| Saturday, 11th March 2023, 9:08 am

ഇവരാണോ സത്യ ക്രിസ്ത്യാനികള്‍? ഒരു മതവും പറയാത്ത കാര്യങ്ങളാണ് ഇവിടുത്തെ ആളുകള്‍ ചെയ്തു കൂട്ടുന്നത്: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ പറയാത്ത കാര്യങ്ങളാണ് ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാഖ്യനിക്കുന്നതെന്ന് നടന്‍ അലന്‍സിയര്‍. കഴിഞ്ഞ ക്രിസ്തുമസിന് താന്‍ ഉണ്ണി യേശുവാണ് എന്ന് പോസ്റ്റ് ചെയ്തിരുന്നുവെന്നും അതിന്റെ പേരില്‍ തന്നെ പലരും തെറിവിളിച്ചുവെന്നും അലന്‍സിയര്‍ പറഞ്ഞു.

തന്നെ തെറിവിളിച്ചവര്‍ ബൈബിള്‍ എടുത്ത് വായിക്കണമെന്നും തെറ്റൊന്നും ചെയ്യാതെയാണ് തനിക്ക് നേരെ തെറി വിളിച്ചതെന്നും അലന്‍സിയര്‍ പറഞ്ഞു.
എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് നേരിടേണ്ടി വന്ന അനുഭവം അദ്ദേഹം പങ്കുവെച്ചത്.

”എന്തെല്ലാം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഞാന്‍ കഴിഞ്ഞ ക്രിസ്തുമസിന് എന്റെ കൂട്ടുകാരുടെ ഇടയിലേക്ക് ഒരു കാര്യം ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ ഉണ്ണിയേശുവാണ്. അതിന്റെ താഴെ വന്ന കമന്റുകള്‍ എന്തൊക്കെയാണെന്ന് അറിയുമോ. കമന്റ് ചെയ്തവര്‍ മൊത്തം ക്രിസ്ത്യാനികളായ യേശുവില്‍ വിശ്വസിക്കുന്ന സഭയില്‍ വിശ്വസിക്കുന്നവകാണ്.

സത്യ ക്രിസ്ത്യാനികളാണെന്ന് പറയുന്നവര്‍ അതിന്റെ താഴെ എന്നെ ചീത്തയാണ് വിളിച്ചത്. ഞാന്‍ ചെയ്ത തെറ്റെന്താണ്. ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്, നിങ്ങളിലൂടെ ഞാന്‍ ജീവിക്കും നിങ്ങളില്‍ ഞാന്‍ ഉണ്ട്. എന്റെ തലപോയാലും നിങ്ങളുടെ ഉടലിലൂടെ ഞാന്‍ ഉണ്ട് എന്നാണ് ക്രിസ്തു പറഞ്ഞത്. അതേ ഞാനും പറഞ്ഞിട്ടുള്ളൂ. അല്ലാതെ ഞാന്‍ യേശു ക്രിസ്തു ആണെന്നല്ല ഞാന്‍ പറഞ്ഞത്.

എന്നിലൂടെ യേശു ജീവിക്കുന്നു എന്നുമാത്രമെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ അവിടെ വന്ന് തെറി വിളിച്ച വിശ്വസികളെ നിങ്ങള്‍ കാണണം. ഇവര്‍ ബൈബിള്‍ എടുത്ത് ഒന്ന് വായിക്കണം.

ഒരു തെറ്റും ചെയ്യാത്ത എന്നെയാണ് തെറിവിളിച്ചത്. ഇവരാണോ സത്യ ക്രിസ്ത്യാനികള്‍ എന്നുപറയുന്നത്. ഒരു മതവും പറയാത്ത കാര്യങ്ങളാണ് ഇവിടുത്തെ ആളുകള്‍ ചെയ്തു കൂട്ടുന്നത്,” അലന്‍സിയര്‍ പറഞ്ഞു.

content highlight: actor alancier about socialmedia

We use cookies to give you the best possible experience. Learn more