Film News
ആക്ഷന്‍ സിനിമ ചെയ്യാനായി വിളിച്ചിട്ടുണ്ട്, കൊള്ളാവുന്ന നടന്മാരോട് കഥ പറയാന്‍ ഡേറ്റ് കിട്ടാത്തത് കൊണ്ടാണ്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 17, 05:44 pm
Saturday, 17th June 2023, 11:14 pm

ആക്ഷന്‍ സിനിമ ചെയ്യാനായി തന്നെ പുതുമുഖം സംവിധായകര്‍ വിളിച്ചിട്ടുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. കൊള്ളാവുന്ന നടന്മാരുടെ ഡേറ്റ് കിട്ടാത്തതുകൊണ്ടാണ് അവര്‍ തന്നെ സമീപിക്കുന്നതെന്നും അങ്ങനെയൊരു സിനിമ ചെയ്താല്‍ അവരുടെ ജീവിതം തീരുമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്നും അജു വര്‍ഗീസ് പറഞ്ഞു. സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ആക്ഷന്‍ ചെയ്താല്‍ നല്ല തമാശ ആയിരിക്കും. എന്നെ ആക്ഷന്‍ ചെയ്യാന്‍ പുതുമുഖ സംവിധായകര്‍ വിളിച്ചിട്ടുണ്ട്. എനിക്കറിയാം അവര്‍ക്ക് കൊള്ളാവുന്ന നടമാരോട് കഥ പറയാന്‍ ഡേറ്റ് കിട്ടാത്തത് കൊണ്ടാണ്. ഞാന്‍ അവരോട് തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളിത് ചെയ്താല്‍ നിങ്ങളുടെ ജിവിതം അവിടെ തീരുമെന്ന്. എന്നെ കൊണ്ട് ആക്ഷന്‍ ചെയ്യിപ്പിച്ച്, ആള്‍ക്കാര്‍ കൂവി സംവിധായകന്‍ ഡിപ്രഷന്‍ അടിച്ച് ഇരിക്കും. എനിക്ക് പിന്നെയും ഓക്കെ ആയിരിക്കും. എന്നെ ബാധിക്കുന്ന ആ സ്റ്റേജ് കഴിഞ്ഞു. അവന്റെ ആദ്യത്തെ സിനിമയാണ്, എന്നന്നേക്കും കൂവലിന്റെ ഒച്ചയായിരിക്കും അവന്റെ ചെവിയില്‍,’ അജു പറഞ്ഞു.

വിമര്‍ശനങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും റിവ്യൂകള്‍ കാണാറുണ്ടെന്നും അജു പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോഴും ആളുകള്‍ തന്റെ അടുത്ത് വന്ന് കുറ്റം പറയുമ്പോള്‍ തനിക്കൊരു നാഗവല്ലി എഫക്ടാണ് കിട്ടാറുണ്ടായിരുന്നതെന്നും അജു പറഞ്ഞു.

‘പണ്ട് കോളേജില്‍ പഠിക്കുമ്പോഴും എന്റെ അടുത്ത് വന്ന് എന്നെ കുറ്റം പറയുമ്പോള്‍ എനിക്ക് അവരുടെ മുഖത്തെ സന്തോഷം ഇഷ്ടമാണ്. ഒരു നാഗവല്ലി എഫക്ട് എനിക്ക് കിട്ടാറുണ്ട്. എന്റെ കൂടെ പഠിച്ച ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ നന്നായി പഠിക്കും. ഒരിക്കല്‍ ഞാനവളുടെ അച്ഛനോട് സംസാരിച്ചപ്പോള്‍ എനിക്ക് ഒന്‍പത് സപ്ലിയുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് എന്നെക്കാളും മികച്ചതാണല്ലോ മകള്‍ എന്നൊരു സന്തോഷം വന്നു. അതില്‍ ഞാനൊരു ആസ്വാദനം കാണാറുണ്ട്.

 

ഇപ്പോഴും എന്റെ അടുത്ത് വന്നിട്ട് പടമില്ലേയെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ എനിക്ക് റിലീസ് ചെയ്യാന്‍ പടമുണ്ടെങ്കിലും ഞാന്‍ വെറുതെ ഇല്ലെന്ന് പറയും. അപ്പോള്‍ ആ ഇല്ലല്ലേ എന്നൊരു സന്തോഷം കാണും അവരുടെ മുഖത്ത് അത് കാണുമ്പോള്‍ എനിക്കൊരു സന്തോഷമാണ്. ചെറിയൊരു വട്ട്,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Actor Aju Varghese says he was called by new directors to do an action film