പൃഥ്വിരാജിനെ കുറിച്ച് നടത്തിയ മുന്‍ പ്രസ്താവനയില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍. കടുവ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പൃഥ്വിയുമായി ബന്ധപ്പെട്ട് നടത്തിയ മുന്‍ പ്രസ്താവനയില്‍ അലന്‍സിയര്‍ വ്യക്തത വരുത്തിയത്.
പൃഥ്വിരാജ് എന്ന സംവിധായകനെയാണ് ഇഷ്ടമെന്നും ക്യാമറയ്ക്ക് പിന്നില്‍ പൃഥ്വിരാജ് അടിപൊളിയാണെന്നും ക്യാമറയ്ക്ക് മുന്നില്‍ അത്ര പോരെന്നും താങ്കള്‍ പറഞ്ഞിരുന്നല്ലോ, ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അലന്‍സിയറിന്റെ മറുപടി.
കടുവയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ഇടയ്ക്ക് ഷാജി സാര്‍ വേറൊരു ലൊക്കേഷനിലും രാജുവും ഞങ്ങളുമൊക്കെ വേറൊരു ലൊക്കേഷനിലുമായ അവസ്ഥയുണ്ടായി. ഒരു ആക്ഷന്‍ സീനാണ് എടുക്കുന്നത്. വായുവില്‍ നിന്നുള്ള അടിപിടി സീന്‍. ആ സീന്‍ റീ ഷൂട്ട് ചെയ്യേണ്ടി വന്നു. പിന്നീട് രാജുവാണ് ആ സീന്‍ ഡയരക്ട് ചെയ്യുന്നത്.
ഞാന്‍ രാജുവിന് ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു. താങ്കളുടെ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും ഈ സീനിലെങ്കിലും താങ്കളുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ പറ്റിയല്ലോ എന്ന്. ഒരു സീന്‍ എടുക്കുമ്പോള്‍ ഞാന്‍ തന്നെ രാജുവിനോട് പറഞ്ഞ കാര്യമുണ്ട്. നിങ്ങള്‍ ഒരു ആക്ടര്‍ എന്നതിനേക്കാളും അതായത് ആക്ടറിനേക്കാള്‍ ഉപരി ക്യാമറയ്ക്ക് പിറകില്‍ നില്‍ക്കുന്ന നിങ്ങളിലെ ഡയരക്ടറെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് പറഞ്ഞു.
കാരണം ഇപ്പോള്‍ തന്നെ ഇവിടെ ലൈറ്റ് ഓഫായപ്പോള്‍ നിങ്ങളാരും കണ്ടില്ലല്ലോ. ആ ലൈറ്റ് ഓണ്‍ ആക്കൂ എന്ന് അദ്ദേഹം പറഞ്ഞില്ലേ. അവിടെ ഒരു ഫോണ്‍ റിങ്ങ് ആയത് അദ്ദേഹം കൃത്യമായി കേട്ട് ഇടപെട്ടില്ലേ. അത് ഒരു സംവിധായകനില്‍ മാത്രം കാണുന്ന കാര്യങ്ങളാണ്. നടന്‍ പെര്‍ഫോം ചെയ്യുകയേ ഉള്ളൂ. പെര്‍ഫോം ചെയ്യിപ്പിക്കാന്‍ പറ്റിയ ആളാണ് രാജു എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു സ്‌റ്റേറ്റ്‌മെന്റ് പറഞ്ഞത്. അല്ലാതെ മോശം നടനെന്ന രീതിയിലല്ല, അലന്‍സിയര്‍ പറഞ്ഞു.
കടുവ പോലൊരു വലിയ സിനിമയില്‍ അവസരം തന്നതിന് സംവിധായകനോടും നിര്‍മാതാവിനോടും നന്ദിയുണ്ടെന്നും കടുവാക്കുന്നേല്‍ കുറുവാച്ചനും കുട്ടികള്‍ക്കും രണ്ടക്ഷരം പഠിപ്പിച്ചുകൊടുത്ത സ്‌കൂള്‍ മാഷായിട്ടാണ് ചിത്രത്തില്‍ തന്റെ കഥാപാത്രം വരുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.
കുറുവച്ചന്റെ കൂടെ നടക്കുന്ന ഒരു സുഹൃത്താണ് ഞാന്‍. ബാക്കി സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കറിയാം. ഇതൊരു കുരിശു യുദ്ധമായിട്ടാണ് എനിക്ക് തോന്നിയത്. കടുവയില്‍ കുരിശുയുദ്ധം നടക്കുന്നത് അധികാരികളോടും സഭാ മേലധ്യക്ഷന്‍മാരോടുമാണ്. അതില്‍ കുറവച്ചനൊപ്പം നില്‍ക്കുന്ന വര്‍ക്കി സാറാണ് ഞാന്‍, അലന്‍സിയര്‍ പറഞ്ഞു.
Content Highlight: Actor Alancier clarifies his previous statement about prithviraj acting