| Thursday, 24th March 2022, 12:51 pm

ശിവന്‍കുട്ടി, തകര്‍പ്പന്‍ റോളാണെന്ന് മമ്മൂക്ക ഇടക്കിടെ പറയുമായിരുന്നു, അപ്പോള്‍ അത് മനസിലായിരുന്നില്ല, സിനിമ കണ്ടപ്പോള്‍ തരിച്ചുപോയി: അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മ പര്‍വ്വത്തിന്റെ വലിയ ഹൈലൈറ്റുകളില്‍ ഒന്ന് ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയ പ്രാധാന്യമായിരുന്നു.

സിനിമയില്‍ ഉടനീളം ഇല്ലാത്ത കഥാപാത്രങ്ങളെ പോലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന രീതിയിലായിരുന്നു അമല്‍നീരദ് ഒരുക്കിയത്. അത്തരത്തില്‍ ഭീഷ്മ പര്‍വ്വത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു അബു സലിം അവതരിപ്പിച്ച ശിവന്‍കുട്ടിയുടേത്.

മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പന്റെ വലംകൈ ആയാണ് ചിത്രത്തില്‍ അബു സലിം എത്തിയത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം അബു സലിമിന് ലഭിച്ച ഒരു മുഴുനീള റോള്‍ കൂടിയായിരുന്നു ശിവന്‍കുട്ടിയുടേത്.

ഇത്തരമൊരു കഥാപാത്രം തേടിയെത്തിയതിലും മനോഹരമായി അത് അവതരിപ്പിക്കാന്‍ കഴിഞ്ഞതിലും ചാരിതാര്‍ത്ഥ്യമുണ്ടെന്നാണ് അബു സലിം പറയുന്നത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തൊന്നും കഥാപാത്രത്തിന്റെ പ്രാധാന്യം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ തനിക്ക് മനസിലായിരുന്നില്ലെന്നും എന്നാല്‍ മമ്മൂക്കയടക്കം ഉഗ്രന്‍ റോളാണ് കിട്ടിയതെന്ന് തന്നോട് പറയുമായിരുന്നെന്നും അബു സലിം പറയുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അബു സലിം.

‘ഇപ്പോള്‍ അബു സലിം എന്ന പേര് മാറി ശിവന്‍കുട്ടി ആയിരിക്കുകയാണ്. എല്ലാവരും അങ്ങനെയാണ് വിളിക്കുന്നത്. അമലിന്റെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഞാന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. പറ്റിയ റോള്‍ വരുമ്പോള്‍ തീര്‍ച്ചയായും വിളിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.

ബിലാല്‍ ആയിരുന്നു അദ്ദേഹം തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ. അതില്‍ ആദ്യത്തെ പാര്‍ട്ടിലുള്ള ആളുകള്‍ തന്നെയാണ് ഉള്ളതെന്നും അപൂര്‍വമായിട്ടേ പുതിയ കാസ്റ്റിങ് ഉണ്ടാവുള്ളൂവെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഉണ്ടെങ്കില്‍ ചെയ്യാം, അല്ലെങ്കില്‍ നമുക്ക് നോക്കാമെന്നും പറഞ്ഞു.

പിന്നീടാണ് കൊവിഡിന് ശേഷം സബ്ജക്റ്റ് മാറി ഭീഷ്മ പര്‍വ്വത്തിലേക്ക് കടന്നത്. ആ സമയത്ത് എന്നെ വിളിച്ച് ഒരു പടം ചെയ്യാന്‍ പോകുന്നുണ്ടെന്നും ഞാന്‍ ഉദ്ദേശിച്ചപോലെ തന്നെ അബുക്കായ്ക്ക് നല്ലൊരു വേഷം ഉണ്ടെന്നും പറഞ്ഞു. എന്തായാലും രണ്ട് മാസം സമയമുണ്ട്. താടിയും മുടിയുമൊക്കെ ഒന്ന് വളര്‍ത്തിക്കോ എന്നും പറഞ്ഞു.

മൂന്നാമത്തെ മാസമാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. താടിയും മുടിയുമൊക്കെ അത്യാവശ്യം വളര്‍ത്തി. ഇതുവരെ മുടിയും താടിയും വളര്‍ത്തിയ ഒരു വേഷം ചെയ്തിട്ടുമില്ല. അതുകൊണ്ട് രൂപത്തില്‍ തന്നെ വലിയ മാറ്റമുണ്ടായി. അങ്ങനെ ലൊക്കേഷനില്‍ ചെന്നു. അവിടെ എത്തിയ ശേഷം ആള്‍ട്രേഷന്‍ ചെയ്യാമെന്നൊക്കെ പറഞ്ഞിരുന്നതാണ്. പക്ഷേ എന്നെ കണ്ട് കഴിഞ്ഞപ്പോള്‍ പുള്ളി പറഞ്ഞത് ഞാന്‍ മനസിലുദ്ദേശിച്ച ക്യാരക്ടര്‍ ആണ് മുന്നില്‍ നില്‍ക്കുന്നതെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു.

ശിവന്‍കുട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര് എന്നും പറഞ്ഞു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക തരത്തിലുള്ള ക്യാരക്ടറാണ് ഇതെന്ന് എനിക്ക് മനസിലായിരുന്നു. എന്നാല്‍ ഇത്രയും വലിയ റോളാണെന്നും ഇത്രയും പ്രാധാന്യം ഉണ്ടെന്നും അന്ന് മനസിലായിരുന്നില്ല. പക്ഷേ മമ്മൂക്ക പല സമയത്തും എന്നോട് പറയുമായിരുന്നു’ ശിവന്‍കുട്ടി തകര്‍പ്പന്‍ റോളാണ് എന്നൊക്കെ.

സാധാരണ സിനിമ ചെയ്തു കഴിഞ്ഞാല്‍ ഡബ്ബിങ്ങിന് പോകുമ്പോഴൊക്കെ നമുക്ക് സിനിമ കാണാന്‍ പറ്റും. ഇത് സ്‌പോര്‍ട് ഡബ്ബിങ് ആയതുകൊണ്ട് അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ എങ്ങനെ ഉണ്ടാകുമെന്ന് നമുക്ക് അറിയില്ലായിരുന്നു.

റിലീസ് ദിവസം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തന്നെ ഞാന്‍ പോയി. ഫാന്‍സ് ഷോ ആയിരുന്നു. അത് കണ്ടു കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ തരിച്ചുപോയി. കാരണം ആ കഥയില്‍ അത്രയും പ്രാധാന്യം ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നു. ഏറെക്കുറെ ഭംഗിയായിട്ട് എനിക്കത് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യവും ഉണ്ട്. അതില്‍ ഏറ്റവും വലിയ നന്ദിയും കടപ്പാടും അറിയിക്കേണ്ടത് അമല്‍നീരദ് സാറിനോടാണ്,അബു സലിം പറഞ്ഞു.

Content Highlight: Actor Abu Salim About Bheeshmaparvam Character

We use cookies to give you the best possible experience. Learn more