ചെറുപ്പം മുതല്‍ ബോഡി ഷെയ്മിങ് വലിയ രീതിയില്‍ നേരിട്ട ആളാണ് താനെന്നും നീളം കുറഞ്ഞതിന്റെ പേരിലൊക്കെ പലരും അന്ന് കളിയാക്കിയിരുന്നെന്നും നടന്‍ അജു വര്‍ഗീസ്.
ബോഡി ഷേമിങ് തെറ്റാണെന്നും സുഹൃത്തക്കളോടാണെങ്കില്‍ പോലും നമ്മള്‍ അത്തരത്തിലുള്ള കമന്റുകള്‍ പറയാന്‍ പാടില്ലെന്നുമൊക്കെ തിരിച്ചറിയുന്നത് അടുത്ത കാലത്താണെന്നും അജു വര്‍ഗീസ് പറഞ്ഞു.
നിവിന്‍ പോളി, സിജുവില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ഡേ നൈറ്റ് സിനിമയുടെ ഭാഗമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ബോഡി ഷെയ്മിങ് തെറ്റാവുന്ന ഒരു കാലഘട്ടം വന്നതുകൊണ്ട് രക്ഷപ്പെട്ട ഒരാളാണ് ഞാന്‍. ചെറുപ്പം മുതല്‍ കുള്ളാ കുള്ളാ വിളി കേട്ട് എനിക്ക് ശീലമായി. പക്ഷേ അത് തെറ്റാണെന്ന് അടുത്തിടെയാണ് ഞാന്‍ അറിഞ്ഞത്. പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ചൊക്കെ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അറിഞ്ഞു തുടങ്ങിയത്.
അപ്പോള്‍ മാത്രമാണ് നമ്മള്‍ സുഹൃത്തുക്കളോട് പോലും തമാശ രൂപേണ അങ്ങനെ പറയരുതെന്ന് അറിയുന്നത്. ഇന്ന് നമ്മള്‍ ഇത് ആസ്വദിക്കില്ല. എന്റെ കാര്യം പറഞ്ഞാല്‍ ഞാനൊക്കെ 80 കളില്‍ ജനിച്ച ആളാണ്.
നമ്മള്‍ ചെറുപ്പത്തില്‍ കണ്ട ആസ്വാദന രീതിയോ സോഷ്യല്‍ ലൈഫോ അല്ല ഇന്ന്. ഒരു കാര്യം കണ്ടാല്‍ ഇത് തെറ്റാണെന്ന് ഇന്ന് നമുക്ക് അറിയാം. ഒരാളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഒരു കാര്യം കണ്ടാല്‍ ഇത് തെറ്റല്ലേ എന്ന് തോന്നിത്തുടങ്ങി.
ആ തോന്നല്‍ ഞങ്ങളിലും കൂടി ഉണ്ടാക്കി. ഞങ്ങളുടെ മുന്‍ തലമുറയ്ക്കും അത് തോന്നി തുടങ്ങി. മാറ്റങ്ങള്‍ വന്നു. ശരിക്കും അതിന്റെ ക്രഡിറ്റ് ഇന്നത്തെ തലമുറയ്ക്കാണ്. നല്ല മൂവ്‌മെന്റാണ് അത്.
ഇന്ന് ഒരു ബോഡി ഷെയ്മിങ് ടോക്കോ സ്ത്രീ വിരുദ്ധതയോ അത്യാവശ്യം ബുദ്ധിയും ബോധവും ഉള്ളവര്‍ ആരും പ്രോത്സാഹിപ്പിക്കില്ല. പിന്നെ ഇപ്പോള്‍ തിരക്കഥയെഴുതുന്നവരും നടന്മാരുമൊക്കെ അത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് തോന്നുന്നത്, അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Actor Aju Varghese about the body shaming he faced and the present situation