കൊച്ചി: നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2017 നവംബര്‍ 30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. രക്താര്‍ബുദത്തെതുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അബി.
വാപ്പച്ചിയുടെ ഓര്‍മ്മദിനം പങ്കുവെച്ച് മകന്‍ ഷെയ്ന്‍ നിഗം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഷെയ്‌ന്റെ കുറിപ്പ്.
ഷെയ്ന്‍ നിഗമെന്ന അതുല്യ താരത്തെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമായിരുന്നു അഭിയുടെ വിടവാങ്ങല്‍. മകനെ മികച്ച ഒരു നടന്‍ ആക്കണമെന്നത് അബിയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു. എന്നാല്‍ ഷെയ്ന്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ വലിയ താരമായി വളരുന്നത് കാണാന്‍ അബിയുണ്ടായില്ല. സുനിലയാണ് അബിയുടെ ഭാര്യ, ഷെയിനെ കൂടാതെ അഹാന, അലീന എന്നിങ്ങനെ രണ്ട് മക്കള്‍ കൂടി അബിയ്ക്കുണ്ട്.
മലയാളത്തില്‍ മിമിക്രി കാസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ അബി അന്‍പതോളം മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അബി അര്‍ഹിക്കുന്ന ഒരിടം അദ്ദേഹത്തിന് മലയാളി സിനിമയില്‍ ലഭിച്ചിരുന്നില്ല. തനിക്ക് ലഭിക്കാത്ത അവസരങ്ങള്‍ മകന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബി ഒരിക്കല്‍ പറഞ്ഞിരുന്നു.
‘ നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിലൂടെ മലയാളസിനിമാ രംഗത്ത് തുടക്കം കുറിച്ച അബി ആമിനത്താത്ത എന്ന കഥാപാത്രത്തിലൂടെയായിരുന്നു മലയാളികളുടെ മനസില്‍ ഇടംനേടിയത്.
കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച അബി മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍ ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
അബിയുടെ ഓര്‍മ്മദിനമായ ഇന്ന് ഷെയ്ന്‍ നിഗം നിരവധി വിവാദങ്ങളുടെ പിടിയിലാണ്. ഷെയിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയതടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടന ഉയര്‍ത്തിയത്.
അതേസമയം, ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടന എ.എം.എം.എ പ്രതികരിച്ചിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു എ.എം.എം.എയുടെ പ്രതികരണം. പ്രശ്നങ്ങള്‍ എ.എം.എം.എ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും സംഘടന കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും ഷെയ്നിന്റെ ഉമ്മ സുനിലയും പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