| Saturday, 2nd January 2016, 11:29 am

അനീബിനെ വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചുംബനത്തെരുവ് പ്രതിഷേധ പരിപാടിയ്ക്കിടെ അറസ്റ്റിലായ തേജസ് ലേഖകന്‍ പി. അനീബിനെ വിട്ടയക്കണമെന്ന് സാംസ്‌കാരിക, മാധ്യമപ്രവര്‍ത്തകര്‍. തേജസ് പത്രത്തിന്റെ കോഴിക്കോട് ലേഖകനായ അനീബ് പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയപ്പോഴായിരുന്നു അറസ്റ്റിലായത്.

പ്രതിഷേധ പരിപാടിയ്ക്കിടെ പോലീസിനെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് അനീബിനെ അറസ്റ്റു ചെയ്തത്. 332ാം വകുപ്പുപ്രകാരം അനീബിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ അനീബിനെ കോഴിക്കോട് സബ് ജയിലില്‍ റിമാന്റ് ചെയ്തു.

മഫ്തിയിലെത്തിയ പോലീസ് സ്ത്രീകളെ ആക്രമിക്കുന്നതു കണ്ടാണ് അനീബ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നാണ് സംസ്‌കാരിക പ്രവര്‍ത്തര്‍ പറയുന്നത്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെ ഒതുക്കാനും നിശബ്ദരാക്കാനുമുള്ള പോലീസിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആരോപിക്കുന്നു.

മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് മനസ്സിലാക്കി അനീബിനെ നിരുപാധികം വിട്ടയക്കണം. മനീഷാ സേത്തി, വെങ്കിടേശ് രാമകൃഷ്ണന്‍, കെ.ജി ശങ്കരപ്പിള്ള, എ.കെ രാമകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, ടി.ടി ശ്രീകുമാര്‍, കെ.എം വേണുഗോപാല്‍, ഐ.ഗോപിനാഥ്, ഗോപാല്‍ മേനോന്‍, എം.എച്ച് ഇല്യാസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

അറസ്റ്റിലായ തന്നെ പോലീസ് മര്‍ദ്ദിച്ചെന്ന് അനീബ് പറഞ്ഞു. തന്നെയും കുടുംബത്തേയും ശരിയാക്കുമെന്ന് എസിപി ഭീഷണിപ്പെടുത്തിയതായും അനീബ് ആരോപിക്കുന്നു.

പരിപാടി റിപോര്‍ട്ട് ചെയ്യാന്‍ അനീബ് സമര വേദിയില്‍ എത്തുമ്പോള്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ഭിന്നശേഷിക്കാരനും കവിയുമായ അജിത് എം പച്ചനാടിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടയാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഞാറ്റുവേല പ്രവര്‍ത്തകരെ ഹനുമാന്‍ സേനക്കാരും മഫ്ടി പോലിസും കൈയേറ്റം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ അറസ്റ്റുചെയ്തതെന്നാണ് അനീബ് ആരോപിക്കുന്നത്.

ഞാറ്റുവേല പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് പോലിസ് ഉദ്യോഗസ്ഥനാണ് എന്ന് അറിയാതെയാണ് തടയാനെത്തിയത്. ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കൊപ്പം സ്റ്റേഷനിലെത്തിച്ച തന്നെ പോലിസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തന്നേയും നവ മാധ്യമ പ്രവര്‍ത്തകരായ വിജിത്ത്, ശരത് എന്നിവരേയും സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിക്കുമ്പോള്‍ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കേരള പോലിസ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് മര്‍ദ്ദിക്കുന്നവരെ പ്രോല്‍സാഹിപ്പിച്ചതായും അനീബ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more