Entertainment
'അജിത് വാഴ്ക..വിജയ് വാഴ്ക...' നിങ്ങള്‍ എപ്പോഴാണ് ജീവിക്കാന്‍ പോകുന്നത്: അജിത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 14, 02:29 am
Tuesday, 14th January 2025, 7:59 am

തന്റെ ആരാധകരെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അജിത് കുമാര്‍. ‘അജിത് വാഴ്ക…വിജയ് വാഴ്ക’ എന്ന് പറയരുതെന്നും എന്നാണ് നിങ്ങള്‍ നിങ്ങള്‍ക്കായി ജീവിക്കാന്‍ തുടങ്ങുന്നതെന്നും അജിത് ചോദിക്കുന്നു.

ആരാധകര്‍ തരുന്ന സ്‌നേഹത്തില്‍ താന്‍ നന്ദിയുള്ളവനാണെന്നും തന്റെ ആരാധകരും ജീവിതം നന്നായി മുന്നോട്ട് നയിക്കുന്നു എന്നറിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി താന്‍ ആയിരിക്കും എന്ന് അജിത് പറഞ്ഞു.

രണ്ട് മൂന്ന് തലമുറക്ക് ശേഷമുള്ള പേരക്കുട്ടികള്‍ പോലും നമ്മളെ ഓര്‍ത്തിരിക്കില്ലെന്നും അതുകൊണ്ടുതന്നെ നാളെയെ കുറിച്ചോ കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ചോ ഓര്‍ത്ത് വ്യാകുലപ്പെടാതെ ഇന്നില്‍ ജീവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അജിത് കുമാര്‍.

‘മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് എന്തിനാണ് ഇപ്പോഴും നോക്കുന്നത്. നിങ്ങളുടെ ജീവിതത്തിലേക്ക് ഫോക്കസ് ചെയ്യൂ. അജിത് വാഴ്ക..വിജയ് വാഴ്ക എന്നൊക്കെ ആരാധകര്‍ പറയുന്നത് കേള്‍ക്കാം. നിങ്ങള്‍ എപ്പോഴാണ് ജീവിക്കാന്‍ പോകുന്നത്?

നിങ്ങള്‍ എല്ലാവരും തരുന്ന സ്‌നേഹത്തില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. പക്ഷെ ദയവ് ചെയ്ത് നിങ്ങളുടെ ജീവിതത്തിലേക്ക് നോക്കൂ. എന്റെ ഫാന്‍സും ജീവിതത്തില്‍ നന്നായി പോകുന്നു എന്നറിഞ്ഞാല്‍ ഞാന്‍ ആയിരിക്കും ഏറ്റവും സന്തോഷമുള്ള ആള്‍.

എന്റെ ആരാധകര്‍ എന്റെ സഹ പ്രവര്‍ത്തകരെ കുറിച്ചും നല്ലത് പറയുമ്പോഴും ബഹുമാനത്തോടെ സംസാരിക്കുമ്പോഴും ഞാന്‍ ഒരുപാട് സന്തോഷവാനാകും.

പിന്നെയും ഞാന്‍ പറയുന്നു, ജീവിതം എന്നത് വളരെ ചെറുതാണ്. രണ്ടുമൂന്ന് തലമുറക്ക് ശേഷമുള്ള നമ്മുടെ പേരക്കുട്ടികള്‍ പോലും നമ്മളെ ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ കാലത്തെ കുറിച്ചോ അന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല.

നാളെയെ കുറിച്ച് ആലോചിച്ച് വ്യാകുലപ്പെടേണ്ട കാര്യവുമില്ല. ഇന്നിനെ കുറിച്ച് മാത്രം ആലോചിക്കുക. ഇന്നില്‍ ജീവിക്കുക. ഒരു ദിവസം എല്ലാവരും മരിക്കും, അതാണ് സത്യം. അതുവരെ ദയയോടെ ജീവിക്കുക,’ അജിത് കുമാര്‍ പറയുന്നു.

Content Highlight: Actor Ajith Kumar Says To His Fans Live For Them Self