| Tuesday, 4th October 2022, 2:44 pm

വിനീത് ഒറ്റക്ക് പോയാല്‍ അവന് ഭക്ഷണം കൊടുക്കില്ല; ഡ്രൈവറാണെന്ന് കരുതി മാറ്റി നിര്‍ത്തും, ഞങ്ങള്‍ക്ക് മാത്രം ഭക്ഷണം തരും: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നിര്‍മിച്ച് 2015ല്‍ ഇറങ്ങിയ ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. ഷൂട്ടിങ്ങിനായി കുംഭകോണത്തില്‍ പോയപ്പോള്‍ വിനീത് ശ്രീനിവാസന് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു.

ഹോട്ടലില്‍ പോയപ്പോള്‍ വിനീത് ഡ്രൈവറാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം കൊടുത്തിരുന്നില്ല. ഈ അനുഭവം ഓര്‍ത്ത് കൗമുദി മൂവിസിനോട് പറയുകയാണ് അജു വര്‍ഗീസ്.

”വിനീതും ഞാനും നിവിനും കുംഭകോണത്തില്‍ ഒരു വടക്കന്‍ സെല്‍ഫിയുടെ ഷൂട്ടിന് പോയി. അതില്‍ വിനീതിന്റെ കഥാപാത്രം ടാക്‌സി ഡ്രൈവറാണ്. അവിടത്തെ ഹോട്ടലില്‍ വിനീത് ഒറ്റക്ക് കേറിയാല്‍ അവന് ഭക്ഷണം കൊടുക്കില്ലായിരുന്നു. ഡ്രൈവറാണെന്ന് കരുതി അവര്‍ മൈന്‍ഡ് ചെയ്യില്ല.

നിവിനെ അവിടെ അധികപേര്‍ക്കും ആ സമയത്ത് അറിയാമായിരുന്നു. നേരം ഒക്കെ അവിടെ ഹിറ്റായിരുന്നു. അതിലെ പാട്ടുകളൊക്കെ ഇടക്ക് അവിടത്തെ സണ്‍ ടി.വിയില്‍ ഒക്കെ വരുന്നതാണ്. ഞാന്‍ ഇവന്റെ കൂടെ പോവുന്നത് കൊണ്ട് അവിടെ ഉള്ളവര്‍ ഞാനും ആര്‍ട്ടിസ്റ്റാണെന്ന് കരുതും, എനിക്കും ഭക്ഷണം തരും.

വിനീത് ഒറ്റക്ക് പോയാല്‍ ഉക്കാര്‍ തമ്പി എന്ന് പറഞ്ഞ് അവര്‍ അങ്ങ് പോകും. പത്ത് മിനുറ്റ് കഴിയുമ്പോള്‍ അവന്‍ സാര്‍ എന്ന് വിളിക്കും. അവരാണേല്‍ വരാം വരാമെന്ന് പറയും ഭക്ഷണം കൊടുക്കാന്‍ ലേറ്റാകും. വസ്ത്രം നോക്കീട്ടാണ് അങ്ങനെ ചെയ്യുന്നത്. ടാക്‌സി ഡ്രൈവറാണല്ലോ.

ഫുള്‍ അവഗണനയായിരുന്നു അവനോട്. ഞങ്ങള്‍ അവരോട് ചോദിച്ചു വസ്ത്രം വെച്ചിട്ട് ഒരാളോട് ഇങ്ങനെ ചെയ്യുന്നത് തെറ്റല്ലെയെന്ന്. അവര്‍ മാപ്പ് പറഞ്ഞു. ഇല്ല തമ്പി തെറ്റ് പറ്റിപ്പോയി എന്നൊക്കെ പറഞ്ഞ് മാപ്പ് ചോദിച്ചു,”അജു വര്‍ഗീസ് പറഞ്ഞു.

അതേസമയം ഇരുവരുടെയും പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റ് ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യും. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യത്തെ ഹ്യൂമര്‍ ജേണറിലുള്ള ചിത്രം കൂടിയാണ് സാറ്റര്‍ഡേ നൈറ്റ്.

ചിത്രത്തില്‍ സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, അന്തരിച്ച നടന്‍ പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Actor Aju Varghese shares a memory with Vineeth Sreenivasan

We use cookies to give you the best possible experience. Learn more