സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ അലന്‍സിയര്‍. ആ പ്രസ്താവന തെറ്റല്ലെന്നും പറഞ്ഞതില്‍ ലജ്ജ തോന്നുന്നില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര ശില്‍പത്തില്‍ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത കാണാത്തതെന്നും എന്തുകൊണ്ട് പുരുഷനെ സൃഷ്ടിച്ച് വെക്കാന്‍ പറ്റുന്നില്ലെന്നും അലന്‍സിയര്‍ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് അലന്‍സിയറിന്റെ പരാമര്‍ശങ്ങള്‍.
‘ആ പ്രസ്താവന തെറ്റല്ല. ഞാന്‍ നില്‍ക്കുന്ന ഈ ഭൂമി അമ്മക്ക് അവകാശപ്പെട്ടതാണ്. അച്ഛന് അവകാശപ്പെട്ടതല്ല. ഒരു പുരുഷശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മക്ക് വേണ്ടിയാണ്. ഈ വീട്ടിലേക്ക് നിങ്ങള്‍ കയറുമ്പോള്‍ അമ്മയെ കണ്ടിട്ടാണ് കേറുന്നത്.
ഞാനൊരു സ്ത്രീ വിരോധിയല്ല. പക്ഷം പിടിക്കുമ്പോള്‍ ഏകപക്ഷീയമാവരുത്. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കില്‍ പെണ്ണില്ല, പെണ്ണില്ലെങ്കില്‍ ആണില്ല. ശിവപാര്‍വതി സങ്കല്‍പം എത്രയോ ദൈവീകമാണ്, എത്രയോ ശ്രേഷ്ഠമാണ്. പറഞ്ഞതില്‍ ഒരു ലജ്ജയുമില്ല. ആരേയും ആക്ഷേപിക്കാന്‍ പറഞ്ഞതല്ല. അമ്മയേയും അച്ഛനേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍.
ഒരാള്‍ സൃഷ്ടിച്ച കലാസൃഷ്ടി തന്നെ എന്തിനാണ് എല്ലാ വര്‍ഷവും കൊടുത്തുകൊണ്ടിരിക്കുന്നത്. നമ്പൂതിരി ഉണ്ടാക്കിയ ശില്‍പത്തില്‍ എന്തുകൊണ്ടാണ് സ്ത്രീ വിരുദ്ധത കാണാത്തത്. എന്തുകൊണ്ട് പുരുഷനെ സൃഷ്ടിച്ച് വെക്കാന്‍ പറ്റുന്നില്ല.
പ്രതിമയില്‍ എനിക്കെന്ത് പ്രലോഭനം. ഞാനെന്ത് സ്ത്രീ വിരുദ്ധതയാണ് പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു നാണക്കേടും എനിക്കില്ല. പുരുഷനെന്ന നിലയില്‍ അഭിമാനിക്കുന്നു. ഞാന്‍ അമ്മയേയും ഭാര്യയേയും സ്‌നേഹിക്കുന്ന ആളാണ്. അവാര്‍ഡ് ഞാന്‍ പൗളി ചേച്ചിക്കാണ് കൊണ്ടുകൊടുത്തത്, എന്റെ ഭാര്യക്കല്ല. അത് നിങ്ങള്‍ കാണാത്തത് എന്റെ കുറ്റമല്ല,’ അലന്‍സിയര്‍ പറഞ്ഞു.
അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണമെന്നാണ് അലന്‍സിയര്‍ പറഞ്ഞിരുന്നത്. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.
അങ്ങനെയൊരു പ്രതിമ തരുന്ന സമയം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പുരസ്‌കാരം വാങ്ങിയ ശേഷം പറഞ്ഞു.
Content Highlight: Actor Alencier says he stands by his words at the State Film Awards