അപ്പന്‍ എന്ന മജു സംവിധാനം ചെയ്ത ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തിന്റെ പ്രമേയവും താരങ്ങളുടെ പ്രകടനവും എല്ലാം ഒന്നിനൊന്ന് മികച്ചുനിന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അലന്‍സിയറിന്റെ പ്രകടനമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ക്രൂരനായ ഇട്ടിയെന്ന അപ്പനായി അലന്‍സിയര്‍ ജീവിക്കുകയായിരുന്നു ചിത്രത്തില്‍.
സിനിമയില്‍ താന്‍ എന്തെങ്കിലും നന്നായി ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് സംവിധായകന്‍ മജുവിന് മാത്രമാണെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു. കഥ കേട്ടപ്പോള്‍ ഇങ്ങനെയും അപ്പന്‍മാരുണ്ടാകുമോ എന്ന് താന്‍ ചോദിച്ചിരുന്നെന്നും ഉണ്ടെന്ന് മജു ഉറപ്പിച്ചു പറഞ്ഞെന്നും അലന്‍സിയര്‍ വ്യക്തമാക്കിയിരുന്നു. സിനിമ ഇറങ്ങിയ ശേഷം ഇങ്ങനെയുള്ള അപ്പന്‍മാരെ കുറിച്ച് പലരും തന്നോട് പറഞ്ഞെന്നും അലന്‍സിയര്‍ പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
സെറ്റില്‍ തനിക്കൊപ്പം വര്‍ക്ക് ചെയ്ത ഓരോരുത്തരും വളരെ ബ്രില്യന്റായി ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും ഷൂട്ട് കഴിഞ്ഞ ശേഷം ഒരു ദിവസം നടി അനന്യ തന്നെ വിളിച്ചിരുന്നെന്നും തന്നെ കുറിച്ചുള്ള ചില മുന്‍ധാരണങ്ങള്‍ അവര്‍ പങ്കുവെച്ചുവെന്നും അലന്‍സിയര്‍ പറയുന്നു.
അപ്പന്റെ ഷൂട്ടൊക്കെ കഴിഞ്ഞതിന് ശേഷം ഒരു ദിവസം രാത്രി 12 മണിയോടടുപ്പിച്ച് അനന്യയും ഭര്‍ത്താവും എന്നെ വിളിച്ചു. ‘ചേട്ടാ, ഞാന്‍ ഭയന്നിട്ടാണ് ഷൂട്ടിന് വന്നത്’ എന്നാണ് അനന്യ പറഞ്ഞത്. ആദ്യത്തെ സീന്‍ എടുക്കുമ്പോള്‍ രണ്ട് ദിവസം അവര്‍ക്ക് റീ വര്‍ക്ക് ചെയ്യേണ്ടി വന്നെന്ന് പറഞ്ഞു. ചത്തോടീ എന്ന് സ്വപ്‌നം കണ്ട് അമ്മച്ചി ചോദിക്കുന്ന സീന്‍.
അതിന് ശേഷമാണ് ഞാന്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്. സീന്‍ റീ ടേക്ക് പോയാല്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നുവത്രേ.
പുള്ളി ഭയങ്കര പ്രശ്‌നക്കാരനും ബഹളക്കാരനുമാണെന്ന് കേട്ടിട്ടുണ്ട്. റീ ടേക്കൊക്കെ പോകുമ്പോള്‍ പ്രശ്‌നമാകുമോ എന്ന് അനന്യ മജുവിനോട് ചോദിച്ചിരുന്നു എന്നാണ് പറഞ്ഞത്.
