ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ നടിമാരെക്കാള്‍ ബുദ്ധിമുട്ട് നടന്മാര്‍ക്ക്; എന്റെ സദാചാര ബോധം അതിന് അനുവദിച്ചില്ല: അലന്‍സിയര്‍
Entertainment news
ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ നടിമാരെക്കാള്‍ ബുദ്ധിമുട്ട് നടന്മാര്‍ക്ക്; എന്റെ സദാചാര ബോധം അതിന് അനുവദിച്ചില്ല: അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 23, 05:38 pm
Monday, 23rd January 2023, 11:08 pm

ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ നടിമാരേക്കാള്‍ ബുദ്ധിമുട്ട് നടന്മാര്‍ക്കാണെന്ന് നടന്‍ അലന്‍സിയര്‍. ചതുരം എന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വാസികയുടെ കൂടെ ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ താന്‍ കുറേ കഷ്ടപ്പെട്ടെന്നും തുടക്കത്തില്‍ തീരെ കംഫേര്‍ട്ട് അല്ലായിരുന്നുവെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്വാസികയെ തനിക്ക് പരിചയം പോലും ഇല്ലായിരുന്നുവെന്നും ഷൂട്ട് ചെയ്ത വീട്ടിലെ എല്ലാവരും സീന്‍ എടുക്കുമ്പോള്‍ നാടകം കാണാന്‍ ഇരിക്കുന്നപോലെ തന്നെ നോക്കിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ നടിമാരെക്കാള്‍ കൂടുതല്‍ പേടി നടന്മാര്‍ക്കാണെന്ന് ഒരു ഹിന്ദി നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എനിക്കും അങ്ങനെയാണ് തോന്നിയത്. ഞാന്‍ അഭിനയിക്കാന്‍ പോയ വീട്ടിലെ ഭാര്യയും ഭര്‍ത്താവും ബാല്‍ക്കണിയുടെ താഴെ ക്യാമറ വെച്ച സ്ഥലത്ത് ഇരിക്കുകയായിരുന്നു. നാടകം കാണുന്ന പോലെ അഭിനയിക്കുന്നത് നോക്കിയിരിക്കുകയാണ്. അപ്പോള്‍ ഞാന്‍ കോണ്‍ഷ്യസായി.

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ തീരെ കംഫേര്‍ട്ടല്ലായിരുന്നു. എനിക്ക് സ്വാസിക എന്ന നടിയെ പരിചയം പോലും ഇല്ലായിരുന്നു. സ്വാസിക ഭയങ്കര കംഫേര്‍ട്ടായിരുന്നു. എന്താണ് ഷോട്ട് എടുക്കുന്നില്ലെയെന്ന് അവള്‍ ചോദിച്ചു. അപ്പോഴാണ് നിങ്ങള്‍ തമ്മില്‍ ഒന്ന് വര്‍ക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് പോകുന്നത്.

എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആ വീട്ടിലെ എല്ലാവരും നോക്കി നില്‍ക്കുന്നുണ്ട്. എന്നെ കൊണ്ട് ഇത് നടക്കില്ലെന്ന് കണ്ടപ്പോള്‍ സിദ്ധാര്‍ത്ഥ് തന്നെ വന്ന് പറഞ്ഞു തന്നു. പാവാട മുട്ടിന്റെ മേലേക്ക് ഉയര്‍ത്തുന്ന സീനായിരുന്നു എടുക്കേണ്ടത്.

മുട്ടിന്റെ അടുത്ത് വരെ എത്തിയപ്പോള്‍ ഞാന്‍ തന്നെ അത് പിടിച്ച് താഴ്ത്തി. കാരണം അത്രയും പോകരുതെന്ന് എനിക്ക് തോന്നി. എന്റെ സദാചാര ബോധം അതിന് അനുവദിച്ചില്ല,” അലന്‍സിയര്‍ പറഞ്ഞു.

content highlight: actor alencier about chathuram movie