| Monday, 24th July 2023, 10:35 pm

ചലച്ചിത്ര പുരസ്‌കാരത്തിലെ സമ്മാനത്തുക ഇ.കെ. നയനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കാന്‍ അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ലഭിക്കുന്ന സമ്മാനത്തുക ഇ.കെ. നായനാര്‍ ട്രസ്റ്റിന് നല്‍കാന്‍ നടന്‍ അലന്‍സിയര്‍. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത്.

‘അലന്‍സിയറിന്റെ സമ്മാനത്തുക ഇ.കെ. നയനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ അലന്‍സിയര്‍, തന്റെ സമ്മാനത്തുക മേനംകുളം ഇ.കെ.നായനാര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന് നല്‍കുമെന്ന് അറിയിച്ചു. ഇന്നു മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയിലാണ് പ്രഖ്യാപനം നടന്നത്,’ ഹരി പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിന് ലഭിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക.

ശരീരം തളര്‍ന്ന് കിടക്കുമ്പോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്ക് പരത്തിക്കൊണ്ട് അണയാത്ത ആസ്‌ക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആര്‍ത്തിയോടെ മടങ്ങിവരാന്‍ വെമ്പുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്‌കാരത്തിനാണ് അലന്‍സിയറിന് പ്രത്യേക പരാമര്‍ശം ലഭിച്ചതെന്നാണ് ജൂറി പറഞ്ഞത്.

മികച്ച നടിയായി വിന്‍സി അലോഷ്യസും നടനായി മമ്മൂട്ടിയും തെരഞ്ഞെടുക്കപ്പെട്ടു. ‘രേഖ’യിലെ പ്രകടനത്തിന് വിന്‍സി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

‘അറിയിപ്പ്’ അണിയിച്ചൊരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് മികച്ച ചിത്രം. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങളാണ് ആകെ മത്സരിക്കാനുണ്ടായിരുന്നത്.

Content Highlight: Actor Alencier to donate the prize money received from the state film award to the Nayanar Trust

Latest Stories

We use cookies to give you the best possible experience. Learn more