|

19 വര്‍ഷമായി സിനിമയിലുള്ള പുതുമുഖമാണ് ഞാന്‍: ഇപ്പോഴും പിടിച്ചുനില്‍ക്കാന്‍ കഴിയുന്നല്ലോ എന്നതിലാണ് സന്തോഷം: പ്രശാന്ത് അലക്‌സാണ്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ്  പ്രശാന്ത് അലക്‌സാണ്ടര്‍ സിനിമയില്‍ തുടക്കം കുറിക്കുന്നത്. അവിടുന്നിങ്ങോട്ട് 70 ഓളം സിനിമളില്‍ വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രശാന്തിന് സാധിച്ചു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഓപ്പറേഷന്‍ ജാവയിലെ ബഷീര്‍ എന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥാപാത്രം മികച്ചതായെന്ന് പലരും വിളിച്ചുപറഞ്ഞെന്നും ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും പറയുകയാണ് പ്രശാന്ത്.

2002-2004 കാലഘട്ടത്തില്‍ സിനിമയില്‍ പുതുമുഖങ്ങളുടെ ഒരു തള്ളിക്കയറ്റം ഉണ്ടായിരുന്ന സമയമായിരുന്നെന്നും അക്കൂട്ടത്തില്‍ വന്ന് ഇപ്പോഴും സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നുണ്ടല്ലോ എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമെന്നും പ്രശാന്ത് പറയുന്നു.

‘ഭൂരിപക്ഷം പേരും സിനിമയില്‍ ഭാഗ്യം പരീക്ഷിച്ച് അത് വര്‍ക്കൗട്ട് ആകാതെ നിര്‍ത്തിപ്പോയ സാഹചര്യങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോഴും സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ പറ്റുന്നു, നല്ല വേഷങ്ങള്‍ കിട്ടുന്നു, ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളതെല്ലാം സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്.

നിങ്ങളെ പോലുള്ള പുതിയ താരങ്ങള്‍ വളര്‍ന്നു വരണം എന്ന് ഇപ്പോഴും എന്നോട് പറയുന്ന ആള്‍ക്കാരുണ്ട്. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ മനസില്‍ ചിരിക്കും. കാരണം, പത്തൊമ്പത് വര്‍ഷമായിട്ടുള്ള പുതുമുഖമാണ് ഞാന്‍,’ മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അല്കസാണ്ടര്‍ പറയുന്നു.

ഉത്തരവാദിത്വമുള്ള കഥാപാത്രങ്ങള്‍ നേരത്തെ ലഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ എന്നേ ഞാന്‍ ഔട്ട് ആയി പോയെനേ. കാരണം അത്തരം കഥാപാത്രങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള അനുഭവ സമ്പത്ത് എനിക്കുണ്ടായിരുന്നോ എന്ന് സംശയമാണ്.

ഇപ്പോഴായിരിക്കാം ആ ഒരു പാകത്തിലേക്ക് ഞാന്‍ വളര്‍ന്നത്. എന്റെ ഉഴപ്പ് കൊണ്ടോ, മടി കൊണ്ടോ തന്നെയാണ് അത്തരം കഥാപാത്രങ്ങള്‍ ലഭിക്കാന്‍ വൈകിയതെന്ന നല്ല വിശ്വാസമുണ്ട്. അതുകൊണ്ട് ആരെയും പഴിക്കാനില്ല.

ഇപ്പോള്‍ കിട്ടുന്ന ഈ സ്വീകാര്യതയില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇത് വരെയും ചെറുതും വലുതുമായ വേഷങ്ങള്‍ തന്ന എല്ലാ സിനിമാ പ്രവര്‍ത്തകരെയും ഈ വേളയില്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു,  പ്രശാന്ത് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

Content Highlight: Actor Alexander Prasad about Operation Jawa and his cinema life