തത്ക്കാലം അവരുടെ കൈയില്‍ ഒരു ഐപാഡ് കൊടുത്ത് നമുക്ക് ബൈ പറയാം; പുതിയ തലമുറയെ കുറിച്ച് അഭിഷേക് ബച്ചന്‍
Movie Day
തത്ക്കാലം അവരുടെ കൈയില്‍ ഒരു ഐപാഡ് കൊടുത്ത് നമുക്ക് ബൈ പറയാം; പുതിയ തലമുറയെ കുറിച്ച് അഭിഷേക് ബച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th September 2023, 3:54 pm

കൗമാരപ്രായമായ കുട്ടികളെ വളര്‍ത്തേണ്ട രീതിയെ പറ്റി പറയുകയാണ് നടന്‍ അഭിഷേക് ബച്ചന്‍. കൗമാരപ്രായക്കാരിയായ മകളുടെ പിതാവെന്ന നിലയ്ക്കാണ് തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെക്കുന്നത്.

13 കാരിയായ മകള്‍ ആരാധ്യയുടെ കാര്യത്തില്‍ തന്നേക്കാള്‍ കൂടുതല്‍ ഇടപെടുന്നത് ഐശ്വര്യയാണെന്നും തന്നോട് കരിയറില്‍ ശ്രദ്ധിക്കാനാണ് പറയാറെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കൗമാരപ്രായക്കാരുമായി എങ്ങനെയാണ് ഇടപെടേണ്ടതെന്ന ചോദ്യത്തിനായിരുന്നു അഭിഷേകിന്റെ മറുപടി.

എന്തെങ്കിലും പാരന്റിങ് ടിപ്പുകള്‍ നല്‍കാനുണ്ടോ എന്ന ചോദ്യത്തിന് കുട്ടികളുടെ കാര്യത്തില്‍ പാരന്റിങ് ടിപ്പുകള്‍ ഒന്നും പരീക്ഷിച്ചുനോക്കേണ്ടതില്ലെന്നും അവരെ നമ്മള്‍ ഡീല്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതില്ലെന്നുമായിരുന്നു അഭിഷേക് ബച്ചന്റെ മറുപടി.

‘കുട്ടികളെ വളര്‍ത്തുന്നതിന് കുറുക്കുവഴികളൊന്നും പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് ഞാന്‍ പറയും. കാരണം അങ്ങനെ പരിഹരിക്കാനുള്ള പ്രശ്‌നങ്ങളല്ല ഇത്. ജീവിതമാണ്.

പുതുതായി വരുന്ന ഓരോ തലമുറയും പെട്ടെന്ന് പക്വത കൈവരിക്കുന്നവരാണ്. ഒരുപക്ഷെ നമ്മള്‍ കുട്ടികളാകുമ്പോള്‍ നമ്മുടെ അച്ഛനമ്മമാര്‍ വിചാരിക്കുന്നത് നമ്മള്‍ അവരെക്കാള്‍ എത്രയോ വേഗത്തിലാണ് എന്നാണ്. നമ്മള്‍ ഈ ലോകത്ത് എവിടെയെത്തിയോ അവിടെ നിന്നാണ് ഈ പുതിയ തലമുറ തുടങ്ങുന്നത്. നമ്മള്‍ ഇവിടെയെത്തിയത് എങ്ങനെയാണെന്ന് അവര്‍ അറിയുന്നില്ല. ഞാന്‍ ഒരു ചെറിയ ഉദാഹരണം പറയാം. എനിക്ക് ഒരു അനന്തരവനും അനന്തരവളുമുണ്ട്. അവര്‍ക്ക് 10 വയസായപ്പോള്‍ സ്വന്തമായി ഒരു മൊബൈല്‍ അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി.

എന്റെ സഹോദരി ശ്വേതയോട് അവളുടെ മകള്‍ക്ക് 10 വയസ്സ് മുതല്‍ മൊബൈല്‍ ഫോണ്‍ കൊടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് ഏത് വയസ്സിലാണ് മൊബൈല്‍ ഫോണ്‍ കിട്ടിയതെന്നും അച്ഛനായ അമിതാഭ് ബച്ചന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ഏത് വയസ്സിലാണെന്നും അവള്‍ എന്നോട് തിരിച്ച് ചോദിച്ചു.

