സിനിമയില്‍ നായക കഥാപാത്രങ്ങള്‍ മാത്രം ചെയ്യുന്ന ഒരു കരിയറിനെ കുറിച്ച് താന്‍ സ്വപ്‌നം കാണുന്നില്ലെന്നും അത്തരമൊരു ആഗ്രഹം തനിക്കില്ലെന്നും നടനും നിര്‍മാതാവുമായ അജു വര്‍ഗീസ്.
തന്റെ പരിമിതികളെ കുറിച്ച് വ്യക്തമായി അറിയാമെന്നും ഇടയ്ക്ക് എപ്പോഴെങ്കിലും ഇണങ്ങുന്ന നായകവേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യാനാണ് താത്പര്യമെന്നും അജു വര്‍ഗീസ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കമല എന്ന ചിത്രത്തിന് ശേഷം സാജന്‍ ബേക്കറിയില്‍ വീണ്ടും നായകവേഷത്തിലെത്തുകയാണ് അജു. ഒരു ചുവടുമാറ്റത്തിനുള്ള തയ്യാറെടുപ്പിലാണോ അജു എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും സാജന്‍ ബേക്കറി നായക പ്രാധാന്യമുള്ള ഒരു സിനിമയല്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.
സാജന്‍ ബേക്കറി കാണുമ്പോള്‍ ആളുകള്‍ക്ക് അത് മനസിലാകും. നായക കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് അത്ര താത്പര്യമല്ല. മികച്ച സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞു.
അഭിനയം തുടങ്ങിയത് പോലെ തന്നെ നിര്‍മാണത്തിലേക്കും വിതരണത്തിലേക്കും കടന്നത് യാദൃശ്ചികമാണെന്നും എല്ലാ മേഖലയേയും അറിയണം എന്ന ആഗ്രഹം തന്നെയാണ് പുതിയ ചുവടുവെപ്പുകളിലേക്ക് നയിക്കുന്നതെന്നും അജു വര്‍ഗീസ് പറഞ്ഞു.
അഭിനയത്തിന് തന്നെയാണ് പ്രഥമ പരിഗണന. മറ്റു മേഖലകള്‍ ശ്രമിച്ചു നോക്കുകയാണ്. പറ്റില്ല എന്ന് മനസിലായാല്‍ അപ്പോള്‍ തന്നെ നിര്‍ത്തും,അജു പറഞ്ഞു.
സിനിമയിലെ പുതിയ മേഖലകളിലേക്കുള്ള ചുവടുവെപ്പുകള്‍ക്കടക്കം എല്ലാ തീരുമാനങ്ങള്‍ക്കും പിന്താങ്ങായത് സൗഹൃദങ്ങള്‍ തന്നെയാണെന്നും ഇപ്പോഴും സിനിമ സംബന്ധിച്ച് എന്തെങ്കിലും ഉപദേശം തേടേണ്ടി വന്നാല്‍ ആദ്യം വിളിക്കുക വിനീതിനെയാണെന്നും അജു വര്‍ഗീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക