താന്‍ സെമിനാരിയില്‍ പള്ളീലച്ഛനാകാന്‍ പോയിരുന്നുവെന്ന് നടന്‍ അലന്‍സിയര്‍. അവിടത്തെ ചിട്ടകളോട് പൊരുത്തപെട്ട് പോകാന്‍ കഴിയാത്തതിന് മതില്‍ ചാടി പുറത്ത് കടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനും അമ്മക്കും താന്‍ പള്ളീലച്ഛനാകുന്നതിനോട് താല്‍പര്യമില്ലായിരുന്നുവെന്നും അലന്‍സിയര്‍ പറഞ്ഞു. തന്റെ അച്ഛന്‍ സെമിനാരിയില്‍ പോയിട്ട് ലോഹ ഇടാനായ സമയത്ത് അമ്മയെ പ്രേമിച്ച് കല്യാണം കഴിച്ചതാണെന്നും താരം പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ സെമിനാരിയില്‍ പോയിരുന്നു. അന്നത്തെ കാലത്ത് ഏഴാം ക്ലാസ് കഴിഞ്ഞാല്‍ നമുക്ക് സെമിനാരിയില്‍ പോകാം. അച്ഛന്‍ നിര്‍ബന്ധിച്ചിട്ട് ഒന്നും അല്ല. അച്ഛന്‍ സെമിനാരിയില്‍ പോയിട്ട് ലോഹ ഇടാനായ സമയത്ത് വന്നിട്ട് അമ്മയെ പ്രേമിച്ച് കല്യാണം കഴിച്ചതാണ്.
ഞാന്‍ സെമിനാരിയില്‍ പോകുന്നത് അച്ഛന് ഒരു താല്‍പര്യവും ഇല്ലാത്ത കാര്യമായിരുന്നു. ജോണ്‍ പനക്കല്‍ അച്ഛനെ കണ്ടിട്ടാണ് അങ്ങനെ ഒരു ആഗ്രഹം വന്നത്. എന്റെ അമ്മൂമ്മ ഭയങ്കര ഭക്തയായിരുന്നു. അമ്മൂമ്മക്ക് ഞാന്‍ സെമിനാരിയില്‍ പോകണമെന്നും വീട്ടില്‍ ഒരു പള്ളീലച്ഛന്‍ ഉണ്ടാകണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു.
അച്ഛനും അമ്മക്കും ഒരു താല്‍പര്യവും ഇല്ലായിരുന്നു. എന്റെ നിര്‍ബന്ധത്തിനാണ് പോയത്. ഒരു വര്‍ഷത്തോളം അവിടെ പോയി. അവിടെ എട്ടാം ക്ലാസില്‍ മുണ്ട് ഉടുക്കണം. മുണ്ട് മടക്കി കുത്താനൊന്നും പാടില്ല. അത് ഉടുത്ത് തന്നെ നില്‍ക്കണം. പുറകില്‍ ഇരുന്ന കുട്ടി എന്റെ മുണ്ടില്‍ മഷി കുടയും. ഞാന്‍ അവനെ തിരിഞ്ഞ് നോക്കുമ്പോള്‍ മാഷ് വന്ന് തല്ലും.
പിന്നെ ഇംഗ്ലീഷില്‍ പ്രതിജ്ഞ ചൊല്ലണം. കൂടാതെ അവിടെ സ്പൂണും ഫോര്‍ക്കും വെച്ച് ഭക്ഷണം കഴിക്കണം. ഈ കാരണങ്ങള്‍ കൊണ്ട് ഞാന്‍ അവിടുത്തെ മതില്‍ ചാടി എങ്ങോട്ടേങ്കിലും പോവാന്‍ തീരുമാനിച്ചു. ഒടുവില്‍ വീട്ടിലേക്ക് പോയി,” അലന്‍സിയര്‍ പറഞ്ഞു.
content highlight: actor alencier about his childhood