ഞാനൊരു പ്രശ്‌നക്കാരനും ബഹളക്കാരനുമല്ല. നമ്മള്‍ ഒരു പ്രശ്‌നത്തിനോട് പ്രതികരിക്കുമ്പോള്‍ നമ്മളും ഒരു പ്രശ്‌നക്കാരനാകും. ഒരു പ്രശ്‌നം വന്നാല്‍ അതിനോട് റിയാക്ട് ചെയ്യണം. അല്ലെങ്കില്‍ നമ്മള്‍ മനുഷ്യനല്ല നമ്മള്‍ ഡെഡ്‌ബോഡിയാവും. അതേ ഞാനും ചെയ്തുള്ളൂ. ഈ സമയത്ത് ഞാന്‍ കൂടുതല്‍ പൊളിറ്റിക്‌സ് പറയുന്നില്ല, അലന്‍സിയര്‍ പറഞ്ഞത്.
ചിത്രത്തില്‍ ഷീലയെന്ന കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെയും മനഹോരമായിട്ടുമാണ് രാധിക ചെയ്തതെന്നും അലന്‍സിയര്‍ പറഞ്ഞു. രാധികയെ എനിക്ക് നേരത്തെ അറിയില്ല. അവര്‍ എന്താണ് ചെയ്തതെന്നോ അവരുടെ ജോലി എന്താണെന്നോ ഒന്നും. പക്ഷേ മനോഹരമായി അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. എക്‌സ്പീരിയന്‍സുള്ളവര്‍ക്കൊപ്പമാണ് അവര്‍ ചെയ്തത്. പക്ഷ കലക്കി കളഞ്ഞു. ഒറ്റ കുത്തുകൊണ്ട് അപ്പനെ തീര്‍ത്തില്ലേ (ചിരി), അലന്‍സിയര്‍ പറഞ്ഞു.
അപ്പന്‍ താന്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ച സിനിമയായിരുന്നുവെന്ന് അലന്‍സിയര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആ സമയത്ത് താന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും ഇട്ടിയെന്ന കഥാപാത്രവുമായി ചെറിയൊരു സാമ്യത ചതുരത്തിലെ കഥാപാത്രത്തിന് തോന്നിയെന്നുമാണ് അലന്‍സിയര്‍ പറയുന്നത്.
രാജീവ് രവി പറഞ്ഞിട്ടാണ് മജു തന്നെ ഈ കഥാപാത്രത്തിന് വേണ്ടി വിളിച്ചതെന്നും ചെയ്യുന്നില്ലെന്നാണ് ആദ്യം മജുവിന് നല്‍കിയ മറുപടിയെന്നും അലന്‍സിയര്‍ പറയുന്നു.
‘അപ്പന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ അത് ആദ്യം വേണ്ടെന്ന് വെച്ചിരുന്നു. ചതുരത്തിലും സമാനമായ ഒരു കഥാപാത്രമാണ്. എന്നെ മജുവിന് പരിചയപ്പെടുത്തുന്നത് രാജീവ് രവിയാണ്. ഞാന്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോള്‍ മജു അക്കാര്യം രാജീവിനെ വിളിച്ചു പറഞ്ഞു. അങ്ങനെ രാജീവ് രവി എന്നെ വിളിച്ചു. അലന്‍സിയര്‍ എത്രത്തോളം പൊലീസ് വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഇതും ഒരു ചലഞ്ചായി എടുക്കൂ എന്ന് പറഞ്ഞു.
രാജീവ് തന്ന ആ കോണ്‍ഫിഡന്‍സിലാണ് അപ്പന്‍ ചെയ്യാന്‍ തീരുമാനിച്ചത്. എനിക്ക് ഇപ്പോഴും ഭയമുണ്ട്. ചതുരം ഇറങ്ങുകയാണ്. രണ്ടും ഒന്നായി തീരുമോ എന്ന ഭയമാണ് അത്. ഞാന്‍ എത്രത്തോളം ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് അറിയില്ല. രണ്ട് സംവിധായകരുടെ ക്രിയേറ്റിവിറ്റി തന്നെയാണ്. എങ്കിലും ചെറിയൊരു പേടിയുണ്ട്, അലന്‍സിയര്‍ പറഞ്ഞു.
Content Highlight: Actor Alancier about Ananyas Phone call after Appan Shoot