| Wednesday, 15th June 2022, 10:06 pm

സിനിമാക്കാര് സ്വര്‍ഗരാജ്യത്ത് ജീവിക്കുന്നുവെന്നാണല്ലോ കേള്‍ക്കുന്നത്; ഒരു ദിവസം ഷൂട്ട് കാണാന്‍ വന്നാല്‍, അടുത്ത ദിവസം നിങ്ങളാ ഭാഗത്തേക്കേ വരില്ല: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി ഗോവിന്ദ്‌രാജിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവന്‍. ജൂണ്‍ 17ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, വിനയ പ്രസാദ്, ജോയ് മാത്യു, സുദേവ് നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സിനിമയില്‍ അഭിനയിക്കുന്നതിന്റെയും ഒരു സിനിമ പൂര്‍ത്തിയാക്കുന്നതിന്റെയും വിഷമതകളെക്കുറിച്ച് സംസാരിക്കുകയാണ് ഹെവന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍.

”ഹെവനില്‍ മാത്രമല്ല, എല്ലാ സിനിമയ്ക്കകത്തും ആക്ടേഴ്‌സും സംവിധായകനും തമ്മില്‍ കമ്യൂണിക്കേറ്റ് ചെയ്യുന്ന കൊടുക്കല്‍ വാങ്ങലുകളുണ്ട്. പരസ്പരം സ്‌നേഹവും സൗഹാര്‍ദവുമുണ്ട്. അതൊക്കെ തന്നെയാണ് ഈ സിനിമയിലും.

അതിനപ്പുറം ഇതൊരു സ്വര്‍ഗരാജ്യമൊന്നുമല്ലല്ലോ. നമ്മളും കഷ്ടപ്പെട്ട് തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്. സിനിമാക്കാര് സ്വര്‍ഗരാജ്യത്ത് ജീവിക്കുന്നു, എന്നാണ് നിങ്ങള്‍ കേള്‍ക്കുന്നത് മുഴുവന്‍.

ഓരോ ഷൂട്ടിന് വന്ന് നില്‍ക്കുമ്പോള്‍ അറിയാം നിങ്ങളുടെ വിരസത, നിങ്ങള്‍ അനുഭവിക്കുന്ന അലസത.

ഷൂട്ട് കാണാന്‍ വന്ന് നിന്നാല്‍ പിന്നെ അടുത്ത ദിവസം നിങ്ങള്‍ ആ ഭാഗത്തേക്കേ വരില്ല. അങ്ങനെ രാവും പകലും കഷ്ടപ്പെട്ടിട്ട് ഉണ്ടാക്കുന്ന സിനിമകളാണ് നിങ്ങളുടെ മുന്നിലേക്ക് ഞങ്ങള്‍ കൊണ്ടുത്തരുന്നത്.

ഞങ്ങളുടെ ഇമോഷന്‍സാണ്, കഥാപാത്രമായി ഞങ്ങള്‍ പകര്‍ന്നാട്ടം നടത്തിയാണ് നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത്. നിങ്ങളെ ആഹ്ലാദിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്.

അപ്പോള്‍ 17ാം തീയതി വന്ന് കാണൂ. എന്താണ് സൊസൈറ്റിയോട് ഈ സിനിമ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പോകുന്നതെന്ന്.

ഓരോരുത്തരുടെ ഇമോഷന്‍സും റിലേഷന്‍സും പൊലീസുകാര്‍ കുറ്റാന്വേഷണത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അവരുടെ മാനസികാവസ്ഥയുമൊക്കെയാണ് ഈ സിനിമ പറയുന്നത്,” അലന്‍സിയര്‍ പറഞ്ഞു.

Content Highlight: Actor Alencier about the difficulties of shooting during the promotion of Heaven

We use cookies to give you the best possible experience. Learn more