| Friday, 10th March 2023, 4:22 pm

കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണം, ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അറിഞ്ഞൂടെ ബലാത്സംഗമാണെന്ന്: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകള്‍ക്കെതിരെ നടന്‍ അലന്‍സിയര്‍. കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നും ഒരു തവണ ബലാത്സംഗം ചെയ്യുമ്പോള്‍ പ്രതികരിക്കാതെ പതിമൂന്നാം തവണയാണോ ഇക്കാര്യം വിളിച്ചു പറയേണ്ടതെന്നാണ് അലന്‍സിയര്‍ ചോദിച്ചത്.

സിനിമ മേഖലയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ബലാത്സംഗം ചെയ്തുവെന്നും പീഡിപ്പിച്ചുവെന്നും പറഞ്ഞുവരുന്നവരുണ്ടെന്നും ഒരുപാട് ബിഷപ്പുമാരുടെയും കന്യാസ്ത്രീകളുടെയും കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു. അതുകൊണ്ട് സിനിമാക്കാര് മാത്രമാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന് പറയേണ്ടതുണ്ടോയെന്നും അലന്‍സിയര്‍ ചോദിച്ചു.

ഇത്തരത്തിലുള്ള തുറന്നു പറച്ചിലുകള്‍ കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലോകത്ത് എല്ലാ ഇടത്തുമില്ലെ ഇത്. സിനിമയില്‍ മാത്രമാണോ. നമ്മള്‍ എത്ര ബിഷപ്പുമാരുടെ കഥകേട്ടിരിക്കുന്നു. എത്ര കന്യാസ്ത്രീമാരുടെ കഥ കേട്ടിരിക്കുന്നു. സിനിമക്കാര് മാത്രമാണ് ഇങ്ങനെ പീഡിപ്പിക്കുന്നതെന്ന് പറയേണ്ടതുണ്ടോ.

ബുദ്ധിയും വിവേകവും വേണം. അത് കന്യാസ്ത്രീ ആയാലും സിനിമാ നടിയായാലും. എങ്ങനെയാണ് ഒരാള്‍ക്ക് പന്ത്രണ്ട് പ്രാവശ്യം ബലാത്സംഗം ചെയ്യാന്‍ പറ്റുക. അങ്ങനെ ഒരു തവണ ബലാത്സംഗം ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അറിഞ്ഞൂടെ ബലാത്സംഗമാണെന്ന്.

പന്ത്രണ്ട് തവണ ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങളുടെ ബുദ്ധി എവിടെ പോയി. പതിമൂന്നാം തവണയാണോ നിങ്ങള്‍ ഇത് വിളിച്ചു പറയേണ്ടത്. അതൊക്കെ കാപട്യമാണ്,” അലന്‍സിയര്‍ പറഞ്ഞു.

content highlight: actor alencier about victims

We use cookies to give you the best possible experience. Learn more