ആസിഫ് അലി, ഷറഫുദ്ദീന്‍, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി ഒരുക്കിയ ചിത്രം കുറ്റവും ശിക്ഷയും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ആക്ഷന്‍ ത്രില്ലര്‍ ഴാനറില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം മെയ് 27നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
ഒരു കലാകാരന് ഉണ്ടായിരിക്കേണ്ട സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് സംസാരിക്കുകയാണ് കുറ്റവും ശിക്ഷയും താരം അലന്‍സിയര്‍. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ആര്‍ടിസ്റ്റ് എന്ന രീതിയില്‍ സിനിമക്ക് പുറത്തുള്ള വിഷയങ്ങളിലും പ്രതികരിക്കുന്നത് കരിയറിനെ ബാധിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് അലന്‍സിയര്‍ മറുപടി പറഞ്ഞത്.
”എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അതൊക്കെ വെറും തോന്നലാണ്. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എന്നെ ബോധ്യപ്പെടുത്താന്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അത് വേറെ ആരെയും ബോധ്യപ്പെടുത്താനല്ല.
താന്‍ ജീവിച്ചിരിക്കുന്നു എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് ഒരു കലാകാരന്മാരുടെ ഉത്തരവാദിത്തമാണ്. കലാകാരന്മാര്‍ സൊസൈറ്റിയുടെ ഒരു ഭാഗമാണ്, അല്ലാതെ വീടിനകത്ത് കിടക്കുന്ന ഒരു ഡെഡ്‌ബോഡി അല്ല.
നിങ്ങള്‍ക്ക് തരുന്ന സെക്യൂരിറ്റിയും സമ്പത്തും മുഴുവന്‍ സൊസൈറ്റി തരുന്നതാണ്. നിങ്ങളുടെ കാഴ്ചകള്‍ മുഴുവന്‍ കണ്ടിട്ട് നിങ്ങളെ സുരക്ഷിതമായി വീടിനകത്ത് ഇരുത്താനല്ല പറയുന്നത്.
ഈ രാഷ്ട്രത്തോട് ഉത്തരവാദിത്തം കാണിക്കണമെന്നാണ് അവര്‍ പറയുന്നത്. ഓരോ കലാകാരനും അത് ചെയ്യണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഞാന്‍ പ്രതികരിക്കുന്ന ആളാണ് എന്നതുകൊണ്ട് മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ ഇരിക്കില്ലല്ലോ. അങ്ങനെ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ തൊണ്ടിമുതല്‍ കഴിഞ്ഞപ്പോള്‍ തന്നെ പുറത്ത് പോവണമായിരുന്നു,” അലന്‍സിയര്‍ പറഞ്ഞു.
സാധാരണയായി പല താരങ്ങളും തങ്ങള്‍ക്ക് ഒരു പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് ഉണ്ടെങ്കിലും അത് ലൗഡ് ആയി പറയാതെ, തങ്ങളുടെ പ്രൈവറ്റ് കാര്യമായി കൊണ്ട് നടക്കുകയാണല്ലോ പതിവ് എന്ന ചോദ്യത്തിനും അലന്‍സിയര്‍ മറുപടി പറയുന്നുണ്ട്.
”നിങ്ങളുടെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വെച്ച് സേഫ് ആയി ജീവിച്ചോ. നിങ്ങള്‍ക്ക് കിറ്റ് കൊണ്ടുത്തരും വീട്ടില്‍. എന്നിട്ട് അതും വാങ്ങിച്ച് കഴിച്ചിരുന്നോ.
റേഷന് കാര്‍ഡില്‍ നിന്ന് അരിയും കിട്ടും. എന്നിട്ട് രാഷ്ട്രത്തോടും സമൂഹത്തോടും ഉത്തരവാദിത്തവുമില്ല. ഞാന്‍ സേഫാണ് എന്നും വിചാരിച്ച് വാങ്ങിക്കഴിച്ച് ഇരുന്നോ, എന്നിട്ട് കക്കൂസില്‍ പോയിരുന്നോ- അങ്ങനെ ഒരാളല്ല ഞാന്‍. കലാകാരന്‍ എപ്പോഴും സ്വന്തം അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉറക്കെ പറയണം.
അടൂര്‍ സാറിനെ (അടൂര്‍ ഗോപാലകൃഷ്ണന്‍) പോലെ തന്റേടത്തോടെ ഇറങ്ങി പറയണം, ഒളിച്ച് വെക്കാനുള്ളതല്ല. മലയാള സിനിമയില്‍ ആകെ രാഷ്ട്രീയം പറയുന്ന പ്രശസ്തനായ ഒരു മനുഷ്യന്‍ അടൂര്‍ സാറാണ്. ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികളെക്കുറിച്ച് കൃത്യമായ രാഷ്ട്രീയം പറയുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടുള്ളത് അടൂര്‍ സാറിലാണ്.
വീട്ടിനകത്ത് ഒളിച്ചിരുന്ന് തിന്നിട്ടും തൂറിയിട്ടും കാര്യമില്ല. സൊസൈറ്റിയോട് ഉത്തരവാദിത്തം വേണം. അവനവന്റെ കുടുംബത്തോടും അന്നത്തോടും മാത്രമല്ല അത് വേണ്ടത,” അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Alencier about the responsibilities of Artists, says they are responsible towards the society