മമ്മൂട്ടി കാരണമാണ് മലയാളം സിനിമ കാണാന്‍ തുടങ്ങിയതെന്ന് നടന് അദിവി ശേഷ്. ദളപതിയില്‍ മമ്മൂട്ടിയെ കണ്ടതോടെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ ദുല്‍ഖര്‍ തന്റെ സുഹൃത്തായി മാറിയെന്നും അദിവി ശേഷ് പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സ് പോലെയൊരു ചിത്രം തനിക്കാരെങ്കിലും നല്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും അദിവി ശേഷ് പറഞ്ഞു. ഡൂള്‍ന്യൂസ് പ്രതിനിധി അന്ന കീര്‍ത്തി ജോര്‍ജിന് നല്കിയ അഭിമുഖത്തിലാണ് അദിവി ശേഷ് മലയാള സിനിമയെ കുറിച്ച് പറഞ്ഞത്.
‘കുമ്പളങ്ങി നൈറ്റ്സ് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതുപോലൊരു ചിത്രം ആരെങ്കിലും തെലുങ്കില്‍ എനിക്ക് നല്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ അവിടെ ഇതുപോലെയുള്ള ചിത്രങ്ങള്‍ ആരും നിര്‍മിക്കാറില്ല. എനിക്ക് അവിടെ ഒരു ആക്ഷന്‍ ഇമേജാണ് ഉള്ളത്. കുമ്പളങ്ങിയിലെ ഫഹദിന്റെ റോള്‍ വളരെ ഡാര്ക്കായിട്ടുള്ളതാണ്, അതേസമയം കുറച്ച് തമാശയുമുണ്ട്. അത് മനോഹരമായ സിനിമയാണ്.
ഭീഷ്മ പര്‍വ്വം ഇഷ്ടമാണ്. അതിലെ മമ്മൂട്ടി സാറിന്റെ ഹിന്ദി ഡയലോഗ് ഇഷ്ടമാണ്. മമ്മൂട്ടി സാര്‍ കാരണമാണ് ഞാന്‍ മലയാളം സിനിമ കാണാന്‍ തുടങ്ങിയത്. അദ്ദേഹത്തെ ദളപതിയില്‍ കണ്ടതോടെ അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ചെറിയ പ്രായത്തിലാണ് അദ്ദേഹത്തിന്റെ പല സിനിമകളും കണ്ടത്. അതുകൊണ്ട് തന്നെ അതിന്റെയൊന്നും പേര് എനിക്ക് അറിയില്ലായിരുന്നു. എങ്കിലും ഇരുന്ന് കാണും. ഇപ്പോള്‍ ദുല്‍ഖര്‍ എന്റെ സുഹൃത്താണ്.
മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മലയാളം ഇന്‍ഡസ്ട്രി കുറച്ചുകൂടി സത്യസന്ധമായി സിനിമയെ സമീപിക്കുന്നുണ്ട്. ലൂസിഫര്‍ പോലെയൊരു മാസ് സിനിമയിലും അത് കാണാനാവും. മോഹന്‍ലാല്‍ സാര്‍ കാറില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ അവിടെ ഗതാഗതം നിലക്കുന്നു, എല്ലാവരും വഴിയില്‍ നിന്നും മാറുന്നു. ഇങ്ങനെയൊരു രംഗം പോലും നിത്യ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ളതുപോലെ തോന്നും,’ അദിവി ശേഷ് പറഞ്ഞു.
മലയാളി സൈനികന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം അടിസ്ഥാനമാക്കി ചിത്രീകരിച്ച മേജറിലൂടെയാണ് അദിവി ശേഷ് മലയാളികള്‍ക്ക് സുപരിചിതനാവുന്നത്. ഹിറ്റ് 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. തെലുങ്കിലെ വമ്പന്‍ ഹിറ്റായ ഗൂഢാചാരിയുടെ രണ്ടാം ഭാഗമാണ് അണിയറയിലൊരുങ്ങുന്ന അദിവി ശേഷിന്റെ പുതിയ പ്രോജക്ട്.
Content Highlight: Actor Adivi Shesh says he started watching Malayalam movies because of Mammootty