ജിത്തു മാധവ് സംവിധാനം ചെയ്ത രോമാഞ്ചം തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയോടെ മുന്നേറുകയാണ്. ഏഴ് സുഹൃത്തുക്കള്‍ ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. സിനിമയില്‍ കരിക്കുട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഫ്‌സല്‍ തന്റെ സിനിമയിലേക്കള്ള കടന്നുവരവിനെ കുറിച്ച് പറയുകയാണ്.
ഗള്‍ഫിലെ ജോലി ഉപേഷിച്ചാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് നാടുവിട്ടതെന്നും അഫ്‌സല്‍ പറഞ്ഞു. സിനിമയുടെ സംവിധായകന്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് ജോലി ഉപേക്ഷിച്ചതെന്നും പിന്നീട് വീട്ടുകാരും ആ തീരുമാനത്തെ അനുകൂലിച്ചെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ അഫ്‌സല്‍ പറഞ്ഞു.
‘സിനിമക്ക് പിന്നാലെ നടന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ നില്‍ക്കുമ്പോഴാണ് വീട്ടുകാര്‍ എന്നെ ഗള്‍ഫിലേക്ക് പറഞ്ഞയക്കുന്നത്. നാട്ടിലൊരു മെന്‍സ് വെയര്‍ കടയും ഉണ്ടായിരുന്നു. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നിയതുകൊണ്ട് നാടുവിടാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഗള്‍ഫില്‍ പോയി ഒരു ട്രാവല്‍സില്‍ ജോലിക്ക് കയറി.
രണ്ട് മാസം കഴിഞ്ഞപ്പോഴാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു മെസേജ് വന്നത്. ഫേക്കാണോ എന്നായിരുന്നു ആദ്യം സംശയം. പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞ് നമ്പര്‍ വാങ്ങി സംവിധായകന്‍ എന്നെ വിളിച്ച് സംസാരിച്ചു. സ്‌ക്രിപ്റ്റും അയച്ചുതന്നു. സൗബിനിക്കയും അര്‍ജുന്‍ അശോകനുമൊക്കെയുള്ള പടമാണെന്ന് കേട്ടപ്പോള്‍ ഫുള്‍ ത്രില്ലിലായി.
സിനിമയില്‍ ഏഴ് നായകന്മാരാണുള്ളത് എന്നാണ് അന്ന് ജിത്തുവേട്ടന്‍ പറഞ്ഞത്. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുള്ളതുകൊണ്ടാണ് ഏഴ് നായകന്മാര്‍ എന്ന് പറഞ്ഞത്. ഓഡിഷന്‍ എന്ന പോലെ ഒരു വീഡിയോ അയച്ചുകൊടുക്കാന്‍ പറഞ്ഞു ഞാന്‍ അതും ചെയ്തു. അടിപൊളി എന്നായിരുന്നു അതിന് കിട്ടിയ മറുപടി. മുടി മുറിക്കേണ്ടെന്നും ബാക്കി കാര്യങ്ങള്‍ പിന്നെ അറിയിക്കാമെന്നും പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും വന്നില്ല. അപ്പോഴേക്കും എന്റെ വിസിറ്റിങ് വിസ കഴിയാറായിരുന്നു. കമ്പനി ബോസ് വിസ അടിക്കാനായി ഡോക്യുമെന്റ്സ് ഒക്കെ കൊടുക്കാന്‍ പറഞ്ഞതും അപ്പോഴായിരുന്നു. വിസ കിട്ടിയാല്‍ പിന്നെ രണ്ട് വര്‍ഷത്തേക്ക് നാട്ടിലേക്ക് ഒരു തിരിച്ച് വാരാന്‍ പറ്റില്ല. ശരിക്കും പെട്ടുപോയെന്നാണ് ഞാന്‍ വിചാരിച്ചത്. ഇക്കാര്യം പറഞ്ഞ് ജിത്തുവേട്ടനെ വിളിച്ചപ്പോഴാണ് ഒന്നും നോക്കണ്ട അഫ്സല്‍ സെലക്ടഡാണ്, ജോലി വിട്ടോ എന്നിട്ട് നാട്ടിലേക്ക് കയറിക്കോ എന്ന് പറഞ്ഞത്.
കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നെങ്കിലും ഏട്ടനോട് ഇക്കാര്യം അവതരിപ്പിക്കലായിരുന്നു ടാസ്‌ക്. പക്ഷെ കാര്യം പറഞ്ഞപ്പോള്‍ എന്നെപ്പോലും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഇക്കാന്റെ പ്രതികരണം. ഈ ജോലി പോയാല്‍ വേറെയും ജോലി കിട്ടും എന്തായാലും സിനിമ ചെയ്യൂ എന്നാണ് ഇക്ക പറഞ്ഞത്. പിന്നെ ഒന്നും നോക്കീല, ബോസിനോട് പറഞ്ഞ് നേരെ നാട്ടിലേക്ക് പോന്നു,’ അഫ്‌സല്‍ പറഞ്ഞു.
content highlight: actor afsal about romancham movie entry