‘ഈ തലമുറ ജനിച്ചുവീഴുന്നത് തന്നെ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിക്കുന്ന ലോകത്തേക്കാണ്. ഞാന്‍ ആദ്യമായി താജ്മഹല്‍ കണ്ടപ്പോഴുണ്ടായ ആശ്ചര്യതോടെ ഇന്നത്തെ തലമുറക്ക് താജ്മഹല്‍ ആസ്വദിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അവര്‍ താജ്മഹലിന്റെ ചിത്രങ്ങള്‍ അതിന് മുന്‍പേ ഇന്റര്‍നെറ്റില്‍ കണ്ടിട്ടുണ്ട്. അത് ഒരിക്കലും ഒരു തെറ്റല്ല. വിവരങ്ങള്‍ അവര്‍ മുന്‍കൂട്ടി അറിയുന്നു എന്നേയുള്ളൂ. അതുകൊണ്ട് തന്നെ താജ്മഹല്‍ കാണുമ്പോള്‍ നമുക്കുണ്ടായ അത്രയും അത്ഭുതം ഒരിക്കലും പുതിയ തലമുറക്ക് ഉണ്ടാകണമെന്നില്ല’,നടന്‍ പറഞ്ഞു.

വീട്ടുകാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ഐശ്വര്യയാണെന്നും തന്നോട് കരിയറില്‍ ശ്രദ്ധിക്കാനാണ് പറഞ്ഞിരിക്കുന്നതെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

വീട്ടിലെ ചുമതലകള്‍ കൂടുതലും ഏറ്റെടുക്കുന്നത് ഐശ്വര്യയാണ്. എന്നെ ജോലി ചെയ്യാന്‍ വിടും. ഇപ്പോഴത്തെ തലമുറക്ക് അധികാര ശ്രേണിയെപ്പറ്റി അറിയില്ല. എന്നാല്‍ ഞങ്ങള്‍ അതാണ് വളര്‍ത്തിയെടുത്തത്.

പുതുതലമുറ അന്വേഷണാത്മകമാണ്. ‘നിങ്ങള്‍ ഞങ്ങളുടെ അമ്മയായത് കൊണ്ട് നിങ്ങളെ കേള്‍ക്കണം എന്നാണോ’ എന്നവര്‍ ചോദിക്കും. അവര്‍ കൂടുതല്‍ ബുദ്ധിയുള്ളവരാണ്. അവര്‍ ജനിച്ചുവീഴുന്നത് തന്നെ പുതിയ ടെക്‌നോളജി യുഗത്തിലേക്കാണ്. അതുകൊണ്ട് അവരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ’, നടന്‍ പറഞ്ഞു.

ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ എനിക്ക് നല്‍കാന്‍ കഴിയുന്ന ഒരു ഉപദേശം എന്നത് നമ്മള്‍ കുട്ടികളുടെ അന്തസ്സിനെ മാനിക്കണമെന്നതാണ്. അവരെ ശാസിക്കണമെന്നൊക്കെ ചിലപ്പോള്‍ നമുക്ക് തോന്നും. കാരണം നമ്മള്‍ വളര്‍ന്നത് അങ്ങനെയാണ്. പക്ഷേ ഈ തലമുറ ഒരുപാട് സെന്‍സിറ്റീവാണ്. ഒരുപക്ഷെ അവര്‍ നമ്മുടെ അച്ഛനമ്മമാരെയും മുത്തശ്ശി മുത്തച്ഛന്മാരെയും കണ്ട് വളരാത്തത് കൊണ്ടാകും.

നിങ്ങള്‍ കുട്ടികളുടെ അന്തസിന് വിലകല്‍പ്പിക്കാതെ അവരെ ശാസിക്കുകയാണെങ്കില്‍ അവര്‍ നമ്മളില്‍ നിന്ന് അകലാന്‍ ശ്രമിക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവരില്‍ വലിയ ഇടപെടല്‍ നമുക്ക് നടത്താന്‍ കഴിയില്ല. തത്ക്കാലത്തേക്ക് നമുക്ക് അവരുടെ കയ്യില്‍ ഒരു ഐപാഡ് കൊടുത്ത് ബൈ പറയാം,’ തമാശ രൂപേണ അഭിഷേക് പറഞ്ഞുനിര്‍ത്തി.

Content Highlight: Actor Abhishek Bachan Shares Parenting Tips