|

രാത്രി 12 മണിക്ക് ശേഷമാണ് ഷൂട്ട്, അടിച്ചുഫിറ്റായുള്ള ചിലരാണ് ചുറ്റുമുള്ളത്; 21 ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യ വെബ് സീരിസ് ആയ കേരള ക്രൈം ഫയല്‍സ്: സീസണ്‍ വണ്‍, ഷിജു പാറയില്‍ വീട് ജൂണ്‍ 23 ന് റിലീസിനൊരുങ്ങുകയാണ്.

സീരീസിന്റെ ഷൂട്ടിനിടെയുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അജു വര്‍ഗീസ്. എത്ര ടേക്കെടുത്തിട്ടും ശരിയാകാതെ ‘അരിമണി പെറുക്കേണ്ടി’ വന്ന തന്റെ അവസ്ഥയെ കുറിച്ചാണ് അജു വര്‍ഗീസ് പ്രസ് മീറ്റില്‍ സംസാരിക്കുന്നത്. രാത്രി 12 മണിക്ക് ശേഷം നടന്ന ഷൂട്ടില്‍ 22 ടേക്ക് വരെ പോയ സീനുണ്ടായതെന്നും ഇതിനിടെ പല കമന്റുകളും താന്‍ കേട്ടെന്നും താരം പറയുന്നു.

‘സാധാരണ സിനിമകളില്‍ വിളിച്ചുടനെ പോയി അഭിനയിക്കുന്ന ഒരാളാണ് ഞാന്‍. കൂടുതലൊന്നും ചോദിക്കില്ല. എന്നാല്‍ ഇതിലെ കഥാപാത്രം കേട്ടപ്പോള്‍ മനസുകൊണ്ട് ഇത് ചെയ്യണമെന്ന് തോന്നി. ഇങ്ങോട്ട് വന്ന ഭാഗ്യത്തിനൊപ്പം ഞാന്‍ യാത്ര ചെയ്തു എന്നേയുള്ളൂ.

അഹമ്മദ് പറഞ്ഞത് പോലെ ശ്രദ്ധിച്ചു കേട്ടു ചെയ്ത സീരീസാണ് ഇത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്ന ഒരു രംഗമുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് പുറത്ത് ഒരു നൈറ്റ് സീന്‍ ഷൂട്ട് ചെയ്യുകയാണ്. 21 ടേക്ക് കടന്നു. വലിയ തെറ്റുകളൊന്നും വരുത്തിയിട്ടല്ല. അഹമ്മദിന്റെ മനസില്‍ ഉദ്ദേശിച്ചത് എത്തിയിട്ടില്ല. അതുകൊണ്ട് പുള്ളിയിങ്ങനെ റീ ടേക്ക് വിളിക്കുകയാണ്.

ഭയങ്കര ബുദ്ധിമുട്ടുള്ള ഒരു ഡയലോഗുണ്ടായിരുന്നു. അതില്‍ ഉടക്കിയിങ്ങനെ നില്‍ക്കുകയാണ്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞതുകൊണ്ട് തന്നെ അടിച്ചുഫിറ്റായ ചില കാണികളൊക്കെയായിരുന്നു ചുറ്റും നിന്നത്. അതിനിടെ ഒരു കമന്റ് ഞാന്‍ കേട്ടു. ഈ കുള്ളനെയൊക്കെ ആരാ പൊലീസില്‍ എടുത്തത് എന്നായിരുന്നു അതിലൊന്ന്.

ഓള്‍റെഡി മസിലുപിടിച്ചാണ് ഞാന്‍ നില്‍ക്കുന്നത്. ഇത് കേട്ടിട്ടും നില്‍ക്കുകയാണ്. ഇവനൊക്കെ വേറെ എന്തെങ്കിലും പണിക്ക് പോയിക്കൂടെ എന്നായി മറ്റൊരാളുടെ കമന്റ്.

ഞാന്‍ നന്നായി ചെയ്യുന്നുണ്ട്. ഇവന്‍ വീണ്ടും റീ ടേക്ക് വിളിക്കുകയാണ് എന്ന് എനിക്ക് പറയണമെന്നുണ്ട്. അവസാനം 22ാമത്തെ ടേക്ക് ഓക്കെയായി. അപ്പോള്‍ ഞാന്‍ വണ്‍സ് മോര്‍ എന്ന് പറഞ്ഞു (ചിരി). ഇവന്‍ നന്നാക്കാന്‍ വേണ്ടി ചെയ്യുകയാണെന്ന് അവര്‍ വിചാരിച്ചോട്ടെ എന്ന് കരുതിയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

അത്തരത്തില്‍ വലിയൊരു ലേണിങ് തന്ന സീരീസാണ് ഇത്. അഹമ്മദിനും ടീമിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയ സന്തോഷമാണ്. എല്ലാവരും അവരുടെ ബെസ്റ്റ് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു അവകാശവാദവുമില്ല. നമ്മുടെ ഭാഷയില്‍ ആദ്യമായി വരുന്ന വെബ് സീരീസാണ്. തെറ്റു കുറ്റങ്ങള്‍ ഉണ്ടാവാം. നിങ്ങളുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും തിരുത്താനും ഞങ്ങള്‍ തയ്യാറാണ്.

ഡിസ്‌നി പറഞ്ഞത് അവര്‍ക്ക് താരങ്ങളെ ആവശ്യമില്ലെന്നാണ്. അത് അവരുടെ നല്ല മനസാണ്. അതുകൊണ്ടാണ് ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് അവസരം കിട്ടിത്. ഇതിലുള്ള 90 ലേറെ പേര്‍ പുതുമുഖങ്ങളാണ്. അവര്‍ക്കൊക്കെ അവസരം കിട്ടി. ഇത്തരത്തില്‍ വിവിധ ഫോര്‍മാറ്റുകളിലൂടെ മലയാള സിനിമ മുന്നോട്ടു പോകട്ടെ. ഇന്ത്യന്‍ സിനിമ നമ്മളെ നോക്കിക്കാണട്ടെ,’ അജു വര്‍ഗീസ് പറഞ്ഞു.

പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പൂര്‍ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്‌ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണ്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അഹമ്മദ് കബീര്‍.

Content Highlight: Actor Aju Varghese about Kerala Crime Files