല.
നമ്മള് തന്നെ ഇപ്പോള്‍ മൂന്നാമത്തെ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് അഭിമുഖത്തില്‍ ഒരുമിച്ച് ഇരിക്കുന്നത്. ഈ മൂന്ന് തവണയും നമ്മള്‍ ഭാഗ്യത്തിന്റെ കാര്യം സംസാരിച്ചതാണ്.
മൂന്ന് തവണ ഓരോ സിനിമകളുടെ നായകനായി വരാന്‍ പറ്റിയത് തന്നെ എന്റെ ഭാഗ്യമാണ്. കാര്യം എന്റെ പരിപാടി കറക്റ്റ് അല്ലെങ്കില്‍ ആദ്യത്തെ സിനിമ കഴിയുമ്പോള്‍ തന്നെ ഞാന്‍ വീട്ടില്‍ പോയി ഇരുന്നേനെ. പിന്നെ ഇവിടെ വരേണ്ടി വരില്ലായിരുന്നു,’ അമിത് പറയുന്നു.
Content Highlight: Actor Amit Chakkalackal Talks About Movies