|

ആ സീനിന്റെ പേരില്‍ സംവിധായകനുമായി വഴക്കായി; ഞാന്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി; പക്ഷേ സിനിമയില്‍ ഏറ്റവും ഗംഭീരമായത് ആ രംഗമാണ്: അലന്‍സിയര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അലന്‍സിയര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത അപ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. താരങ്ങളുടെ അഭിനയമികവും ശക്തമായ തിരക്കഥയുമാണ് ചിത്രത്തെ ഇത്രയേറെ മികവുറ്റതാക്കിത്.

കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഓരോ നിമിഷവും പ്രേക്ഷകനെ അമ്പരപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ എടുത്തുപറയേണ്ട പ്രകടനമാണ് നടന്‍ അലന്‍സിയറിന്റേത്. ഇട്ടിയെന്ന കഥാപാത്രം അലന്‍സിയറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണെന്നതില്‍ സംശയമില്ല.

അപ്പന്‍ എന്ന സിനിമയില്‍ എത്തിയതിനെ കുറിച്ചും ഇട്ടിയെന്ന കഥാപാത്രത്തെ കുറിച്ചും സംവിധായകന്‍ പറഞ്ഞപ്പോള്‍ തനിക്ക് തോന്നിയ സംശയത്തെപ്പറ്റിയുമൊക്കെ സംസാരിക്കുകയാണ് അലന്‍സിയര്‍. തനിക്ക് ഒട്ടും റിലേറ്റ് ചെയ്യാന്‍ പറ്റിയ കഥാപാത്രമായിരുന്നില്ല ഇട്ടിയുടേതെന്നും അപ്പന്‍ ഷൂട്ടിനിടെ സംവിധായകനുമായി പിണങ്ങിയേണ്ട സാഹചര്യം ഉണ്ടായിരുന്നെന്നും പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറയുന്നുണ്ട്.

‘അപ്പന് ഇതുവരെ ഒരു നെഗറ്റീവ് പ്രതികരണവും കിട്ടിയിട്ടില്ല. എന്റെ കഥാപാത്രത്തെ കുറിച്ച് കുറേ നെഗറ്റീവ് കേട്ടു. ഞാന്‍ വെറുപ്പിച്ചു കൊന്ന് എന്ന് ആളുകള്‍ പറയുന്നത് സന്തോഷം തരുന്ന പ്രതികരണമാണ്. ഈ സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ഞാന്‍ മജുവിനോട് ചോദിച്ചത് ഇങ്ങനെയൊക്കെ അപ്പനുണ്ടോ എന്നായിരുന്നു.

അദ്ദേഹം ഉണ്ടെന്ന് പറഞ്ഞു. എനിക്ക് ഒട്ടും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന അപ്പനായിരുന്നില്ല ഈ സിനിമയിലേത്. അപ്പോഴും മജു വളരെ കോണ്‍ഫിഡന്‍സായി പറയുന്നുണ്ട് ഇങ്ങനെയും അപ്പന്‍മാരുണ്ട് എന്ന്. ഞാന്‍ സ്‌നേഹമുള്ള ഒരു അപ്പനാണ്. എന്റെ മകന്‍ മുട്ടുപൊട്ടി താഴെ വീഴുമ്പോള്‍ കരയുന്ന അപ്പനാണ് ഞാന്‍. എന്റെ അപ്പനും അങ്ങനെ ആയിരുന്നു. ഇങ്ങനെ ഒരു അപ്പനെ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് അറിയില്ലായിരുന്നു. അത് മജുവിന്റെ ബ്രില്യന്‍സാണ്. ആദ്യം ഞാന്‍ ക്രെഡിറ്റ് കൊടുക്കുന്നത് മജുവിനാണ്. പിന്നെ കൂടെ വര്‍ക്ക് ചെയ്ത എല്ലാവര്‍ക്കും. ആ കൊച്ചുകുട്ടി വരെ. അവന്‍ വരെ എന്റെ ശബ്ദം സെറ്റില്‍ ഇമിറ്റേറ്റ് ചെയ്തിരുന്നു.

അപ്പന്റെ വര്‍ക്കിനിടയില്‍ ഞാനും മജുവുമായി വഴക്കുണ്ടായിട്ടുണ്ട്. എന്റെ ഒരു സ്വഭാവം വെച്ചിട്ട് എനിക്ക് മനസിലാകാത്ത ഒരു കാര്യമാണ് എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നതെങ്കില്‍ ഞാന്‍ വഴക്കുണ്ടാക്കും. അങ്ങനെ ഞങ്ങള്‍ വഴക്കായി. ആ ദിവസം ഞാന്‍ ആ സെറ്റില്‍ നിന്ന് പോയി.

എനിക്ക് മനസിലാകാത്ത കാര്യം എന്നെകൊണ്ട് ചെയ്യിപ്പിക്കരുതെന്ന് ഞാന്‍ പറയുമായിരുന്നു. ആക്ടര്‍ എന്ന രീതിയില്‍ കണ്‍വിന്‍സിങ് ആകാത്തതുകൊണ്ടാണ്. അങ്ങനെ വഴക്കും പിണക്കവുമായി. പക്ഷേ ആ സീനാണ് സിനിമയിലെ ഏറ്റവും ബെസ്റ്റ് സീന്‍ എന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി, അലന്‍സിയര്‍ പറഞ്ഞു.

അപ്പന് വേണ്ടി മാനസികമായോ ശാരീരികമായോ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അലന്‍സിയറിന്റെ മറുപടി.’ കട്ടിലില്‍ കിടക്കുക, സീന്‍ പറയുന്ന സമയത്ത് അഭിനയിക്കുക. അല്ലാതെ പ്രിപ്പറേഷനൊന്നും നടത്തിയിട്ടില്ല. അങ്ങനെ അഭിനയിക്കാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. അത് സംഭവിച്ചു. അങ്ങനെ ഒരു ഇട്ടി ഉണ്ടായി. ഇട്ടാവട്ടത്തില്‍ ഇട്ടി,’ അലന്‍സിയര്‍ പറയുന്നു.

Content Highlight: Actor Alancier about Appan Movie and His Character