സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും നടന്‍ മമ്മൂട്ടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അലന്‍സിയര്‍.
സിനിമയിലെ അത്തരം കാര്യങ്ങളെ കുറിച്ചൊന്നും തനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്നും മമ്മൂക്ക പറഞ്ഞതിന് ശേഷം പലതും തനിക്ക് ഒരു പാഠമാണെന്നും അലന്‍സിയര്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ മമ്മൂക്കയോടൊന്നിച്ച് കസബ എന്ന സിനിമ ചെയ്യുമ്പോള്‍ പൊലീസ് സ്റ്റേഷനിലേക്ക് വില്ലന്‍മാര്‍ വെടിവെക്കുന്ന രംഗമുണ്ട്. വില്ലന്‍മാര്‍ വെടിവെക്കുമ്പോള്‍ ഇലക്ട്രോണിക് എക്‌സ്‌പ്ലോസീവ്‌സ് ഉപയോഗിച്ച് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടാക്കുന്ന രംഗമാണ്.
ഒരു ഷോട്ട് കഴിഞ്ഞപ്പോള്‍ എന്താണ് ചെവിയില്‍ പഞ്ഞി വെക്കാത്തത് എന്ന് മമ്മൂക്ക ചോദിച്ചു. എനിക്ക് അതേ കുറിച്ച് അറിവില്ലെന്നും ആദ്യമായിട്ടാണ് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതെന്നും പറഞ്ഞു.
അപ്പോള്‍ തന്നെ മമ്മൂക്ക ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശി ചേട്ടനെ വിളിച്ച് എന്താണ് എനിക്ക് ചെവിയില്‍ വെക്കാന്‍ പഞ്ഞി കൊടുക്കാതിരുന്നത് എന്ന് ചോദിച്ചു. പുള്ളി ചോദിച്ചില്ല എന്നതായിരുന്നു മാസ്റ്ററുടെ മറുപടി.
എനിക്ക് അറിയാമെങ്കില്‍ മാത്രമല്ലേ ചോദിക്കാന്‍ പറ്റൂ. അതിന് ശേഷം പിന്നെ ഓരോ ഷോട്ടിലും ശശിയേട്ടന്‍ വന്നിട്ട് എന്റെ ചെവിയില്‍ പഞ്ഞി കുത്തിക്കേറ്റിത്തരും.
അപ്പോള്‍ മമ്മൂക്ക പറഞ്ഞ ഒരു ഡയലോഗാണ് എനിക്ക് വലിയ പാഠമായത്. എടോ പോയാല്‍ തനിക്ക് പോയി, തന്റെ കുടുംബത്തിനും പോയി. ഇവന്മാരാരും കൂടെ കാണില്ല. അവനവന്റെ സുരക്ഷ അവനവന്‍ തന്നെ നോക്കണം. ആ ഉപദേശം ഞാന്‍ പിന്നീട് ശ്രദ്ധിക്കാറുണ്ട്,’ അലന്‍സിയര്‍ പറഞ്ഞു.
അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. ‘തല്ലിക്കൊല്ലെടാ അവനെ’. ഞാന്‍ വില്ലനാണ്. നായകനെയാണ് തല്ലിക്കൊല്ലാന്‍ പറയുന്നത്. പക്ഷേ ഫൈറ്റേഴ്‌സ് വന്ന് എന്നെയാണ് തല്ലിയത്.
ചിത്രീകരണത്തിനിടെയുള്ള അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒരു ചുവട് തെറ്റിയിരുന്നെങ്കില്‍ ഞാന്‍ കൊക്കയിലേക്ക് പോയെനെ. ഇത്തരത്തിലുള്ള ജീവിതമാണ് അഭിനേതാക്കളുടേത്. സുരക്ഷിതത്വമില്ല,’ അലന്‍സിയര്‍ പറഞ്ഞു.
Content Highlight: Actor Alancier about Fight Sequences in Movies and Mammootty