| Friday, 6th January 2023, 11:47 pm

നാം ജീവിക്കുന്നത് ധ്രുവീകരിക്കപ്പെട്ട ലോകത്ത്, അമ്പത് വര്‍ഷം കഴിഞ്ഞ് ഈ വിഡ്ഢിത്തം ഓര്‍ത്ത് ആളുകള്‍ ചിരിക്കും; പത്താന്‍ വിവാദത്തില്‍ ബോളിവുഡ് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്താനെതിരായ ബഹിഷ്‌കരണാഹ്വാനങ്ങളില്‍ പ്രതികരണവുമായി നടന്‍ അഭയ് ഡിയോള്‍. ധ്രുവീകരിക്കപ്പെട്ട ലോകത്താണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും വ്യാജപ്രചരണങ്ങള്‍ വേഗത്തില്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഈ വിഡ്ഢിത്തം ഓര്‍ത്ത് ആളുകള്‍ ചിരിക്കുമെന്നും ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ അഭയ് പറഞ്ഞു.

‘ധ്രുവീകരിക്കപ്പെട്ട ലോകത്താണ് നാം ജീവിക്കുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയും ടെക്‌നോളജിയും ആശയപ്രചരത്തെ കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്. അതുപോലെ തന്നെ വ്യാജപ്രചരണങ്ങളും വേഗത്തിലായിട്ടുണ്ട്. എല്ലാം ഒരു തലക്കെട്ടിലേക്ക് ഒതുക്കുന്ന ടെന്‍ഡന്‍സി വര്‍ധിച്ചിട്ടുണ്ട്. മാധ്യമങ്ങളിലായാലും ആ മാധ്യമങ്ങള്‍ ഉപയോഗിക്കുവരിലായാലും പൊരുത്തക്കേടുകള്‍ വരുന്നുണ്ട്.

ബോയ്‌കോട്ട് കള്‍ച്ചര്‍ വളരെ താല്‍പര്യമുണ്ടാക്കുന്ന വിഷയമാണ്. വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ട കാര്യമാണ്. നിരോധനം ഒന്നിനേയും ഇല്ലാതാക്കുന്നില്ല. ഇതൊരു പുതിയ കാര്യമാണ്. ചിലപ്പോള്‍ ഒരു അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ ആളുകള്‍ ഈ വിഡ്ഢിത്തം ഓര്‍ത്ത് ചിരിക്കുമായിരിക്കും,’ അഭയ് പറഞ്ഞു.

ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ എന്ന ചിത്രത്തിലെ ബേഷരംഗ് രംഗ് എന്ന ഗാനം റിലീസ് ചെയ്തതിന് ശേഷം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും വലിയ സൈബര്‍ ആക്രമണവും ബഹിഷ്‌കരണാഹ്വാനങ്ങളുമാണ് നടക്കുന്നത്. ഗാനരംഗത്തിലെ ദീപിക പദുക്കോണ്‍ അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനി ആണ് സംഘപരിവാരിനെ പ്രകോപിപ്പിച്ചത്.

ഈ രംഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ പരിശോധനക്ക് ശേഷം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പത്തിലധികം കട്ടുകളില്‍ കാവി ബിക്കിനി രംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശിലാണ് ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുള്‍പ്പെടെ നിരവധി പേരാണ് ഗാനത്തിനെതിരെ രംഗത്ത് വന്നത്.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി പത്താന് വമ്പിച്ച പ്രീ-റിലീസ് ബുക്കിങ്ങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പലയിടത്തും ബുക്കിങ് ഹൗസ്ഫുള്ളാണ്.

ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: Actor Abhay Deol reacts to the boycott calls against Pathaan

We use cookies to give you the best possible experience. Learn more