Entertainment
സാജന്‍ ബേക്കറിക്ക് 'ഹൗസ് ഫുള്‍ ബോര്‍ഡ് എവിടെ നിന്ന് ഒപ്പിച്ചു'വെന്ന് കമന്റ്; അജു വര്‍ഗീസിന്റെ മറുപടിയില്‍ പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 15, 12:28 pm
Monday, 15th February 2021, 5:58 pm

പുതിയ ചിത്രമായ സാജന്‍ ബേക്കറിയുമായി ബന്ധപ്പെട്ട് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയും അതിനുവന്ന കമന്റും താരത്തിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

റാന്നിയിലെ ഒരു തിയേറ്ററില്‍ ചിത്രം ഹൗസ് ഫുള്‍ ആണെന്ന ബോര്‍ഡ് തൂക്കിയതിന്റെ ചിത്രമായിരുന്നു അജു വര്‍ഗീസ് പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ റാന്നിയായിരുന്നു. ഈ പോസ്റ്റിന് താഴെ ‘ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു…?’ എന്ന കമന്റുമായി ശ്രീകാന്ത് എന്നയാള്‍ എത്തി.

ശ്രീകാന്തിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് മറുപടി കമന്റുകളായുമെത്തിയത്. അജു വര്‍ഗീസും ഒരു മറുപടി നല്‍കി. ആ മറുപടി കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. കടം പറഞ്ഞുവാങ്ങി എന്നാണ് ശ്രീരാഗിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് അജു കമന്റ് ചെയ്തത്.

പടം മികച്ചതാണെന്നും റാന്നിയില്‍ മാത്രമല്ല മറ്റു പലയിടത്തും ഹൗസ് ഫുള്ളായാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നും കമന്റുകള്‍ വരുന്നുണ്ട്. അജുവിന്റെ അഭിനയത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഒരുപാട് പേര്‍ വരുന്നുണ്ട്.

കമലയ്ക്ക് ശേഷം അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി ഫണ്‍ന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സംവിധാനം അരുണ്‍ ചന്തുവാണ്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അനീഷ് മോഹന്‍ സഹനിര്‍മാണം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രസംയോജനം അരവിന്ദ് മന്മഥന്‍, വസ്ത്രാലങ്കാരം ബുസ്സി, കലാസംവിധാനം എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍ എന്നിവരാണ്. ഫെബ്രുവരി 12നാണ് ചിത്രം റിലീസ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Aju Varghese’s comment related new movie Sajan Bakery gone viral