| Wednesday, 5th January 2022, 3:45 pm

ബേസിലിനെ വിലയിരുത്താന്‍ ആളല്ല, അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ആരാധകനാണ് ഞാന്‍: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യക്ക് പുറത്തേക്കും മിന്നല്‍ മുരളിയുടെ പ്രേക്ഷക സ്വീകാര്യത പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയാകെ വന്‍വിജയം നേടിയിരുന്നു. നിരവധി പ്രമുഖരാണ് ചിത്രത്തെ അഭിനന്ദിച്ചു രംഗത്തെത്തിയത്.

ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രമായിരുന്നു അജു വര്‍ഗീസിന് ലഭിച്ചിരുന്നത്. ടൊവിനോയുടെ കഥാപാത്രത്തിന്റെ അളിയനായെത്തിയ അജുവിന്റെ കോമഡികള്‍ കേട്ട് ചിരിക്കാന്‍ നോക്കിയിരുന്ന് പ്രേക്ഷകരെ വില്ലന്‍ ഷേഡിലുള്ള കഥാപാത്രം ഞെട്ടിച്ചിരുന്നു.

ബേസിലിന്റെ മൂന്ന് സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. ബേസിലിനെ വിലയിരുത്താന്‍ താന്‍ ആളല്ലെന്നും അദ്ദേഹം മികച്ച ക്രാഫ്റ്റ്മാനാണെന്നും പറയുകയാണ് അജു വര്‍ഗീസ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ബേസിലിനെ പറ്റി പറഞ്ഞത്.

‘സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് തോന്നിയിരുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ പ്രയത്നമാണ് ഇതയും വലിയ വിജയമാക്കി തീര്‍ത്തത്. സംവിധായകന്‍ എന്ന നിലയില്‍ ബേസിലിനെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ആരാധകനാണ് ഞാന്‍. ബേസില്‍ ചെയ്ത മൂന്ന് ചിത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം മികവ് തെളിയിച്ചതുകൊണ്ടാണ്,’ അജു പറഞ്ഞു.

‘ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ എന്നിവരുടെ നിശ്ചയദാര്‍ഢ്യവും ക്ഷമയും മറ്റെല്ലാ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രയത്നഫലവുമായാണ് ഈ വിജയം ലഭിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആഗോളതലത്തില്‍ ചര്‍ച്ചയാക്കാന്‍ കഴിയുന്ന നല്ല സിനിമകള്‍ ഇനിയും വരട്ടെ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു താത്വിക അവലോകനമാണ് അജുവിന്റേതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം. മറ്റൊന്ന് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍, വിനീത് ശ്രീനിവാസന്റെ പ്രണയം, പ്രകാശന്‍ പറക്കട്ടെ എന്നീ ചിത്രങ്ങളാണ്.

കഴിഞ്ഞ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തത്.

നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more