ഐ.പി.എസ്സോ അതോ പട്ടാളക്കാരനോ; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി അജ്മല്‍
Entertainment news
ഐ.പി.എസ്സോ അതോ പട്ടാളക്കാരനോ; പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി അജ്മല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th March 2022, 8:03 pm

2007ല്‍ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അജ്മല്‍ അമീര്‍. മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചാണ് അജ്മല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.

ജീവ നായകനായ കൊ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി സിനിമകള്‍ ചെയ്തിരുന്നു. നയന്‍താര നായികയായെത്തിയ നെട്രിക്കണ്ണ് എന്ന ചിത്രത്തിലെ അജ്മലിന്റെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത്.

‘അടുത്ത പ്രഖ്യാപനത്തിനുള്ള സമയമായിരിക്കുകയാണ്. നെട്രിക്കണ്ണിന് ശേഷം തമിഴില്‍ വീണ്ടും പ്രധാനവേഷം ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ അടുത്ത ആഴ്ചയില്‍ വരും.

എന്റെ വേഷത്തെ കുറിച്ച് വല്ല ഐഡിയയും കിട്ടുന്നുണ്ടോ? ഐ.പി.എസ് ഉദ്യോഗസ്ഥനാവുമോ? പട്ടാളക്കാരനോ അതോ മറ്റെന്തെങ്കിലും വേഷമാകുമോ? എന്ത് തന്നെയായാലും എന്റെ പുതിയ ലുക്ക് ഇതാ,’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രങ്ങള്‍ സഹിതമാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ക്യാപ്ഷനും ചിത്രങ്ങളും കാണുമ്പോള്‍ മികച്ച ഒരു ചിത്രമായിരിക്കും എന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

നിരവധി ആരാധകരും പോസ്റ്റിന് പിന്നാലെ കമന്റുകളുമായെത്തുന്നുണ്ട്. പുതിയ ചിത്രത്തിന് ആശംസകളെന്നും, പുതിയ ലുക്ക് കലക്കിയിട്ടുണ്ടെന്നുമാണ് ആരാധകരുടെ കമന്റ്.

ദിവസങ്ങള്‍ക്ക് മുമ്പേ താരം പങ്കുവെച്ച ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കരിയര്‍ പ്ലാനിംഗ് ഇല്ലാത്തതുകൊണ്ടുമാത്രം എങ്ങുമെത്താതെ പോയ നടന്‍ എന്ന വിമര്‍ശനത്തിന് താരം നല്‍കിയ മറുപടിയായിരുന്നു ചര്‍ച്ചയായത്.

‘പ്രിയപ്പെട്ടവരെ, നിങ്ങളുടെ എല്ലാവരുടെയും കമന്റ് വായിച്ചു. നിങ്ങളുടെ കരുതലിനും പിന്തുണക്കും സ്നേഹത്തിനും നന്ദി.

കുടുംബമാണ് എന്നും എന്റെ ഫസ്റ്റ് ചോയിസ്. കുറച്ച് നല്ല സിനിമകള്‍ ചെയ്തുകഴിഞ്ഞ് എന്റെ പി.ജി പഠനം പൂര്‍ത്തിയാക്കുമെന്നും ഡോക്ടറായി തുടര്‍ന്ന് ജോലി ചെയ്യുമെന്നും ഞാന്‍ എന്റെ കുടുംബത്തിന് കൊടുത്ത വാക്കായിരുന്നു.

കൊ ചെയ്ത ശേഷം ഞാന്‍ പി.ജി പഠനത്തിന് വേണ്ടി പോയി. അതുകൊണ്ട് ഒരുപാട് നല്ല സിനിമകള്‍ തമിഴിലും മലയാളത്തിലും നഷ്ടമായി.

കൊ പോലൊരു വലിയ ഹിറ്റ് നല്‍കിയ ശേഷം ഞാന്‍ അപ്രത്യക്ഷനായി എന്ന് എല്ലാ സിനിമാക്കാരും മാധ്യമരംഗത്തുള്ളവരും പരാതി പറഞ്ഞിരുന്നു.

സിനിമയുടെ ചിന്തയുമായി നടന്നാല്‍ എനിക്ക് എന്റെ പി.ജി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു. സിനിമയില്ലാതെ ഞാന്‍ ഒന്നുമല്ല, എന്ന് എന്റെ കുടുംബത്തെ പറഞ്ഞ് മനസിലാക്കിക്കാന്‍ ഞാന്‍ മൂന്ന് വര്‍ഷമെടുത്തു.

അങ്ങനെ ‘വൈറ്റ് മാറ്റര്‍’ എന്ന ഹിന്ദി വെബ്സീരിസ് ചെയ്തുകൊണ്ട് ഞാന്‍ വീണ്ടും ആരംഭിച്ചു. ലേറ്റസ്റ്റ് റിലീസായി ഇപ്പോള്‍ നെട്രിക്കണ്ണും.

എനിക്ക് സിനിമയില്‍ പിന്തുണയൊന്നുമില്ല. ഞാന്‍ മാത്രം, ദൈവവും പിന്നെ എന്റെ ആദ്യ സിനിമ മുതല്‍ എന്നെ പിന്തുണക്കുന്ന ചില നല്ല മനുഷ്യരും.

ചിലപ്പോള്‍ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന കൊണ്ടായിരിക്കും ഞാനിപ്പോള്‍ തുടര്‍ച്ചയായി മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുന്നുണ്ട്.

ഫെബ്രുവരി 20 മുതല്‍ ഞാന്‍ പ്രധാന കഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണ്. പാന്‍ ഇന്ത്യ തലത്തിലായിരിക്കും ഇതിന്റെ റിലീസ്. ജോഷി സാറിന്റെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടുണ്ട്,’ എന്നായിരുന്നു താരത്തിന്റെ മറുപടി.

Content Highlight: Actor Ajmal about his upcoming movie