| Tuesday, 24th January 2017, 1:05 pm

ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍.എയായി വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ പഴിചാരുക കമ്യൂണിസ്റ്റുകാരെ: അലന്‍സിയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍.എയായി വന്നു എന്നുണ്ടെങ്കില്‍ അതിന് താന്‍ പഴിചാരുക കമ്യൂണിസ്റ്റുകാരെയാണെന്ന് നടന്‍ അലന്‍സിയര്‍. കമ്യൂണിസ്റ്റുകാര്‍ തന്നെയാണ് അതിന്റെ കാരണക്കാരെന്നും നമ്മള്‍ വിചാരിക്കുന്ന കമ്യൂണിസ്റ്റുകാര്‍ പഴയതുപോലയല്ലിപ്പോളെന്നും അലന്‍സിയര്‍ പറയുന്നു.

മാധ്യമം ആഴ്ചപ്പതിപ്പിന്റെ വിപണിയിലുള്ള പുതിയ ലക്കത്തില്‍ വേണു കള്ളാര്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖത്തിനിടെയായിരുന്നു അലന്‍സിയറിന്റെ പരാമര്‍ശം. അഭിമുഖത്തില്‍ അലന്‍സിയറിന്റെ കലാജീവിതവും നാടകവും കുടുംബവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്.

എല്ലാവരുടെയുള്ളിലും സംഘികളുണ്ടെന്നാണ് എന്റെ അഭിപ്രായം. പുരോഗമനമുണ്ട്. പക്ഷേ ഉള്ളിന്റെയുള്ളില്‍ ആര്‍.എസ്.എസാണ്. പൂണൂല് പൊട്ടിച്ചുകളഞ്ഞിട്ടും മേനോനും നായരും നമ്പൂതിരിയുമൊന്നും ഉള്ളില്‍ നിന്ന് പോയിട്ടില്ല. അത് ഉള്ളില്‍ തന്നെ കിടക്കുകയാണ്. അതുപുറത്തുവരും. അതുകൊണ്ട് തന്നെയാണ് ബി.ജെ.പിക്ക് ഇവിടെ വേരോടാന്‍ പറ്റിയത്. അതുകൊണ്ട് തന്നെയാണ് ഇടതുപക്ഷം അപചയത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷം എങ്ങനെ കോണ്‍ഗ്രസ് പോലെ വലതുപക്ഷം ആയോ അത് തന്നെയാണ് നാടിന് സംഭവിച്ച ദുരന്തവും- അലന്‍സിയര്‍ പറയുന്നു.


ഇവിടെ ഭൂരിപക്ഷം എന്നു പറയുന്നത് സംഘികളല്ല. അത് ഒരു ന്യൂനപക്ഷം മാത്രമാണ്. ആ ന്യൂനപക്ഷമാണ് നമ്മളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യരുടെ നന്മയില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ജാതിയും മതവും നോക്കാതെ വളരെ സ്‌നേഹത്തിലാണ് കേരളത്തിലെ ആളുകള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ പൊട്ടിച്ചെറിഞ്ഞ പൂണൂലുകള്‍ വീണ്ടും പിടിമുറുക്കുന്നുണ്ടെങ്കില്‍ അതിന് ഇടതുപക്ഷത്തിന്റെ അപചയത്തിനുള്ള സ്ഥാനം വളരെ വലുതാണ്.

ഇടതുപക്ഷത്തിന് എവിടെയാണോ അപചയം സംഭവിക്കുന്നത് അവിടെയാണ് ഫാഷിസം വളരുന്നത്. സ്വയം വിചിന്തനം നടത്തിയില്ല എന്നുണ്ടെങ്കില്‍ ഇടതുപക്ഷം നശിച്ചുപോകും. എവിടെയൊക്കെയോ നന്മകള്‍ ഉള്ള ഒരു പ്രസ്ഥാനമാണത്. ഇന്ന് മനുഷ്യരെല്ലാം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്ന കാലമാണിത്. മാര്‍ക്‌സിസ്റ്റുകാരും അങ്ങനെ വിചാരിക്കുന്നുണ്ട്. എന്നാണെന്റെ തോന്നല്‍. അധികാരമായി മാറിയപ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനം ദുഷിച്ചു. ഈ ദുഷിപ്പിനെ പ്രതിരോധിക്കാന്‍ പുതുതലമുറക്കെങ്കിലും പറ്റണം. അങ്ങനെയല്ലെന്നുണ്ടെങ്കില്‍ നാടുകടത്തലുകള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അലന്‍സിയര്‍ പറയുന്നു.

ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ നാടകം കളിക്കുമ്പോള്‍ അരികില്‍ ഒരു പൊലീസുകാരന്‍ പിന്നില്‍ ഒരു വടി മറച്ചുവെച്ച് നില്‍പ്പുണ്ടായിരുന്നു. അധികാരം എല്ലാവരേയും മത്തുപിടിപ്പിക്കും. ഒരുഭാഗത്ത് ചെഗ്വേരയുടെ പടം വെച്ച് ആരാധിക്കുകയും അപ്പുറത്ത് മാവോവാദികളെന്ന് പറഞ്ഞ് കുറേപ്പേരെ വെടിവെച്ചുകൊല്ലുകയും ചെയ്യുന്നു. എന്ത് ഇടതുപക്ഷമാണിത്? ഭരണകൂടത്തിന്റെ സംശയങ്ങളാണ് ഇത്തരം നടപടികളിലേക്ക് എത്തിക്കുന്നത്. ഈ അവസ്ഥ എല്ലാവര്‍ക്കും നേരിടേണ്ടി വന്നിരിക്കാം. സംഘപരിവാറില്‍ നിന്ന് മാത്രമല്ല എല്ലാ ഭരണകൂടത്തില്‍ നിന്നും വരാം. -അലന്‍സിയര്‍ പറയുന്നു.

കാസര്‍ഗോട്ടെ അവതരണത്തിന് ശേഷം എന്നെ ബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമം രണ്ട് ഭാഗത്തുനിന്നുമുണ്ടായി. ഒരു ഭാഗത്ത് നിന്ന് ഞാന്‍ മുസ്‌ലീമാണോ ക്രിസ്ത്യാനിയാണോ എന്ന അന്വേഷണം. അതുപോലെ തന്നെ മറുഭാഗത്ത് നിന്നും. എനിക്ക് പൂര്‍ണസംരക്ഷണം തരും എന്ന് പറഞ്ഞും ആളുകള്‍ വരുന്നു. ഇത് രണ്ടും അപകടകരമാണ്. നമ്മളെ ഏതെങ്കിലും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനാണ് ശ്രമം.


ഫേസ്ബുക്കില്‍ അനൂപ് മേനോന്‍ എന്ന സഹപ്രവര്‍ത്തകന്‍ എനിക്ക് അനുകൂലമായൊരു പോസ്റ്റിട്ടു. അവന്റെ ഐഡന്റിറ്റി ചോദ്യംചെയ്തും അവനെ വ്യക്തിപരമായി ആക്ഷേപിച്ചും പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു എന്നതാണ്. ഞാന്‍ ചെയ്യുന്നതുപോലെ ലാലേട്ടനോ മമ്മൂക്കക്കോ തെരുവിലിറങ്ങി നാടകം കളിക്കാന്‍ പറ്റില്ല. അവരുടെ പ്രതിഷേധം വേറെ തരത്തില്‍ അവര്‍ എവിടെയെങ്കിലുമൊക്കെ പ്രകടിപ്പിക്കുന്നുണ്ടാകും. അവരുടെ സ്‌പേസ് വേറെയുണ്ടാകും. അതിനൊക്കെ അവര്‍ ആര്‍ജ്ജവം കാണിക്കും എന്ന് തന്നെയാണ് വിശ്വാസം.-അലന്‍സിയര്‍ പറയുന്നു.

ബാബരി മസ്ജിദ് പൊളിച്ച പിറ്റേദിവസം നിരോധനാഞ്ജയുള്ളപ്പോള്‍ “അല്ലാഹു അക്ബര്‍, ഈ ഭൂമിക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു, ഈ രാജ്യത്തിന് എന്തോ സംഭവിക്കാന്‍ പോകുന്നു ” എന്ന് നിലവിളിച്ച് ആറ് തവണ സെക്രട്ടറിയേറ്റിന് ചുറ്റും ഓടിയിട്ടുണ്ട്. അതിനെ പ്രതിഷേധമെന്നല്ല പ്രാര്‍ത്ഥനയെന്നാണ് ഞാന്‍ പറഞ്ഞത്. അതൊരു പ്ലേ ആയിരുന്നു.  അന്നൊന്നും ആരും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. മാധ്യമശ്രദ്ധ കിട്ടുകയോ ഞാന്‍ പറഞ്ഞതിന് തുടര്‍ച്ചയുണ്ടാവുകയോ ചെയ്തിട്ടില്ല. ദേശാഭിമാനിയില്‍ പോലും വാര്‍ത്ത വന്നില്ല. പൊലീസുകാര്‍ ഞാനൊരു ഭ്രാന്തനാണെന്ന് വിചാരിച്ചു.

പള്ളിയില്‍ കരിസ്മാറ്റിക് ധ്യാനം നടക്കുമ്പോള്‍, പാതിരിമാര്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ഭിക്ഷക്കാരനായിട്ട് ഞാന്‍ ഒരാളെ കൊണ്ടിരുത്തി.  എന്നിട്ട് ധ്യാനത്തില്‍ കേട്ടത് നുണയാണെന്നും അവര്‍ ഭിക്ഷക്കാരനോട് എങ്ങനെയാണ് പെരുമാറുന്നതെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അലന്‍സിയര്‍ അഭിമുഖത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more