പഴയ ലാലേട്ടന്‍ എന്ന് പറയും, പക്ഷേ ലാസ്റ്റ് ഇറങ്ങിയ പടത്തിലും മമ്മൂക്ക അടിപൊളിയാണെന്ന് പറഞ്ഞതിന് ചെറിയ പിള്ളേര്‍ വരെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞു: അമിത് ചക്കാലക്കല്‍
മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചതിന് മോഹന്‍ലാല്‍ ഫാന്‍സില്‍ നിന്നും ചീത്തവിളി കേട്ട അനുഭവം പങ്കുവെക്കുകയാണ് നടന്‍ അമിത് ചക്കാലക്കാല്‍. പഴയ ലാലേട്ടന്‍ എന്ന് നമ്മള്‍ പറയാറുണ്ടെന്നും എന്നാല്‍ മമ്മൂക്കയുടെ ലാസ്റ്റ് ഇറങ്ങിയ പടം കണ്ടാലും അതാണ് ബെസ്റ്റ് എന്നാണ് അമിത് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘മമ്മൂക്കയുടെ ലാസ്റ്റ് ഇറങ്ങിയ പടം കണ്ടാലും അത് അടിപൊളിയാണ്. പക്ഷേ നേരെമറിച്ച് ലാലേട്ടന്റെ കുറെ പഴയ പടങ്ങള്‍ കണ്ട് കഴിഞ്ഞാല്‍ പണ്ടത്തെ ലാലേട്ടന്റെ സിനിമ കണ്ടോ എന്ന് പറയും. പക്ഷേ മമ്മൂക്കയുടെ അങ്ങനെയല്ല. അവസാനസിനിമ കണ്ടാലും അതാണ് ഏറ്റവും ബെസ്റ്റ്,’ എന്നാണ് അമിത് പറഞ്ഞിരുന്നത്.
അതിന് ശേഷം മോഹന്‍ലാലിനെ കുറിച്ച് താന്‍ പറയുന്നുണ്ടെന്നും എന്നാല്‍ കട്ട് ചെയ്തവര്‍ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ഭാഗം മാത്രമിട്ടെന്നും ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് പറഞ്ഞു. സഞ്ജു ശിവറാമും അമിത്തിനൊപ്പം അഭിമുഖത്തിലുണ്ടായിരുന്നു.
‘ആ വീഡിയോ കാരണം കുറെ തെറി കേട്ടിട്ടുണ്ട്. ആ വീഡിയോയുടെ താഴെ എന്നെ തെറി പറഞ്ഞ് കൊന്നിട്ടുണ്ട്. മമ്മൂക്കയെ പറ്റി പറഞ്ഞുകഴിഞ്ഞ് ഞാന്‍ ലാലേട്ടനെ പറ്റി പറയുന്നുണ്ട്. അത് ആ വീഡിയോയില്‍ വന്നില്ല. ചെറിയ പിള്ളേരാണെന്ന് തോന്നുന്നു, വലിയ പ്രായമൊന്നുമില്ല, എന്നെ ഫോണില്‍ വിളിച്ച് തെറി പറഞ്ഞിട്ടുണ്ട്,’ അമിത് പറഞ്ഞു.
തന്നെപോലെയുള്ള് അഭിനേതാക്കളുടെ റോള്‍ മോഡലാണ് മമ്മൂട്ടി എന്നാണ് സഞ്ജു പറഞ്ഞത്. ‘ഒരു പ്യുവര്‍ ആക്ടറല്ലാതെ പൊളിഷ് ചെയ്ത് വന്ന ആക്ടറാണ് മമ്മൂക്ക എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഫാസില്‍ സാറാണ് ഒരു ഇന്റര്‍വ്യൂവില്‍ അത് പറഞ്ഞതെന്ന് തോന്നുന്നു. ലാലേട്ടന്‍ ഒരു ബോണ്‍ ആക്ടറാണ്. ലാലേട്ടന്‍ എന്ത് ചെയ്താലും നമുക്ക് ഇഷ്ടമാണ്. മമ്മൂക്ക പക്ഷേ ഇംപ്രൂവ് ചെയ്തും വര്‍ക്ക് ചെയ്തും ആയതാണ്.
പഴയ മമ്മൂക്കയുടെ പടങ്ങള്‍ കാണുമ്പോള്‍ അതില്‍ നിന്നൊക്കെയുള്ള ഇംപ്രൊവൈസേഷന്‍ ഉണ്ടല്ലോ. എന്നെ പോലെയോ അമിത്തിനെ പോലെയോ ഉള്ളവര്‍ക്ക് റോള്‍ മോഡല്‍ മമ്മൂക്കയാണ്. അതാണ് നമ്മുടെ റൂട്ട്. അതില്‍ നിന്നും മുന്നോട്ട് പോകാനുള്ള ഇന്ധനം കിട്ടിക്കൊണ്ടിരിക്കും. ഏതെങ്കിലും ഒരു സിനിമ ഒന്ന് വിജയിച്ച് അഹങ്കാരം തോന്നികഴിഞ്ഞാല്‍ ഉടനെ ഇവരുടെ ഫില്‍മോഗ്രഫി എടുത്തുനോക്കും. എന്റെ ഈ പ്രായത്തില്‍ അവര്‍ ചെയ്ത് സിനിമകള്‍ ഏതൊക്കെ എന്ന് നോക്കും. ഇത്രയും മാത്രം നോക്കിയാല്‍ മതി,’ സഞ്ജു പറഞ്ഞു.
എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന തേര് ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഇരുവരുടെയും ചിത്രം. കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Actor Amit Chakalakal shares his experience of hearing abuse from Mohanlal fans for speaking in praise of Mammootty