| Thursday, 8th July 2021, 5:58 pm

തപ്‌സി അച്ഛനോട് പെരുമാറുന്നത് കണ്ടിട്ട് എനിക്ക് ചെറിയ 'ഹാര്‍ട്ട് അറ്റാക്ക്' വന്നിട്ടുണ്ട്; എന്നോട് ആന്റിമാരെ പോലെയാണ് സംസാരിക്കാറുള്ളത്: അഭിഷേക് ബച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് നടി തപ്‌സി പന്നുവിനെ കുറിച്ച് നടന്‍ അഭിഷേക് ബച്ചന്‍ മുന്‍പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അമിതാഭ് ബച്ചനോട് വളരെ എളുപ്പത്തില്‍ തപ്‌സി സംസാരിക്കുമായിരുന്നെന്നും തനിക്ക് പോലും അങ്ങനെ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് അഭിഷേക് ബച്ചന്‍ പറയുന്നത്.

2018ല്‍ തപ്‌സി പന്നു, അഭിഷേക് ബച്ചന്‍, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ മന്‍മര്‍സിയാം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് തപ്‌സി വളരെ എളുപ്പത്തില്‍ സുഹൃത്തുക്കളെയുണ്ടാക്കുന്നതിനെ കുറിച്ച് അഭിഷേക് ബച്ചന്‍ സംസാരിച്ചത്.

പിങ്ക് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനോടൊപ്പം തപ്‌സി അഭിനയിച്ചിരുന്നു. ആ സമയത്ത് തപ്‌സി വീട്ടില്‍ വന്ന സമയത്തുള്ള അനുഭവമാണ് അഭിഷേക് പങ്കുവെച്ചത്.

‘തപ്‌സിയെ പരിചയമുള്ളവര്‍ക്കെല്ലാം അറിയാമായിരിക്കും, അവര്‍ എല്ലായ്‌പ്പോഴും ഒരുപോലെയാണ് പെരുമാറുക. ഒരു ആന്റിയെ പോലെയായിരുന്നു തപ്‌സി എന്നോട് പെരുമാറുക. കാരണം തപ്‌സിയുടെ സുഹൃത്ത് ഞാനല്ലായിരുന്നു, എന്റെ അച്ഛനായിരുന്നു.

ഒരിക്കല്‍ പിങ്ക് ടീം മുഴുവന്‍ വീട്ടില്‍ അത്താഴം കഴിക്കാനായെത്തി. അത് എനിക്കൊരു കള്‍ച്ചറല്‍ ഷോക്കായിരുന്നു. ഞാന്‍ നല്ലൊരു ആതിഥേയനെ പോലെ വളരെ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ശ്രമിക്കുകയായിരുന്നു.

കോളേജില്‍ ഒന്നിച്ചു പഠിച്ച പരിചയമുള്ളതു പോലെയായിരുന്നു തപ്‌സി അച്ഛനോട് ഇടപഴകിയിരുന്നത്. ‘എന്താ അങ്ങനെ ചെയ്യുന്നേ, അത് അവിടെ വെക്കരുത്,’ എന്നൊക്കെ അദ്ദേഹത്തോട് ഒരു കൂസലുമില്ലാതെ പറയുന്നു. ഇത് കണ്ട് ഞെട്ടിയത് ഞാനാണ്.

ഞാനെങ്ങാനും ഒരൊറ്റ തവണ അച്ഛനോട് അങ്ങനെ പറഞ്ഞാല്‍, അദ്ദേഹം ദഹിപ്പിച്ചു കളയുന്ന പോലെയുള്ള ഒരു നോട്ടം നോക്കിയേനെ,’ അഭിഷേക് ബച്ചന്‍ പറഞ്ഞു.

ആളുകളുമായി ഐസ് ബ്രേക്ക് ചെയ്യുക എന്നു പറഞ്ഞാല്‍, തന്നെ സംബന്ധിച്ചിടത്തോളം പരിചയമില്ലായ്മയുടെ ആ ഐസ് പൊടിച്ചു കഷ്ണങ്ങളാക്കി ഉരുക്കി തീര്‍ക്കുക എന്നാണെന്ന് തപ്‌സി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഹസീന്‍ ദില്‍റുബയാണ് തപ്‌സി പന്നുവിന്റെ പുതിയ ചിത്രം. വിനില്‍ മാത്യു സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Abhishek Bachchan about Tapsee Pannu and Amitabh Bachchan

We use cookies to give you the best possible experience. Learn more