മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ അബ്ബാസ്. കണ്ടുകണ്ടുകൊണ്ടെയ്ന്‍ കണ്ടുകണ്ടുകൊണ്ടെയ്ന്‍ എന്ന ചിത്രത്തില്‍ വെച്ച് ഒരു സീന്‍ രണ്ട് ടേക്ക് പോയപ്പോള്‍ മമ്മൂട്ടിയുടെ മുഖം മാറിയെന്നും അപ്പോള്‍ തന്റെ ആത്മവിശ്വാസമെല്ലാം പോയെന്നും അബ്ബാസ് പറഞ്ഞു. പിന്നീട് അദ്ദേഹവുമായി കൂടുതല്‍ അടുത്തത് ആനന്ദം എന്ന ചിത്രത്തില്‍ വെച്ചാണെന്നും ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞു.
‘കണ്ടുകൊണ്ടെയ്ന്‍ കണ്ടുകൊണ്ടെയ്ന്‍ എന്ന സിനിമയില്‍ ഒരു സീനുണ്ട്. ഞാന്‍ റോഡ് സൈഡില്‍ നില്‍ക്കുകയാണ്. അദ്ദേഹം വണ്ടിയില്‍ ഇരിക്കുകയാണ്. ഭാരതി എഴുതിയ കവിത ഞാന്‍ ആ രംഗത്തില്‍ പറയണം. ഒരു ടേക്കായി, രണ്ട് ടോക്കായി, വെറുതെ തിരിഞ്ഞ് നോക്കിയപ്പോള്‍ മമ്മൂക്കയുടെ മുഖം മാറി. അപ്പോള്‍ തന്നെ എന്റെ ആത്മവിശ്വാസം മുഴുവന്‍ പോയി. പിന്നെ ധൈര്യം മുഴുവന്‍ സംഭരിച്ചാണ് ആ ടേക്ക് ഓക്കെയാക്കിയത്.
അതിന് ശേഷം ആനന്ദം എന്ന സിനിമ വന്നു. മമ്മൂട്ടി സാര്‍ എന്റെ ചേട്ടനായാണ് ആ സിനിമയില്‍. ഒരുപാട് കോമ്പിനേഷന്‍ ഉണ്ട്. എനിക്കാണെങ്കില്‍ പഴയ ഓര്‍മയൊക്കെ കേറി വന്നു.
ആദ്യം ശ്രീവിദ്യ മേഡത്തിന്റെ ഷോട്ടാണ് എടുക്കുന്നത്. വേറെ ആര്‍ടിസ്റ്റുകളുമുണ്ട്. മുരളി ചേട്ടനും രംഭയും ദേവയാനിയുമൊക്കെയുണ്ട്. മമ്മൂട്ടി സാറുമായി ഒരു ഐസ് ബ്രേക്ക് വേണമെന്ന് എനിക്ക് തോന്നി. വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടല്ലോ, അതെങ്ങനെയാണ് എന്ന് ചോദിച്ചു. അദ്ദേഹം ഒന്നും പറഞ്ഞില്ല, ‘ഹാ’ എന്ന് വെച്ചു. ഞാന്‍ അത്രയും ചിന്തിച്ച് ഒരു ചോദ്യം ചോദിച്ചിട്ട് ഹാ എന്ന് മാത്രം പറഞ്ഞു.
അടുത്തത് എന്ത് ചോദിക്കും എന്നാലോച്ചിരിക്കുമ്പോള്‍ അദ്ദേഹം ഗാഡ്‌ജെറ്റുകള്‍ പരിശോധിക്കുന്നത് കണ്ടു. ഞാനും ഗാഡ്‌ജെറ്റുകളില്‍ ഒരുപാട് താല്‍പര്യം ഉള്ള ആളാണ്. അതില്‍ ഞങ്ങള്‍ കണക്ടായി. അപ്പോള്‍ ഷൂട്ടും എളുപ്പത്തിലായി. ഇല്ലെങ്കില്‍ തോളില്‍ ഒന്ന് കൈ വെക്കാന്‍ പോലും മടിയുണ്ടാവും. അങ്ങനെയുണ്ടായാല്‍ സിനിമയില്‍ അത് പെട്ടെന്ന് തിരിച്ചറിയും. ക്യാമറ എല്ലാം പിടിച്ചെടുക്കാം. പക്ഷേ ആ റൂട്ടില്‍ പോയത് കൊണ്ട് ഞങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായി. പിന്നെ രാവിലെ അദ്ദേഹത്തെ പോയി ഞാന്‍ വിളിക്കാന്‍ തുടങ്ങി. ഒരുമിച്ച് ചായ കുടിക്കാനും, മസ്ജിദില്‍ പോവാനും തുടങ്ങി,’ അബ്ബാസ് പറഞ്ഞു.
Content Highlight: Actor Abbas shares his experiences with Mammootty