| Saturday, 9th July 2022, 4:16 pm

കടുവയിലെ ആ ഫൈറ്റ് സീന്‍ ഡയരക്ട് ചെയ്തത് പൃഥ്വി; നേരത്തെ എടുത്തത് റീ ഷൂട്ട് ചെയ്യേണ്ടി വരികയായിരുന്നു: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്-വിവേക് ഒബ്രോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മാസ് എന്റര്‍ടൈനര്‍ ജോണറില്‍ എത്തിയ ചിത്രം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ വലിയ മാസ് സിനിമകളില്‍ ഒന്നുകൂടിയാണ് കടുവ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്.

ചിത്രത്തില്‍ പൃഥ്വിരാജിന്റെ വലം കയ്യായി എത്തുന്ന കഥാപാത്രമാണ് നടന്‍ അലന്‍സിയര്‍ അവതരിപ്പിച്ച വര്‍ക്കി സാര്‍. കടുവക്കുന്നേല്‍ കുര്യച്ചന്റെ അധ്യാപകനായ വര്‍ക്കി സാര്‍ കുര്യച്ചന്റെ എല്ലാ ചെയ്തികള്‍ക്കും ഒപ്പം നില്‍ക്കുന്ന ആള്‍ കൂടിയാണ്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍ അഭിനയിക്കുന്നതും ആദ്യമാണ്. ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗത്തില്‍ അലന്‍സിയറും ഭാഗമായിട്ടുണ്ട്. ആ ആക്ഷന്‍ രംഗം ഡയരക്ട് ചെയ്തത് പൃഥ്വിരാജാണെന്നും ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് താന്‍ പൃഥ്വിക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്ത് ഒരു കാര്യം പറഞ്ഞിരുന്നെന്നും അലന്‍സിയര്‍ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ചിത്രത്തിലേക്കുള്ള തന്റെ വരവിനെ കുറിച്ചും കഥാപാത്രത്തെ കുറിച്ചുമൊക്കെ അലന്‍സിയര്‍ സംസാരിച്ചത്.

‘കടുവയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ ഇടയ്ക്ക് ഷാജി സാര്‍ വേറൊരു ലൊക്കേഷനിലും രാജുവും ഞങ്ങളുമൊക്കെ വേറൊരു ലൊക്കേഷനിലുമായ അവസ്ഥയുണ്ടായി. ഒരു ആക്ഷന്‍ സീനാണ് എടുക്കുന്നത്. വായുവില്‍ നിന്നുള്ള അടിപിടി സീന്‍. ആ സീന്‍ റീ ഷൂട്ട് ചെയ്യേണ്ടി വന്നു. പിന്നീട് രാജുവാണ് ആ സീന്‍ ഡയരക്ട് ചെയ്യുന്നത്.

ഞാന്‍ രാജുവിന് ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു. ‘താങ്കളുടെ സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും ഈ സീനിലെങ്കിലും താങ്കളുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ പറ്റിയല്ലോ’ എന്ന്. ഒരു സീന്‍ എടുക്കുമ്പോള്‍ ഞാന്‍ തന്നെ രാജുവിനോട് പറഞ്ഞ കാര്യമുണ്ട്. ഒരു ആക്ടര്‍ എന്നതിനേക്കാളും അതായത് ആക്ടറിനേക്കാള്‍ ഉപരി ക്യാമറയ്ക്ക് പിറകില്‍ നില്‍ക്കുന്ന നിങ്ങളിലെ ഡയരക്ടറെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്ന്.

ഇപ്പോള്‍ തന്നെ ഇവിടെ ലൈറ്റ് ഓഫായപ്പോള്‍ നിങ്ങളാരും കണ്ടില്ലല്ലോ. ആ ലൈറ്റ് ഓണ്‍ ആക്കൂ എന്ന് അദ്ദേഹം പറഞ്ഞില്ലേ. അവിടെ ഒരു ഫോണ്‍ റിങ്ങ് ആയത് അദ്ദേഹം കൃത്യമായി കേട്ട് ഇടപെട്ടില്ലേ. അത് ഒരു സംവിധായകനില്‍ മാത്രം കാണുന്ന കാര്യങ്ങളാണ്. നടന്‍ പെര്‍ഫോം ചെയ്യുകയേ ഉള്ളൂ. പെര്‍ഫോം ചെയ്യിപ്പിക്കാന്‍ പറ്റിയ ആളാണ് രാജു എന്നാണ് എനിക്ക് തോന്നിയത്, അലന്‍സിയര്‍ പറഞ്ഞു.

കടുവ പോലൊരു വലിയ സിനിമയില്‍ അവസരം തന്നതിന് സംവിധായകനോടും നിര്‍മാതാവിനോടും നന്ദിയുണ്ടെന്നും കടുവാക്കുന്നേല്‍ കുര്യച്ചനും കുട്ടികള്‍ക്കും രണ്ടക്ഷരം പഠിപ്പിച്ചുകൊടുത്ത സ്‌കൂള്‍ മാഷായിട്ടാണ് ചിത്രത്തില്‍ തന്റെ കഥാപാത്രം വരുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.

കുര്യച്ചന്റെ കൂടെ നടക്കുന്ന ഒരു സുഹൃത്താണ് ഞാന്‍. ബാക്കി സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കറിയാം. ഇതൊരു കുരിശു യുദ്ധമായിട്ടാണ് എനിക്ക് തോന്നിയത്. കടുവയില്‍ കുരിശുയുദ്ധം നടക്കുന്നത് അധികാരികളോടും സഭാ മേലധ്യക്ഷന്‍മാരോടുമാണ്. അതില്‍ കുര്യച്ചനൊപ്പം നില്‍ക്കുന്ന വര്‍ക്കി സാറാണ് ഞാന്‍, അലന്‍സിയര്‍ പറഞ്ഞു.

Content Highlight: Actor Alancier about Kaduva Movie fight scene and prithviraj direction

We use cookies to give you the best possible experience. Learn more