കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ തന്റെ കനേഡിയന്‍ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തുന്നത്.
ഇത്തരം ട്രോളുകളും വിമര്‍ശങ്ങളും തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പാസ്‌പോര്‍ട്ടുകള്‍ ഉപേക്ഷിക്കുകയാണെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നുമാണ് നടന്‍ പറയുന്നത്.
”ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. അതെല്ലാം തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും. 1990കളില്‍ എന്റെ കരിയര്‍ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ആ കാലയളവില്‍ തിയേറ്ററുകളില്‍ പരാജയം നേരിട്ടത്,”അക്ഷയ് കുമാര്‍ പറഞ്ഞു.
സിനിമകളുടെ മോശം ബോക്സ് ഓഫിസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
”എന്റെ സിനിമകള്‍ ആളുകള്‍ക്ക് വര്‍ക്ക് ആവുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോയെന്ന് ഞാന്‍ കരുതി. പലരും വിദേശത്ത് ജോലി തേടി പോകുന്നുണ്ട്. അതുകൊണ്ട് ജോലിക്കായി കാനഡയില്‍ പോകാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്ത് കാനഡയിലാണ്. അങ്ങനെ ഞാന്‍ കാനഡയിലേക്ക് പോകുകയായിരുന്നു.
പിന്നാലെ എന്റെ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. അതുകൊണ്ട് തന്നെ ”തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ” എന്ന് എന്റെ സുഹൃത്ത് പറഞ്ഞു. വീണ്ടും എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു. പാസ്‌പോര്‍ട്ട് ഉണ്ടെന്ന കാര്യം പോലും ഞാന്‍ മറന്നു. ഈ പാസ്‌പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല.” അക്ഷയ് കുമാര്‍ പറഞ്ഞു.
സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. അക്ഷയ് കുമാറിനൊപ്പം ഇമ്രാന്‍ ഹാഷ്മിയും മുഖ്യ കഥാപാത്രമായി എത്തുന്നു. സിനിമ വെള്ളിയാഴ്ച തിയറ്ററുകളിലെത്തി.
2019ല്‍ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ഡ്രൈവിങ് ലൈസന്‍സ് എന്ന മലയാളം സിനിമയുടെ ഹിന്ദി റിമേക്കാണ് സെല്‍ഫി.
content highlight: actor akshay kumar about canadian passport