Advertisement
Entertainment news
'കരിയര്‍ പ്ലാനിങ്ങ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍'; പോസ്റ്റിന് മറുപടിയുമായി അജ്മല്‍ അമീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 08, 08:03 am
Tuesday, 8th February 2022, 1:33 pm

മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് അജ്മല്‍ അമീര്‍.

പ്രണയകാലം എന്ന 2007ല്‍ പുറത്തിറങ്ങിയ മലയാളചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ താരം പിന്നീട് കൊ എന്ന സിനിമയിലൂടെ തമിഴിലും ശ്രദ്ധ നേടുകയായിരുന്നു.

നയന്‍താര നായികയായി ഈയിടെ പുറത്തിറങ്ങിയ നെട്രിക്കണ്ണ് എന്ന ചിത്രത്തിലെ അജ്മലിന്റെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അജ്മല്‍ അമീറിനെക്കുറിച്ച് ഫേസ്ബുക്ക് മൂവി ഗ്രൂപ്പായ സിനിഫൈലില്‍ (CinePhile) ഈയിടെ വന്ന പോസ്റ്റ് വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. കരിയര്‍ പ്ലാനിങ്ങ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടനാണ് അജ്മല്‍ എന്നായിരുന്നു പോസ്റ്റിലെ വിമര്‍ശനം.

എന്നാല്‍ ഇപ്പോള്‍ പോസ്റ്റിന് മറുപടി കമന്റുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്.

”പ്രിയപ്പെട്ടവരെ, നിങ്ങളുടെ എല്ലാവരുടെയും കമന്റ് വായിച്ചു. നിങ്ങളുടെ കരുതലിനും പിന്തുണക്കും സ്‌നേഹത്തിനും നന്ദി.

കുടുംബമാണ് എന്നും എന്റെ ഫസ്റ്റ് ചോയിസ്. കുറച്ച് നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞ് എന്റെ പി.ജി പഠനം പൂര്‍ത്തിയാക്കുമെന്നും ഡോക്ടറായി തുടര്‍ന്ന് ജോലി ചെയ്യുമെന്നും ഞാന്‍ എന്റെ കുടുംബത്തിന് കൊടുത്ത വാക്കായിരുന്നു.

കൊ ചെയ്ത ശേഷം ഞാന്‍ പി.ജി പഠനത്തിന് വേണ്ടി പോയി. അതുകൊണ്ട് ഒരുപാട് നല്ല സിനിമകള്‍ തമിഴിലും മലയാളത്തിലും നഷ്ടമായി.

കൊ പോലൊരു വലിയ ഹിറ്റ് നല്‍കിയ ശേഷം ഞാന്‍ അപ്രത്യക്ഷനായി എന്ന് എല്ലാ സിനിമാക്കാരും മാധ്യമരംഗത്തുള്ളവരും പരാതി പറഞ്ഞിരുന്നു.

സിനിമയുടെ ചിന്തയുമായി നടന്നാല്‍ എനിക്ക് എന്റെ പി.ജി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. സിനിമയില്ലാതെ ഞാന്‍ ഒന്നുമല്ല, എന്ന് എന്റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കിക്കാന്‍ ഞാന്‍ മൂന്ന് വര്‍ഷമെടുത്തു.

അങ്ങനെ ‘വൈറ്റ് മാറ്റര്‍’ എന്ന ഹിന്ദി വെബ്‌സീരിസ് ചെയ്തുകൊണ്ട് ഞാന്‍ വീണ്ടും ആരംഭിച്ചു. ലേറ്റസ്റ്റ് റിലീസായി ഇപ്പോള്‍ നെട്രിക്കണ്ണും.

എനിക്ക് സിനിമയില്‍ പിന്തുണയൊന്നുമില്ല. ഞാന്‍ മാത്രം, ദൈവവും പിന്നെ എന്റെ ആദ്യ സിനിമ മുതല്‍ എന്നെ പിന്തുണക്കുന്ന ചില നല്ല മനുഷ്യരും.

ചിലപ്പോള്‍ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ടായിരിക്കും ഞാനിപ്പോള്‍ തുടര്‍ച്ചയായി മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുന്നുണ്ട്.

ഫെബ്രുവരി 20 മുതല്‍ ഞാന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണ്. പാന്‍ ഇന്ത്യ തലത്തിലായിരിക്കും ഇതിന്റെ റിലീസ്. ജോഷി സാറിന്റെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്,” അജ്മല്‍ തന്റെ മറുപടി കമന്റില്‍ പറഞ്ഞു.

മറുപടിയെ പിന്തുണച്ചും സ്‌നേഹമറിയിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

”തന്റെ കരിയറില്‍ ഒരു പ്ലാനിങ്ങും ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍- അജ്മല്‍ അമീര്‍. ‘കൊ’ പോലെ ഒരു ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് കിട്ടിയിട്ടും ‘ലക്കി ജോക്കേഴ്‌സ്’ എന്ന പടത്തില്‍ പോയി തലവെച്ചു.

കുറച്ച് വിഷമത്തോടെയാണ് ഇത് എഴുതുന്നത്. ഇനി വരുന്ന പിശാശ് 2 ഒക്കെ ആ പഴയ പ്രതാപത്തിലേക്ക് അജ്മലിനെ തിരികെ കൊണ്ടുവരട്ടെ” എന്നായിരുന്നു പോള്‍ എബ്രഹാം എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.

മാടമ്പി, ടു കണ്‍ട്രീസ്, ലോഹം എന്നിവയാണ് അജ്മല്‍ അഭിനയിച്ച മറ്റ് മലയാളം ചിത്രങ്ങള്‍.


Content Highlight: Actor Ajmal Ameer reply comment to a Facebook post criticism