| Saturday, 11th June 2022, 2:16 pm

എടാ ഭാഗ്യം, മോശം പടങ്ങളുടെ ലിസ്റ്റില്‍ നമ്മളില്ല, ആ ട്രോഫി കൊണ്ടുപോകാന്‍ കുറേ പേരുണ്ടായിരുന്നുവെന്ന് സംവിധായകനോട് പറഞ്ഞു; തകര്‍ന്നടിഞ്ഞ പടത്തെ കുറിച്ച് അജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അജു വര്‍ഗീസ്. കോമഡി വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ഗൗരവമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടാന്‍ അജുവിനായിരുന്നു. ഇതിനിടെ സാജന്‍ ബേക്കറി, കമല പോലുള്ള ചിത്രങ്ങളില്‍ നായകനായും അജു എത്തിയിരുന്നു.

എന്നാല്‍ കമല വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമായിരുന്നു. ക്യാരക്ടര്‍ റോളുകളില്‍ നിന്നും നായകനിലേക്ക് എത്തിയതിനെ കുറിച്ചും നായകനായ പടം പൊട്ടിപ്പോയതിനെ കുറിച്ചുമൊക്കെ പറയുകയാണ് അജു വര്‍ഗീസ്. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ ചില കമന്റുകളുമായി അജുവും ധ്യാന്‍ ശ്രീനിവാസനുമെത്തിയത്.

സാജന്‍ ബേക്കറി, കമല എന്നീ ചിത്രങ്ങളില്‍ നായകനായി എത്തി. ഈ സിനിമകള്‍ ബംബര്‍ ഹിറ്റാവുകയായിരുന്നെങ്കില്‍ പിന്നീട് നായകനായുള്ള സിനിമകള്‍ മാത്രമേ സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നോ എന്ന ധ്യാനിന്റെ ചോദ്യത്തിന് ‘നോ നോ’ എന്നായിരുന്നു അജുവിന്റെ മറുപടി.

ആ സിനിമകള്‍ ഹിറ്റാകരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നെന്നും കാരണം മറ്റൊന്നുമല്ല നമുക്കൊരു ക്യാരക്ടര്‍ ആക്ടറിനെ മിസ്സാകും എന്നായിരുന്നു ഇതോടെ ധ്യാന്‍ പറഞ്ഞത്.

ഇതുപോലെ തന്നെ കുറേ ആളുകള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാകുമെന്നായിരുന്നു ഇതിനോടുള്ള അജുവിന്റെ കൗണ്ടര്‍. നല്ലൊരു ക്യാരക്ടര്‍ ആക്ടര്‍ പോകല്ലേയെന്ന അവരുടെ പ്രാര്‍ത്ഥന കൊണ്ടായിരിക്കാം കമല പോലുള്ള സിനിമ പൊട്ടിപ്പോയതെന്നും അജു പറഞ്ഞു(ചിരി).

ഞാന്‍ അരുണ്‍ ചന്ദ്രനോട് പറഞ്ഞു, ഒരു വര്‍ഷത്തെ മോശം സിനിമകളുടെ ലിസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ട്. ഭാഗ്യമുണ്ടെടാ, അതില്‍ നമ്മുടെ പടമില്ല. ആ ട്രോഫി കൊണ്ടുപോകാന്‍ കുറേപ്പേര്‍ ഉണ്ടായിരുന്നുവെന്ന് (ചിരി), അജു പറഞ്ഞു.

ഇനിയങ്ങോട്ട് സീരിയസ് റോളുകളും ചെയ്യണമെന്ന് ആലോചിച്ച് ഉറപ്പിച്ച് എടുത്ത തീരുമാനമാണോ എന്ന ചോദ്യത്തിന് ആണെന്നായിരുന്നു അജുവിന്റെ മറുപടി. ഹെലനിലേയും മേപ്പടിയാനിലേയുമെല്ലാം സീരിയസ് വേഷങ്ങള്‍ ചോദിച്ചുവാങ്ങിയതാണെന്നും അജു പറഞ്ഞു.

പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തില്‍ പോലും ഇവരുടെ കൂടെ റിയലിസ്റ്റിക്കിന്റെ അടുത്തെത്താന്‍ ശ്രമിച്ചല്ലോ എന്ന ധ്യാനിന്റെ ചോദ്യത്തിന് എത്താന്‍ ശ്രമിച്ചെന്നായിരുന്നു അജുവിന്റെ മറുപടി. അങ്ങോട്ട് എത്തണമല്ലോ. നീന്തി നോക്കിയെന്നും അജു പറഞ്ഞു.

ചിത്രത്തിലെ ഒരു സീന്‍ കണ്ടപ്പോള്‍ നീ റിയലസ്റ്റിക്കിന്റെ അടുത്ത് എത്തിയതായി എനിക്ക് തോന്നിയെന്ന് ധ്യാന്‍ പറഞ്ഞപ്പോള്‍ എത്തി എത്തി എന്നായിരുന്നു മാത്യുവിന്റെ മറുപടി.

ഇതോടെ അത് പറഞ്ഞിരിക്കുന്നത് ആരാണെന്ന് നോക്കണമെന്നും മെത്തേഡ് ആക്ടിങ്ങിന്റെ ആളാണെന്നും പറഞ്ഞ് ട്രോളുകയായിരുന്നു ധ്യാന്‍.

‘ഇവരുടെയൊക്കെ കൂടെ പിടിച്ചുനില്‍ക്കണ്ടേ. ഇനിയെന്തായാലും കോമഡി ചെയ്യാന്‍ പറ്റില്ല. പിന്നെ വല്ല ചേട്ടനോ അച്ഛനോ അമ്മാവനോ ആകണം. അപ്പോള്‍ ഷിഫ്റ്റ് ചെയ്യാതെ വഴിയില്ല,’ അജു പറഞ്ഞു.

പ്രകാശന്‍ പറക്കട്ടെയില്‍ മാത്യുവിന്റെ അച്ഛന്‍ വേഷം അജു ചെയ്തിരുന്നെങ്കില്‍ ഇതേ സാധനം ഉണ്ടാവുമായിരുന്നോ എന്ന ചോദ്യത്തിന് അച്ഛനായിരുന്നെങ്കില്‍ തറയായിപ്പോയേനെയെന്നായിരുന്നു അജുവിന്റെ മറുപടി.

Content Highlight: Actor Aju Varghese about a Flop movie he acteded in lead role

We use cookies to give you the best possible experience. Learn more