പ്രധാനമന്ത്രിയെ കുറിച്ച് പ്രതിപാദിച്ചു പോകാത്ത താങ്കളുടെ ഒരൊറ്റ അഭിമുഖവും അടുത്ത കാലത്തായി ഇല്ലല്ലോ എന്ന ചോദ്യത്തിന് പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. പ്രധാനമന്ത്രിയെ കുറിച്ച് മാത്രമല്ല മുഖ്യമന്ത്രിയെ കുറിച്ചും പ്രതിപക്ഷ നേതാവിനെ കുറിച്ചും താന്‍ പറഞ്ഞിട്ടുണ്ടെന്നും അത് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നുമായിരുന്നു അലന്‍സിയറിന്റെ മറുപടി.
‘ മുഖ്യമന്ത്രിയെ കുറിച്ച് ഞാന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ? പ്രതിപക്ഷ നേതാവിനെ കുറിച്ച് പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലേ? പള്ളീലച്ചനെ കുറിച്ച് പറഞ്ഞത് കേട്ടിട്ടില്ലേ? എന്ന് അലന്‍സിയര്‍ചോദിച്ചപ്പോള്‍ കേട്ടിട്ടുണ്ടെന്നും എന്നാലും പ്രധാനമന്ത്രിയോട് ഒരല്‍ല്‍പ്പം ഇഷ്ടക്കൂടുതലുണ്ടെന്ന് തോന്നിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭയങ്കര ഇഷ്ടമുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ടുകൂടെ എന്നുമായിരുന്നു അലന്‍സറിന്റെ ചോദ്യം.
പ്രധാനമന്ത്രിയെ എന്താ ഇഷ്ടപ്പെട്ടുകൂടെ, നമ്മുടെ പ്രധാനമന്ത്രിയല്ലേ? ഇന്ത്യയുടെ പ്രധാനമന്ത്രി എന്റെ പ്രധാനമന്ത്രിയല്ലേ, എന്താ എനിക്ക് ഇഷ്ടപ്പെട്ടുകൂടാത്തത്, നിങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയല്ലേ? എന്താണ് താങ്കള്‍ക്ക് അതില്‍ പ്രശ്‌നം? ഞാന്‍ പ്രധാനമന്ത്രിയെ ഇഷ്ടപ്പെടുന്നതില്‍. ഞാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മാത്രം ഇഷ്ടപ്പെടണോ? അതോ സോണിയ ഗാന്ധിയെ പ്രേമിക്കണോ? പറ. നിങ്ങള്‍ ഹെവനെ കുറിച്ച് ചോദിക്കാനാണോ വന്നത് അതോ പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാണോ വന്നത്, എന്നായിരുന്നു അലന്‍സിയറിന്റെ ചോദ്യം.
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹെവനിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു പ്രസ്മീറ്റില്‍ പങ്കെടുത്തത്.
പൊലീസ് റോളില്‍ സുരാജ് എത്തുന്ന ഈ സിനിമയില്‍ ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ഹെവന്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അലന്‍സലിയര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു.
സിനിമയില്‍ അഭിനയിക്കുന്ന നടി വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതിന് സുരാജ് വെഞ്ഞാറമൂട് മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു അലന്‍സിയറുടെ കമന്റ്.
”വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. എന്റെ വൈഫിനെക്കുറിച്ച് സിനിമയില്‍ പറയുന്നില്ല, ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേ ഉള്ളൂ. ഇതില്‍ ഒരു നായികാ കഥാപാത്രമില്ല,” എന്ന് സുരാജ് പറഞ്ഞതിന് പിന്നാലെയായിരുന്നു ഡബ്ല്യു.സി.സി സംഘടനയെ പരാമര്‍ശിച്ച് കൊണ്ടുള്ള അലന്‍സിയറിന്റെ കമന്റും വന്നത്.
”ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,” എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.
Content Highlight: Actor alancier comment about narendra modi and sonia gandhi