|

'മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമയിരുന്നു'; നിയന്ത്രണങ്ങള്‍ ലംഘിച്ച് രജിത്കുമാറിനെ സ്വീകരിക്കാനെത്തിയവര്‍ക്കെതിരെ അജു വര്‍ഗീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ വിമാനത്താവളത്തില്‍ എത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്.

ആരാധന ഒരോ വ്യക്തിയുടെ ഇഷ്ടവും താല്പര്യവുമൊക്കെ ആണെന്നും, പക്ഷേ മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നില്ലേ എന്നുമാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആള്‍ക്കാരുടെ ഫോട്ടോ സഹിതം അജു തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് 19 ഭീതി തുടരുമ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേരാണ് കൊച്ചിവിമാനത്താവളത്തില്‍ എത്തിയത്.

നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും  എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.

സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളെയും മറികടന്ന് രജിത് കുമാറിന്റെ ആരാധകരടങ്ങുന്ന വലിയ ജനക്കൂട്ടം വിമാനത്താവളത്തില്‍ തടിച്ചുകൂടിയതിനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണയും ഡോ ധന്യാ മാധവും പരാതി നല്‍കിയിരുന്നു.

ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ടി.വി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന്  ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കിയിരുന്നു.

‘ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന നാല് പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും’, കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